ജില്ല സഹകരണ ബാങ്കുകളിൽ അഡ്​മിനിസ്​ട്രേറ്റർ ഭരണം തുടരുന്നത്​ നിയമം വെല്ലുവിളിച്ചെന്ന്​

തൃശൂർ: ജില്ല സഹകരണ ബാങ്കുകളിൽ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം തുടരുന്നത് നിയമം വെല്ലുവിളിച്ചാണെന്ന് ആൾ കേരള ജില്ല സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ശൂരനാട് രാജശേഖരന്‍ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. നിയമം അനുസരിച്ച് ആറ് മാസമേ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം നടത്താനാവൂ. എന്നാൽ, ഒന്നര വര്‍ഷമായി ബാങ്കുകൾ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലാണ് -അദ്ദേഹം കുറ്റപ്പെടുത്തി. കേരള ബാങ്ക് രൂപവത്കരണത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിനായാണിത്. ജനകീയ ഭരണസമിതികളാണെങ്കിൽ കേരള ബാങ്ക് രൂപവത്കരണം നടക്കില്ല. രാഷ്ട്രീയ താൽപര്യം സംരക്ഷിക്കുന്ന തീരുമാനങ്ങളാണ് അഡ്മിനിസ്‌ട്രേറ്റര്‍മാർ നടപ്പിലാക്കുന്നത്. ജീവനക്കാരെ ദ്രോഹിക്കുകയും അവകാശങ്ങൾ കവരുകയുമാണിപ്പോൾ. ജില്ല ബാങ്കിൽ മുന്‍ ഭരണസമിതിയുടെ കാലത്ത് നിയമിച്ച 18 പാര്‍ട്ട്ടൈം സ്വീപ്പര്‍മാരെ അടുത്തിടെ സർവിസില്‍നിന്ന് പിരിച്ചുവിട്ടത് ഉദാഹരണമാണ്. മാനദണ്ഡങ്ങള്‍ പാലിക്കാതെ വനിത ജീവനക്കാരെ ഉള്‍പ്പെടെ സ്ഥലം മാറ്റി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂൺ 19ന് ആൾ കേരള ജില്ല സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജില്ല സഹകരണ ജോയൻറ് രജിസ്ട്രാറുടെ ഓഫിസിന് മുമ്പില്‍ ധർണയും ഉപവാസവും നടത്തും. രാവിലെ പത്തിന് സംസ്ഥാന പ്രസിഡൻറ് ഉദ്ഘാടനം ചെയ്യും. 22ന് സെക്രേട്ടറിയറ്റിനു മുന്നിൽ ഉപവാസം നടത്തും. ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. 25ന് സഹകരണ മന്ത്രിയുടെ ഒൗദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തില്‍ ജില്ല വൈസ് പ്രസിഡൻറുമാരായ ആര്‍. രവികുമാർ, എന്‍.എ. സാബു, ജനറല്‍ സെക്രട്ടറി സാജന്‍ സി. ജോർജ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.