തൃശൂർ: പുതിയ ജില്ല സെക്രട്ടറിയെ തീരുമാനിക്കാൻ സി.പി.എം ജില്ല കമ്മിറ്റി ഞായറാഴ്ച ചേരും. ജില്ല സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി.യു ജില്ല സെക്രട്ടറിയുമായ യു.പി. ജോസഫിനെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. അതേസമയം, സംസ്ഥാന കമ്മിറ്റിയംഗവും കർഷക തൊഴിലാളി യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എൻ.ആർ. ബാലൻ, മുൻ എം.എൽ.എ ബാബു എം. പാലിശേരി എന്നിവരുടെ പേരും ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. ജില്ലയിലെ ഒരു മുതിർന്ന നേതാവാണ് ഇവരെ പരിഗണിക്കണമെന്ന് നിർദേശിച്ചത്. മികച്ച സംഘാടകൻ എന്ന നിലയിലും മുന്നണിയിലെ ഇതര രാഷ്ട്രീയ പാർട്ടികളുമായുള്ള ബന്ധത്തിെൻറ പേരിലും യു.പി. ജോസഫ് എല്ലാവർക്കും സ്വീകാര്യനാണ്. ഇതനുസരിച്ചാണ് നേരത്തെ ധാരണയുണ്ടാക്കിയത്. ഇതിനിടക്കാണ് മറ്റ് രണ്ടുപേരുകൾ നിർദേശിക്കപ്പെട്ടത്. എന്നാൽ, കർഷക തൊഴിലാളി യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായ എൻ.ആർ. ബാലനെ പാർട്ടി ജില്ല സെക്രട്ടറിയാക്കി 'ചുരുക്കരുതെന്നും'ആരോപണങ്ങളും അച്ചടക്ക നടപടിയും നേരിട്ടവരെ സെക്രട്ടറിയാക്കരുതെന്നും മറുപക്ഷം ഉന്നയിക്കുന്നുണ്ട്. ആരെ സെക്രട്ടറിയാക്കണമെന്ന് നേതൃത്വം നിർദേശിക്കുകയും മറ്റ് പേരുകളുണ്ടെങ്കിൽ ചർച്ച ചെയ്യുകയുമാണ് രീതി. സെക്രട്ടേറിയറ്റ് ശിപാർശ ജില്ല കമ്മിറ്റിയിൽ അവതരിപ്പിച്ച് അംഗീകാരമാകുന്നതോടെ തീരുമാനമാകുന്നതാണ് കീഴ്വഴക്കം. ഒന്നിലധികം പേരുകൾ ഉയർന്ന സാഹചര്യത്തിൽ ചർച്ച നടക്കാനിടയുണ്ടെന്ന് നേതാക്കൾ പറയുന്നു. അങ്ങനെയെങ്കിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എം.എം. വർഗീസിെൻറ പേരും ഉയരാനിടയുണ്ട്. രാവിലെ 11ന് അഴീക്കോടൻ സ്മാരക മന്ദിരത്തിൽ ആദ്യം സെക്രട്ടേറിയറ്റും തുടർന്ന് ജില്ല കമ്മിറ്റിയും ചേരും. കെ. രാധാകൃഷ്ണൻ കേന്ദ്ര കമ്മിറ്റി അംഗമായ സാഹചര്യത്തിലാണ് പുതിയ ജില്ല സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്. ജില്ല കമ്മിറ്റിയിൽ കേന്ദ്ര, സംസ്ഥാന കമ്മിറ്റി യോഗങ്ങളുടെ റിപ്പോർട്ടിങ്ങും ജില്ല സെക്രട്ടറി തെരഞ്ഞെടുപ്പുമാണ് അജണ്ടയിലുള്ളത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.