തൃശൂര്‍: ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ പ്രധാന ഡ്യൂട്ടി ഔദ്യോഗിക സംവിധാനം ദുരുപയോഗപ്പെടുത്തി ഗുരുവായൂർ ദർശനത്തിനെത്തുന്ന ഉയർന്ന പൊലീസ് ഓഫിസര്‍മാര്‍ക്കും അവരുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് സൗകര്യമൊരുക്കൽ! ഇതില്‍ വീഴ്ച വന്നാൽ സ്ഥലംമാറ്റം അടക്കമുള്ള ശിക്ഷ ഉറപ്പ്. ഏമാെൻറ ബന്ധുവിന് ക്ഷേത്രത്തിലേക്ക് എസ്‌കോര്‍ട്ടിന് പൊലീസുകാരനെ അയക്കാത്തതിന് ഈ അടുത്താണ് ഒരു സീനിയര്‍ സി.പി.ഒയെ പാവറട്ടി സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. പൊലീസിലെ ദാസ്യവേലയുടെ വ്യത്യസ്തമായ പതിപ്പാണ് ഗുരുവായൂരിലേതെന്ന് ജില്ലയിലെ ഒരു പൊലീസ് അസോസിയേഷൻ ഭാരവാഹി വെളിപ്പെടുത്തി. ഔദ്യോഗിക സന്ദര്‍ശനമെന്ന മറവില്‍ എല്ലാ വ്യാഴാഴ്ചയും മുടങ്ങാതെ ദര്‍ശനത്തിനെത്തുന്ന ഓഫിസര്‍മാരുണ്ട്. ഇവര്‍ വന്നുപോകുന്നതു വരെ അസി.കമീഷണർ അടക്കമുള്ള പൊലീസുകാര്‍ ശ്രീവത്സം െഗസ്റ്റ് ഹൗസില്‍ കാത്തുനില്‍ക്കണം. ബന്ധുക്കളാണെങ്കിൽ സർക്കാറിെൻറ സർവസന്നാഹങ്ങളും ഉപയോഗിച്ചാണ് ക്ഷേത്ര ദർശനത്തിന് എത്തുന്നത്. നക്ഷത്രം പതിച്ച ഔദ്യോഗിക കാറിൽ എത്തുന്ന ഇവരുടെ താമസസൗകര്യവും ദര്‍ശനസൗകര്യവും ടെമ്പിൾ സ്റ്റേഷനിലെ പൊലീസുകാര്‍ ഒരുക്കണം. പാൻറ്സ് ധരിച്ചെത്തുന്നവര്‍ക്ക് ആചാര പ്രകാരം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആവശ്യമായ മുണ്ട് കരുതിവെക്കേണ്ടതും ടെമ്പിൾ പൊലീസിെൻറ ബാധ്യതയാണ്. ഇവർക്കൊപ്പം മൂന്ന് പൊലീസുകാരെയെങ്കിലും വിട്ടുകൊടുക്കുകയും വേണം. ക്ഷേത്രത്തില്‍നിന്ന് 'ബന്ധുക്കള്‍' മടങ്ങുമ്പോള്‍ പ്രസാദക്കിറ്റും മറ്റും ചുമന്ന് നടക്കേണ്ടത് പൊലീസുകാരുടെ ജോലിയിൽപെടും. ഇവര്‍ ക്ഷേത്രത്തില്‍ കടക്കുമ്പോള്‍ പുറത്തുവെക്കുന്ന ബാഗും മൊബൈല്‍ ഫോണുമൊക്കെ കാത്തുസൂക്ഷിക്കേണ്ടതും പൊലീസാണ്. ഏമാെൻറ ഭാര്യക്ക് അനിഷ്ടം തോന്നിയപ്പോള്‍ കടുത്ത ശകാരം കേള്‍ക്കേണ്ടി വന്നവർ ടെമ്പിൾ സ്റ്റേഷനിലുണ്ട്. ബന്ധുക്കള്‍ക്ക് പുറമെ, ഏമാന്‍ വിളിച്ച് പറഞ്ഞാൽ സുഹൃത്തുക്കള്‍ക്കും ദര്‍ശന സൗകര്യം ഒരുക്കണം. 'സുഹൃത്തുക്കൾ' പലരും ബിസിനസ് രംഗത്തെ കേമന്മാരാണ്. ബിസിനസുകാർക്ക് 'വരി തെറ്റിച്ച്' ക്ഷേത്രത്തിൽ കയറാൻ മറ്റ് ബന്ധങ്ങൾ ഉണ്ടാവാമെങ്കിലും പൊലീസ് ഒരുക്കുന്ന സന്നാഹത്തിൽ രാജകീയമായി ഭഗവാനെ കാണാൻ എത്തുന്നതിലാണ് ഇവരുടെ ഹരം. ഇവരുടെ അതൃപ്തിയും ഗുരുവായൂരിലെ പൊലീസ് സഹിക്കണം. പല ഉന്നതര്‍ക്കും ഗുരുവായൂരില്‍ സ്ഥിരം 'കുറ്റി'കളുണ്ട്. ഇവര്‍ വഴിയാണ് പലപ്പോഴും മേലാധികാരികളുടെ വരവ് പൊലീസ് അറിയുക. ഗുരുവായൂരില്‍നിന്ന് പ്രസാദം ഉന്നതര്‍ക്ക് എത്തിച്ച് കൊടുക്കുന്നത് ഈ കുറ്റികളുടെ ജോലിയാണ്. പൊലീസിെൻറ അടിയന്തര സ്വഭാവമുള്ള രേഖകള്‍ കൈമാറാൻ ഉപയോഗിക്കുന്ന റെയില്‍വേ കൊറിയര്‍ സര്‍വിസ് വഴി കളഭവും തൃമധുരവും പോലുള്ള പ്രസാദം അയക്കുന്നതിനാല്‍ രേഖകള്‍ പലതും നനഞ്ഞും കേടുവന്നുമാണത്രേ ലക്ഷ്യസ്ഥലത്ത് എത്തുന്നത്. സ്വന്തം സഹോദരന് ശബരിമലയില്‍ ദര്‍ശന സൗകര്യത്തിന് ഒരു പൊലീസുകാരനെ 'കൂട്ടിനു വിട്ട' ഉന്നതൻ ഗുരുവായൂര്‍ പൊലീസില്‍തന്നെയുണ്ട്. വിരമിച്ച ഏമാന്മാർ കാണിച്ചുകൂട്ടുന്നതിന് കണക്കില്ല. താമസിച്ച ലോഡ്ജില്‍ പണം നല്‍കാതെ പോകുന്നവരും മുന്തിയ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച് പൊലീസുകാരോട് ബിൽ അടക്കാൻ പറയുന്നവരും ഉണ്ടെന്ന് അസോസിയേഷൻ ഭാരവാഹി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.