ഒരുകാലത്ത് ഇരിങ്ങാലക്കുടയിലെ വമ്പന്മാരായിരുന്നു റാവുത്തന്മാർ(തമിഴ് സംസാരിക്കുന്ന ഹനഫി മുസ്ലിംകൾ). ഇരിങ്ങാലക്കുട കുന്നുംപുറം(കോളജ് റോഡ് ജങ്ഷൻ), ആസാദ് റോഡ് (ഇൗ റോഡ് സംഗമിക്കുന്ന സ്ഥലം പണ്ട് ഉൗളക്കാട് എന്നാണ് അറിയപ്പെട്ടത്), കാട്ടുങ്ങച്ചിറ എന്നിവിടങ്ങളിലാണ് റാവുത്തർ കുടുംബങ്ങൾ ഏറ്റവുമധികം താമസിച്ചിരുന്നത്. ഇതിൽ 'റാവുത്തപ്പുലികളു'ടെ കേന്ദ്രമായിരുന്ന കുന്നുംപുറം ഇന്ന് ഏതാണ്ട് ശൂന്യമാണ്. ഇവിടത്തെ കുടുംബങ്ങൾ പല ഭാഗങ്ങളിലായി. കുന്നുംപുറം ഇന്ന് വ്യാപാര മേഖലയായി മാറുകയും ചെയ്തു. ടൗൺ കുന്നുംപുറത്തേക്ക് വികസിച്ചു എന്ന് പറയുന്നതാകും ശരി. ആസാദ് റോഡിലും കാട്ടുങ്ങച്ചിറയിലും ഇപ്പോഴും റാവുത്തർ കുടുംബങ്ങൾ ധാരാളമുണ്ട്. കുന്നുംപുറത്തിെൻറ മുഖമുദ്രയായിരുന്നു മാച്ച റാവുത്തരുടെ(അബ്ദുൽ ഖാദർ) ചായക്കട. സാധാരണ ചായക്കടകളെപ്പോലെയുള്ള നാട്ടുകാരുടെ സംഗമ കേന്ദ്രം മാത്രമായിരുന്നില്ല അത്. രാവിലെ 10നുശേഷവും ഉച്ചതിരിഞ്ഞ് മൂന്നിനും മാച്ച റാവുത്തരുടെ ഭാര്യ ആസറ ബീവി ഉണ്ടാക്കുന്ന ഉണ്ടംപൊരിയുടെയും പരിപ്പുവടയുടെയും മണവും സ്വാദും ആളുകളെ കാന്തംപോലെ ആകർഷിച്ചു. ആസാദ് റോഡ് തുടങ്ങുന്നിടത്തെ പഴയ കെട്ടിടത്തിൽ റസാക്കണ്ണെൻറ ചായക്കടയും ഉണ്ടായിരുന്നെങ്കിലും മാച്ച റാവുത്തരുടെ ചായക്കടക്കായിരുന്നു ഡിമാൻറ്. ഇൗ കെട്ടിടത്തിൽ ഗോപ്യേട്ടെൻറ ബാർബർ ഷോപ്പും(തമിഴ് സംസാരിച്ചിരുന്നതിനാലും അടുത്ത സുഹൃത്തുക്കൾ റാവുത്തന്മാർ ആയിരുന്നതിനാലും ഇദ്ദേഹത്തെ ആളുകൾ റാവുത്തൻ ഗോപി എന്ന് വിളിച്ചിരുന്നു). ഇൗ കെട്ടിടത്തിെൻറ മുകളിൽ അന്തോണ്യേട്ടെൻറ ഇസ്തിരിയിടുന്ന കടയും ഉണ്ടായിരുന്നു. ഇന്ന് ഇൗ കെട്ടിടമില്ല. മാച്ച റാവുത്തറുടെ ചായക്കടയും. ക്രൈസ്തവരും ഇൗഴവരും ചുരുക്കം നായന്മാരുമായിരുന്നു ഇൗ പ്രദേശങ്ങളിലെ മറ്റുള്ളവർ. ഇവരെല്ലാം ഇടപഴകിയും വളരെ സൗഹാർദത്തോടെയുമായിരുന്നു കഴിഞ്ഞിരുന്നത്. ആസാദ് റോഡിലായിരുന്നു ചന്ദ്രിക സോപ്പിെൻറ ഉടമയും എസ്.എൻ.ഡി.പി.യോഗം മുൻ പ്രസിഡൻറും എസ്.എൻ. ട്രസ്റ്റ് ഭാരവാഹിയുമായിരുന്ന കേശവൻ വൈദ്യർ താമസിച്ചിരുന്നത്. പ്രമുഖ ശ്രീനാരായണീയരായ ചെറാക്കുളം കുടുംബാംഗങ്ങളും കുന്നുംപുറത്തിന്നടുത്താണ് ഇപ്പോഴും താമസിക്കുന്നത്. പെരിയ തമ്പി റാവുത്തർ (പി.ടി.ആർ.), അടിമക്കുട്ടി റാവുത്തർ, മൊയ്തീൻ റാവുത്തർ, മുൻ കൗൺസിലർ അബ്ദുൽ ഖാദർ റാവുത്തർ, കെ.പി. ഷാഹുൽ റാവുത്തർ എന്നിവരായിരുന്നു കുന്നുംപുറത്തിലെ പ്രമുഖർ. ഇവരാരും ഇപ്പോഴില്ല. മറ്റൊരു പ്രമുഖനായിരുന്നു കരിപറമ്പിൽ ഖനി റാവുത്തർ. അറിയപ്പെട്ട തുകൽ വ്യാപാരിയായിരുന്നു. അദ്ദേഹത്തിെൻറ മൂത്ത മകൻ സ്വർണക്കാരൻ എന്ന് പലരും വിളിച്ചിരുന്ന പരേതനായ ഹാജി അബ്ദുൽ ഖാദറായിരുന്നു റാവുത്ത പ്രമുഖരിൽ കൂടുതൽ അറിയപ്പെട്ടിരുന്നത്. ഇരിങ്ങാലക്കുടയിലെ പ്രധാന കേന്ദ്രമായ ഠാണാവിൽ 'ഫാൻസി സ്റ്റോഴ്സ്'എന്ന പേരിൽ തുണിക്കടയും സ്വർണ കടയും നടത്തിയിരുന്നതിനാലാണ് അദ്ദേഹത്തെ ഇങ്ങനെ വിളിച്ചിരുന്നത്. ചിലർ അദ്ദേഹത്തെ 'ഫാൻസി'എന്നും വിളിച്ചു. എെൻറ നന്നത്തയായ(മാതൃപിതാവ്) അദ്ദേഹത്തിെൻറ കുടുംബത്തിൽ മക്കളും മറ്റു ബന്ധുക്കളും പേരക്കുട്ടികളുമടക്കം വിലയൊരു സംഘം തന്നെയുണ്ടായിരുന്നു. കരിപ്പറമ്പിൽ തറവാടായ 'ഖനി മൻസി'ലിലെ നാല് പതിറ്റാണ്ട് മുമ്പുള്ള നോമ്പനുഭവം ഗൃഹാതുരത്വത്തോടെയല്ലാതെ ഒാർക്കാനാവില്ല. അന്നത്തെ നോമ്പ് കാലം ഞങ്ങൾ കുട്ടികളെ സംബന്ധിച്ചിടത്തോളം ആഘോഷകാലമായിരുന്നു. വന്ദ്യ വയോധികയായ ദാദിമ്മയായിരുന്നു (അബ്ദുൽ ഖാദർ ഹാജിയുടെ മാതാവ്. തങ്ങളുടെ ഉമ്മൂമ്മയായിരുന്ന അവരെ അദ്ദേഹത്തിെൻറ മക്കളും പേരക്കുട്ടികളും ദാദിമ്മ എന്നാണ് വിളിച്ചിരുന്നത്.) അന്ന് എല്ലാറ്റിനും ചുക്കാൻ പിടിച്ചിരുന്നത്. പുലർച്ചെ 3.30 ഒാടെ പട്ടച്ചക്രത്തിെൻറ കടകട ശബ്ദത്തോടെ കടന്നു പോയിരുന്ന കാളവണ്ടിയായിരുന്നു സമയം അറിയിച്ചിരുന്ന 'അലാം'. കാളവണ്ടി ശബ്ദം കേട്ടാൽ ദാദിമ്മ ഉണരും. പിന്നെ വെപ്രാളത്തോടെ എല്ലാവരെയും വിളിച്ചുണർത്തും. മീൻ കറിയും മീൻ വറുത്തതുമൊക്കെയായി വിഭവ സമൃദ്ധമായ ഉൗണാണ് അത്താഴത്തിന്. തേങ്ങാപാലിൽ പാളയംേകാടൻ പഴം മുറിച്ചിട്ട് പഞ്ചസാര ചേർത്ത പാനീയമാണ് പ്രത്യേക വിഭവം. അത്താഴം കഴിച്ചുകഴിഞ്ഞാൽ മുതിർന്നവരും കുട്ടികളും ദാദിമ്മാടെ അടുത്തു വരും; 'നിയ്യത്ത്' ചെയ്യാൻ. വെളുവെളുത്ത, ചുളുങ്ങിയ മുഖമുള്ള സുന്ദരിയായിരുന്നു ദാദിമ്മ. കുട്ടികളുടെ പ്രിയ താരം. വായിൽ ഒറ്റ പല്ലുണ്ടായിരുന്നില്ല. അവർ പ്രായത്തിെൻറ ശബ്ദത്തിൽ നിയ്യത്ത് ചൊല്ലിത്തരും-നവയ്ത്തൂ, സോ മാ ദീ, അന്നദായേ...ഇന്ത റമദാൻ മാസത്തിലെ, ഫർദാന നോമ്പ്, നാൻ നോമ്പ് വെക്ക്റേ, നെയ്യത്ത് ചെയ്യറേ, കബൂലാക്കി താ അല്ലാഹ്-അവർ പറഞ്ഞു തരും. ഞങ്ങൾ കൂട്ടത്തോടെ ഏറ്റു പറയും. പിന്നെ ഒരു ഉറക്കമാണ്. ഉച്ചക്കേ എഴുന്നേൽക്കൂ. നോമ്പ് തുറക്കാൻ പരിസരത്തു നിന്ന് നിരവധി പേർ 'ഖനി മൻസലി'ൽ എത്തുമായിരുന്നു. വീട്ടുകാർക്കും പരിസരത്തുനിന്ന് എത്തുന്നവർക്കും ഇരിങ്ങാലക്കുട പള്ളിയിലേക്കുമായി ജീരക കഞ്ഞിയുണ്ടാക്കുമായിരുന്നു. രാത്രി അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യ സാറാ ബീവിയുടെ നേതൃത്വത്തിൽ നടക്കുന്ന രാത്രി നമസ്കാരമായ തറാവീഹിലും പരിസരത്തുനിന്ന് അടക്കം നിരവധി പേർ പെങ്കടുത്തു. ദിവസവും ആവേശപൂർവം അത്താഴം കഴിക്കുമെങ്കിലും കുട്ടികളുടെ നോമ്പ് ഉച്ചയോടെ അവസാനിക്കും. ചിലരുടെത് നാല് മണിക്ക് അപ്പുറം പോകില്ല. അതിന് പല കാരണങ്ങളും കണ്ടെത്തും. ഇതിനെ മുതിർന്നവർ ചട്ടി നോമ്പ് എന്ന് പറഞ്ഞ് കളിയാക്കിരുന്നു. കൃത്യമായി നോെമ്പടുക്കുന്നവർക്ക് വലിയ ഗമയാകും. 'ചട്ടി നോമ്പു'കാർക്കു നേരെ അവരുടെ ഒരു നോട്ടമുണ്ട്-കണ്ടോ എന്ന മട്ടിൽ. ഇരിങ്ങാലക്കുടയിലെ പെരുന്നാളും ആവേശകരമായ അനുഭവമാണ്. ഇരിങ്ങാലക്കുട ചന്തയിൽ ആട് മാംസം കച്ചവടം ചെയ്തിരുന്നവരിൽ ഭൂരിഭാഗവും മുസ്ലിംകളായിരുന്നു. ഇന്നും അതിൽ കാര്യമായ മാറ്റമില്ലെന്നാണ് ധാരണ. ബുധനാഴ്ചയും ശനിയാഴ്ചയുമായിരുന്നു ചന്ത ദിവസം. സാമാന്യം നല്ല കച്ചവടം കിട്ടുന്ന ദിവസങ്ങൾ. പക്ഷേ, ഇൗ ദിവസങ്ങളിൽ സംസ്ഥാനത്തൊട്ടാകെ പെരുന്നാൾ ആഘോഷിച്ചാലും ഇരിങ്ങാലക്കുടയിൽ പെരുന്നാൾ ഉണ്ടാകില്ല. പിറ്റേന്നായിരിക്കും. അതായത്, വ്യാഴാഴ്ചയോ ഞായറാഴ്ചയോ. ചന്ത ദിവസത്തിലെ കച്ചവടം ഇല്ലാതാക്കാൻ കച്ചവടക്കാർ തയാറായിരുന്നില്ല. പിറ്റേന്നായാൽ പെരുന്നാൾ കച്ചവടം കിട്ടുകയും ചെയ്യും. വേണ്ടത്ര അറിവില്ലായ്മയുടെ അന്നത്തെ കാലം. പക്ഷേ, ഇന്ന് ഇരിങ്ങാലക്കുട എത്രയോ മാറി. ആത്മീയമായും ഭൗതികമായും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.