തൃശൂർ: ജില്ലയിലെ നെൽകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൃഷിവകുപ്പ് മന്ത്രി ഇടപെടാതെ ഒഴിഞ്ഞു മാറുന്നത് അപലപനീയമാണെന്ന് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ. നെല്ല് സംഭരിക്കുന്ന മില്ലുടമകൾ നേരത്തെ ഉണ്ടാക്കിയ കരാറുകൾ ലംഘിക്കുകയാണ്, വായ്പയെടുത്ത് കൃഷി ചെയ്ത് കൊയ്ത്ത് കഴിയുമ്പോൾ നെല്ല് ചാക്കിലാക്കുന്നതിനും വണ്ടിയിൽ കയറ്റുന്നതിനുമെല്ലാം സപ്ലൈകോയും മില്ലുടമകളും തമ്മിൽ കൃത്യമായ വ്യവസ്ഥയുണ്ടാക്കിയിട്ടുണ്ട്. ആ വ്യവസ്ഥകൾ മില്ലുടമകൾ പാലിക്കുന്നില്ല. കൃഷിവകുപ്പ്, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിമാർ നോക്കുകുത്തികളായിരിക്കുന്നു. സ്വകാര്യ മില്ലുടമകളുമായി മന്ത്രിമാർ രഹസ്യ ധാരണയുണ്ടാക്കിയിട്ടുണ്ടോയെന്ന് കർഷകർ സംശയിച്ചാൽ തെറ്റ് പറയാൻ കഴിയില്ല. സംസ്ഥാനത്തെ പ്രധാന നെൽകൃഷി പ്രദേശങ്ങളിലൊന്നാണ് ജില്ല. ജില്ലയിലെ 30,000 ഏക്കർ കോൾ നിലം കൃഷി ചെയ്യാതെ തരിശിടുന്നതിന് കർഷകർ നിർബന്ധിതരാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് വളരെ ഗൗരവമായി കാണണം. ഭക്ഷ്യസുരക്ഷക്ക് വേണ്ടി പൊതുസമൂഹത്തിെൻറ പിന്തുണയോടെ എല്ലാ ശ്രമങ്ങളും നടത്തുന്ന സന്ദർഭത്തിലാണ് കൃഷിമന്ത്രിയുടെ സ്വന്തം ജില്ലയിൽ പ്രയാസകരമായ സാഹചര്യം ഉണ്ടായിരിക്കുന്നത്. കൃഷിവകുപ്പ് മന്ത്രി അനാസ്ഥ അവസാനിപ്പിക്കണമെന്നും, ശക്തമായ കർഷക പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്നും പ്രതാപൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.