വടക്കേക്കാട്: പള്ളികളിൽ കാരക്കച്ചീന്തും പച്ച വെള്ളവും കൊണ്ട് നോമ്പുതുറന്നിരുന്ന വറുതിയുടെ കാലം. മഗ്രിബ് നമസ്കാരം കഴിഞ്ഞാൽ പള്ളിയിലെ അന്തേവാസികളായ മൊയ്േല്യക്കന്മാർക്ക് സമീപ വീടുകളിലെ പത്തിരിയും മീൻ കറിയുമാണ് എന്നത്തേയും മുഖ്യ ഇനം. വീട്ടിലെ കോഴിയെ വല്ലപ്പോഴും അറുത്ത് കറി വെക്കുന്നത് കൂട്ടുകുടുംബത്തിലെ അംഗങ്ങൾക്കെല്ലാം അപൂർവമായി കിട്ടുന്ന ഭാഗ്യം. ബദ്രീങ്ങൾടെ ആണ്ടിന് (റമദാൻ 17ലെ ആണ്ട് നേർച്ച) പള്ളിയിൽനിന്ന് നെയ് ച്ചോറും പോത്തിറച്ചിയും കിട്ടും. മത്തോക്ക് (മരച്ചീനി) വെട്ടിയിട്ട് വെക്കുന്ന ഇറച്ചിക്കറിക്ക് ഒരൊന്നൊന്നര രൂചിയാ!. പിന്നെ ഇരുപത്തിയേഴാംരാവിനാണ് മിക്ക വീടുകളിലും പോത്തിറച്ചി വാങ്ങുക. സാമ്പത്തികമായി ദേദപ്പെട്ട വീടുകളിൽ അടുത്ത ബന്ധുക്കളേയും അയൽപക്കക്കാരേയും 'നോമ്പർപ്പിക്കും'(നോമ്പുതുറ സൽക്കാരത്തിെൻറ നാട്ടുനാമം). ഇതിന് പൊറോട്ടയും പോത്തിറച്ചിയും കട്ടായം. സമൂഹ നോമ്പുതുറ അന്നത്തെ അജണ്ടയിലെ അവസാന ഇനം പോലുമായിട്ടില്ല. തറാവീഹ് കഴിഞ്ഞാൽ ചീരോ കഞ്ഞി (ജീരകവും പുത്തിരിച്ചുണ്ടവേരും അരച്ചുണ്ടാക്കുന്നത് ) കുടിക്കും. പാതിരാവിലാണ് അത്താഴം. ചോറും മുളകു കറിയും പതിവു വിഭവം. അത്താഴത്തിെൻറ നേരമായെന്നറിയിക്കാൻ അറബനമുട്ടി നാടുചുറ്റിയിരുന്ന 'അത്താഴം മുട്ടു'കാരിൽ ആരെങ്കിലും ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ ആവോ?. ആബാലവൃദ്ധം ജനങ്ങളുടെ നെട്ടോട്ടത്തിെൻറ ദിനമാണ് ഇരുപത്തിയേഴാംരാവ്. സകാത്തെന്നല്ല പറയുക 'ഇരുപത്തേഴാം രാവിെൻറ കായി'വാങ്ങാൻ സുബ്ഹ് നമസ്കാരം കഴിഞ്ഞാൽ ഉടനെ ഇറങ്ങുകയായി. കോലായിൽ കേസരയിട്ടിരിക്കുന്ന ഇക്കാെൻറ മുമ്പിലേക്ക് നാണയത്തുട്ടുകൾക്കായി കൈ നീട്ടാൻ. സംഘടിത സകാത്ത് സംരംഭങ്ങൾ വ്യാപകമായ ഇക്കാലത്തും പഴയ ഈ സമ്പ്രദായം 'ചില്ലറ'മാറ്റത്തോടെ തുടരുന്നു. അതേസമയം, പ്രദേശത്തെ പല സമ്പന്നരും ഇപ്പോൾ സകാത്തും സ്വദഖയും അർഹരായവർക്ക് വീടുകളിൽ എത്തിച്ചു കൊടുക്കുന്നുണ്ട്. അരനൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്ന ഐ.പി. ബാപ്പുട്ടി മൗലവിയാണ് അന്നത്തെ വിശാലമായ കല്ലൂർ മഹല്ലിൽ ആദ്യമായി സകാത്ത് അവകാശികൾക്ക് നേരിട്ട് വിതരണം ചെയ്ത് മാതൃക കാട്ടിയത്. മലായയിൽ (മലേഷ്യ) വ്യാപാരികളായിരുന്ന സഹോദരന്മാർ അയക്കുന്ന സകാത്ത് വിഹിതം നേരത്തെ തയ്യാറാക്കിയ ലിസ്റ്റ് അനുസരിച്ച് വീടുകളിൽ എത്തിച്ചു കൊടുക്കുകയായിരുന്നു യാഥാസ്ഥികനായിരുന്ന മൗലവി. നായരങ്ങാടിയിലെ ആലു ഹാജിയുടേയും അന്തോണി മാപ്ലയുടെയും കടകളിലേക്കാണ് ഇന്നാട്ടുകാരുടെ പെരുന്നാളിെൻറ പുതുവസ്ത്രം തേടിയുള്ള പോക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.