ഗുരുവായൂര്‍: ക്ഷേത്രത്തിൽ വിശേഷാവസരങ്ങളിൽ മാത്രം എഴുന്നള്ളിക്കുന്ന സ്വർണക്കോലം ഇനി ഭക്തർക്ക് എന്നും ദർശിക്കാം. ഏകാദശി, അഷ്ടമിരോഹിണി, ഉത്സവം എന്നീ വിശേഷങ്ങൾക്ക് മാത്രം എഴുന്നള്ളിക്കുന്ന കോലമാണ് നിത്യവും ദർശിക്കാൻ അവസരമൊരുക്കിയത്. ചുറ്റമ്പലത്തിൽ തെക്ക് പടിഞ്ഞാറെ മൂലയിൽ പ്രത്യേകം തയാറാക്കിയ മണ്ഡത്തിൽ ദിവസവും രാവിലെ എട്ടു മുതൽ സ്വർണക്കോലം വെക്കും. അമൂല്യ രത്നങ്ങളും വീരശൃഖലയും പതിച്ച് പത്ത് കിലോയിലധികം സ്വർണത്തിൽ തീർത്ത കോലം ക്ഷേത്രത്തിനുള്ളിലെ ഇരട്ട ലോക്കറിലാണ് സൂക്ഷിച്ചിരുന്നത്. കോലം ഭക്തർക്ക് നിത്യവും ദർശിക്കാനുള്ള സൗകര്യത്തിന് തുടക്കം കുറിച്ച് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് കോലത്തിനു മുന്നിൽ ദീപം തെളിച്ചു. ഭരണ സമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, ഉഴമലക്കൽ വേണുഗോപാൽ, കെ.കെ. രാമചന്ദ്രൻ, പി. ഗോപിനാഥ്, മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.