തൃശൂർ: രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് അർഹതപ്പെട്ടതാണെന്ന് പാർട്ടി ഉന്നതാധികാര സമിതിയംഗവും മുൻ സർക്കാർ ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടൻ. നിലവിൽ യു.ഡി.എഫിന് കേരളത്തിൽനിന്ന് മൂന്ന് രാജ്യസഭാംഗങ്ങളാണുള്ളത്. ഇതിൽ രണ്ട് പേർ കോൺഗ്രസിൽനിന്നും മൂന്നാമത്തെയാൾ മുസ്ലിം ലീഗിൽനിന്നുമാണ്. കാലാവധി പൂർത്തിയാക്കുന്നവരിൽ ഒരാൾ കേരള കോൺഗ്രസുകാരനാണ്. തെരഞ്ഞെടുപ്പിൽ ഒരാളെ ജയിപ്പിക്കാനുള്ള അംഗബലമാണ് യു.ഡി.എഫിനുള്ളത്. ഇതോടെ രാജ്യസഭയിൽ യു.ഡി.എഫിലെ അംഗങ്ങൾ നാലാകും. ഘടകകക്ഷികളിൽ മുഖ്യകക്ഷികളിലൊന്നായ കേരള കോൺഗ്രസിെൻറ പ്രതിനിധി ഒഴിയുന്ന സ്ഥാനത്ത് അതേ കക്ഷിയിൽപ്പെട്ടയാൾ ഉണ്ടാകുക എന്നത് നീതിയുക്തമാണ്. അല്ലെങ്കിൽ നാലു പേരിൽ മൂന്ന് കോൺഗ്രസും ഒന്ന് ലീഗുമാവുകയും കേരള കോൺഗ്രസിന് പ്രാതിനിധ്യം ഇല്ലാതാവുകയും ചെയ്യും. ഇത് നീതിയുക്തമെല്ലന്ന് വിമർശകർ മനസ്സിലാക്കണമെന്ന് ഉണ്ണിയാടൻ പ്രസ്താവനയിൽ പറഞ്ഞു. 1991 മുതൽ 2012 വരെയുള്ള 20 വർഷ കാലയളവിൽ ഒന്നര വർഷം മാത്രമാണ് കേരള കോൺഗ്രസിന് രാജ്യസഭാംഗത്വം ലഭിച്ചത്. തുടർന്ന് വന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ജയിക്കാമായിരുന്ന മൂന്ന് സീറ്റിൽ കേരള കോൺഗ്രസിെൻറ സീറ്റും ഉണ്ടായിരുന്നിട്ടും മുതിർന്ന കോൺഗ്രസ് നേതാക്കളായ എ.കെ. ആൻറണി, വയലാർ രവി, പി.ജെ. കുര്യൻ എന്നിവർക്കുവേണ്ടി മാറി കൊടുക്കുകയായിരുന്നു. നിലവിൽ നിയമസഭയിൽ കോൺഗ്രസിന് 22 അംഗങ്ങളാണുള്ളത്. മറ്റു ഘടകകക്ഷികൾ ചേർന്നാൽ 25 അംഗങ്ങളാണുള്ളതെന്നിരിക്കെ ഘടകകക്ഷികളുടെ ആവശ്യം കോൺഗ്രസ് അംഗീകരിച്ചത് തികച്ചും ന്യായമാണ്. 1971ലും '84ലും ലോക്സഭയിൽ കേരള കോൺഗ്രസിന് മൂന്ന് സീറ്റും പിന്നീട് രണ്ട് സീറ്റുമാണ് ഉണ്ടായിരുന്നത്. കേന്ദ്രത്തിൽ കോൺഗ്രസ് അംഗങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് കേരള കോൺഗ്രസ് ഒരു സീറ്റിലേക്ക് ഒതുങ്ങിയത്. അത് മുന്നണിക്ക് വേണ്ടിയുള്ള വിട്ടുവീഴ്ചയായിരുന്നു. യു.ഡി.എഫിെൻറ കെട്ടുറപ്പിനായി പല സമയത്തും എല്ലാ ഘടകകക്ഷികളും വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്നും വിമർശകർ ഓർക്കണം -ഉണ്ണിയാടൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.