തൃശൂർ: അഞ്ചു വർഷത്തെ യു.ഡി.എഫ് ഭരണത്തിൽ കോർപറേഷനിൽ നടന്നത് 52 കോടിയുടെ വികസനമാണെങ്കിൽ ഇടത് ഭരണസമിതി രണ്ടു വർഷംകൊണ്ട് നടപ്പാക്കിയത് 88 കോടിയുടെ വികസനമെന്ന് ഭരണപക്ഷം. നഗരം നാറുകയാണെന്നും ഇരുട്ടിലാണെന്നും കുട്ടയിൽ മാലിന്യവും റാന്തലുമായെത്തിയ പ്രതിപക്ഷം. ഭരണപക്ഷത്തിെൻറ തെറ്റായ വികസന അജണ്ടയിൽ കലഹിച്ചും ബി.ജെ.പി. ഭരണപക്ഷത്തിെൻറ വികസന ചർച്ചയും കോൺഗ്രസിെൻറ മാലിന്യ പ്രതിഷേധവും തമ്മിലുള്ള കൊമ്പു കോർക്കലായിരുന്നു കൗൺസിലിൽ. ചർച്ചക്ക് കഴിയാത്തതുകൊണ്ടാണ് സമരമെന്ന് ഭരണപക്ഷ പരിഹാസം. യു.ഡി.എഫ് ഭരണസമിതിയുടെ അഞ്ചു വർഷവും ഇപ്പോഴത്തെ ഭരണസമിതിയുടെ രണ്ടര വർഷവും തമ്മിലുള്ള താരതമ്യ ചർച്ചക്ക് ഭരണപക്ഷം മാത്രം രണ്ട് മണിക്കൂർ െചലവിട്ടപ്പോൾ, രണ്ട് മിനിറ്റിൽ 46 അജണ്ടകളിൽ ചർച്ച പോലുമില്ലാതെ അംഗീകാരം നൽകി. മാലിന്യനീക്കം നിലച്ചതിനെ തുടർന്ന് നഗരത്തിൽ മാലിന്യത്താൽ നാറുന്നുവെന്നും തെരുവ് വിളക്കുകൾ കത്താത്തതിനാൽ ഇരുട്ടിലാണെന്നും ആരോപിച്ച് മാലിന്യക്കുട്ടയും തിരിയിട്ട് തെളിയിച്ച റാന്തലുമായിട്ടായിരുന്നു പ്രതിപക്ഷം സഭയിലെത്തിച്ചത്. കൗൺസിൽ തുടങ്ങും മുമ്പ് തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധമുയർത്തി. മാലിന്യപ്രശ്നവും തെരുവുവിളക്ക് കത്താത്തതും അജണ്ടയിൽ ചർച്ചക്കായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നിരിക്കെ സമരത്തെയും ഭരണപക്ഷം കളിയാക്കി. മാലിന്യവുമായെത്തിയത് ദുർഗന്ധമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി അംഗങ്ങൾ മാസ്ക് ധരിച്ച് ഏറെനേരം കൗൺസിൽ ഹാളിൽ ഇരുന്നുവെങ്കിലും ചർച്ചയിൽ പങ്കെടുക്കാനാവാത്തതിൽ പ്രതിഷേധിച്ച് പുറത്തിറങ്ങി കൗൺസിൽ ഹാളിന് പുറത്ത് മെഴുകുതിരി കത്തിച്ച് കുത്തിയിരുപ്പ് നടത്തി പ്രതിഷേധിച്ചു. ഡിവിഷൻ തലത്തിലെ കണക്കുകളുമായി ഭരണപക്ഷാംഗങ്ങൾ പ്രതിപക്ഷത്തിനുനേരെ രണ്ടു മണിക്കൂർ നേരം പരിഹാസവും ആരോപണവുമുയർത്തി ചർച്ച നയിച്ചപ്പോൾ 'നഗരം നാറുന്നു'വെന്ന മുദ്രാവാക്യത്തോെട പ്രതിപക്ഷം തിരിച്ചടിച്ചു. വികസന കണക്കുകൾ അവതരിപ്പിച്ചത് തെറ്റായിട്ടാണെന്നും നടത്താൻ പോകുന്ന കണക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര-സംസ്ഥാന-കോർപറേഷൻ വിഹിതങ്ങൾ ഇനം തിരിച്ചിട്ടില്ലെന്നും ബി.ജെ.പി അംഗങ്ങൾ ആരോപിച്ചു. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. അനൂപ് ഡേവീസ് കാട, അനൂപ് കരിപ്പാൽ, അഡ്വ. എ.എസ്. രാമദാസ്, സതീഷ് ചന്ദ്രൻ, ഗ്രീഷ്മ അജയഘോഷ്, രജനി വിജു, എം.എൽ. റോസി, അജിത വിജയൻ, ഇ.ഡി. ജോണി, സി.പി. പോളി, തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. കോൺഗ്രസ് സമരത്തിന് പ്രതിപക്ഷ കക്ഷി നേതാവ് അഡ്വ. എം.കെ. മുകുന്ദൻ, മുൻ മേയർ രാജൻ പല്ലൻ, ജോൺ ഡാനിയേൽ, എ. പ്രസാദ്, ടി.ആർ. സന്തോഷ്, ഫ്രാൻസീസ് ചാലിശ്ശേരി, സുബി ബാബു, വൽസല ബാബുരാജ് തുടങ്ങിയവരും ബി.ജെ.പി പ്രതിഷേധത്തിന് കെ. മഹേഷ്, പൂർണിമ സുരേഷ്, വിൻഷി അരുൺകുമാർ, ഐ. ലളിതാംബിക തുടങ്ങിയവരും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.