ചരക്കിറക്കാതെ കയറ്റിറക്ക്​ തൊഴിലാളികളുടെ പ്രതിഷേധം

തൃശൂർ: കൂലിവർധന നടപ്പാക്കാത്തതിൽ കയറ്റിറക്ക് തൊഴിലാളികൾ ചരക്കിറക്കാതെ പ്രതിഷേധിച്ചു. ചരക്കിറക്കം തടസ്സപ്പെട്ടത് വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കിയെന്ന് ആരോപിച്ച് തൊഴിലാളികളുടെ സേവനം ബഹിഷ്കരിക്കാൻ വ്യാപാരി സംഘടനകൾ തീരുമാനിച്ചു. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലും കൂലിവർധന തീരുമാനത്തിലെത്തിയിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു ചരക്കിറക്ക് ബഹിഷ്കരിച്ച് തൊഴിലാളികളുടെ പ്രതിഷേധം. തൃശൂരിൽ ആറാം നമ്പർ പൂളിൽ ദിവസം മുഴുവനും നഗരത്തിൽ ഉച്ചവരെയും തൊഴിലാളികൾ ജോലിക്കിറങ്ങിയില്ല . തൊഴിലാളികൾ മനപ്പൂർവം വരുത്തിയ നഷ്ടമാണെന്നും തൊഴിലാളികളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും തിങ്കളാഴ്ചയും തൊഴിലാളികൾ കയറ്റിറക്ക് നടത്തുന്നില്ലെങ്കിൽ മുഴുവൻ മേഖലകളിലും അവരുടെ സേവനം വിനിയോഗിക്കില്ലെന്നും വ്യാപാരികളുടെ അടിയന്തര യോഗം മുന്നറിയിപ്പ് നൽകി. കൂലി വർധന സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതരിൽനിന്ന് ഉത്തരവുണ്ടാകുന്നത് വരെ നിലവിലുള്ള കൂലി നിരക്ക് മാത്രമെ നൽകൂ. ഇതര സ്ഥലങ്ങളെ അപേക്ഷിച്ച് തൃശൂരിൽ നിലവിലുള്ള കൂലി നിരക്ക് ഭീമമാണ്. വ്യാപാരമേഖല മാന്ദ്യം നേരിടുന്ന സാഹചര്യത്തിൽ കൂലി വർധന ദോഷകരമായി ബാധിക്കുമെന്നും കൂലി വർധന നിരുൽസാഹപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ചേംബർ വൈസ് പ്രസിഡൻറ് ടി.ആർ. വിജയകുമാർ അധ്യക്ഷത വഹിച്ചു. പി.കെ.സുബ്രഹ്മണ്യൻ, സി.സി.ജോർജ്, ജോൺ ചിറ്റിലപ്പിള്ളി, ജിജി ജോർജ്, ആൻഡ്രൂസ് മഞ്ഞില, ജോർജ് കുറ്റിച്ചാക്കു, എൻ.ഐ.വർഗീസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.