പരിസ്​ഥിതി സംരക്ഷണത്തിന്​ ഡോ. ലതയെന്നും അർഥമുണ്ടായിരുന്നു

തൃശൂർ: അതിരപ്പിള്ളിയിലെ നിർദിഷ്ട ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചോ, അതോ ഇപ്പോഴും സർക്കാറി​െൻറ പരിഗണനയിലുണ്ടോ? ഇപ്പോൾ ആരും അതിനെക്കുറിച്ച് പറയുന്നില്ല. പക്ഷേ, ഡോ. ലത അങ്ങനെയായിരുന്നില്ല. അവർ എേപ്പാഴും ആകുലയായിരുന്നു... അതിരപ്പിള്ളിയെച്ചൊല്ലി, ചാലക്കുടി പുഴയെച്ചൊല്ലി, കേരളത്തി​െൻറ പാരിസ്ഥിതിക സന്തുലനത്തെപ്പറ്റി. പരിസ്ഥിതിക്കും പുഴകൾക്കും വേണ്ടി ജീവിച്ച ഡോ. എ. ലത വിട പറഞ്ഞതിനു ശേഷമെത്തുന്ന ആദ്യ പരിസ്ഥിതി ദിനമാണ് ഇന്ന്. പരിസ്ഥിതി വാദികൾ കേരളത്തെ പിന്നാക്കമടിക്കുന്നുവെന്ന രാഷ്ട്രീയാക്ഷേപം ഉയർന്നപ്പോഴൊക്കെ വേദികളിൽ കയറിച്ചെന്നും കനപ്പെട്ട കുറിപ്പുകളിലൂടെയും ശാസ്ത്രം അപഗ്രഥിച്ച് നേരിട്ട പരിസ്ഥിതി പ്രവർത്തകയായിരുന്നു ലത. ലതയെ ഓർക്കാതെ പരിസ്ഥിതി ദിനത്തിന് കടന്നു പോവാനാവില്ല. അർബുദത്തിന് ചികിത്സയിലായിരുന്ന ലത കഴിഞ്ഞ നവംബർ 16നാണ് വിടവാങ്ങിയത്. വികസനത്തി​െൻറ പേരിൽ നഷ്ടമാവുമായിരുന്ന അതിരപ്പിള്ളിയുടെ മനോഹാരിത ഇന്നും കോട്ടമേൽക്കാതെ നിലനിൽക്കുന്നതിന് കേരളം ലതയോടും കടപ്പെട്ടിരിക്കുന്നു. ലത ചോദിച്ച ചോദ്യങ്ങൾ ഇപ്പോഴും പദ്ധതിയുടെ വക്താക്കളെ പിന്തുടർന്ന് അസ്വസ്ഥരാക്കുന്നുണ്ട്. മൂർച്ചയുള്ള വാക്കും തീർച്ചയുള്ള നിലപാടുമായിരുന്നു ലത. ഒരു ദിനത്തിൽ ഒതുങ്ങുന്നതായിരുന്നില്ല ലതക്ക് പരിസ്ഥിതി. അതൊരു പുഴ പോലെ ഒഴുകി, ചാലക്കുടിപ്പുഴയോരത്തുനിന്ന് കേരളത്തി​െൻറ നാനാ ദിക്കുകളിലേക്ക്. അവിടെനിന്ന് രാജ്യത്ത് വിവിധ പ്രദേശങ്ങളിലേക്ക്. ലതയുടെ രാഷ്ട്രീയം പരിസ്ഥിതിയുടെ രാഷ്ട്രീയമായിരുന്നു. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ നിയോഗിച്ച ഗാഡ്ഗില്‍ കമ്മിറ്റിയില്‍ ഡോ. ലതയെക്കുറിച്ചുള്ള പരാമര്‍ശം അവർ എത്രമേൽ പരിസ്ഥിതിയെ അറിയുന്നുവെന്ന് വ്യക്തമാക്കുന്നു. ഗാഡ്ഗിൽ കമ്മിറ്റി ഉണ്ടാവുന്നതിന് പിന്നിൽ ഡോ. ലത നേതൃത്വപരമായ പങ്ക് വഹിച്ചു. വിട്ടുവീഴ്ചക്ക് വേണ്ടി വാഗ്ദാനങ്ങളും ഭീഷണികളുമുണ്ടായിട്ടും വഴങ്ങിയില്ല. പരിസ്ഥിതി സ്നേഹിയായല്ല, സ്ത്രീകൾ പലയിടത്തും മാറ്റി നിർത്തപ്പെടുന്നുവെന്ന പരിമിതിയെയും ലത ഭേദിച്ചു. ലതയെപ്പോലുള്ളവരുടെ അഭാവം പാരിസ്ഥിതിക സംരക്ഷണത്തിനു മേൽ ആശങ്കയായി പടർന്നു കയറുന്നുവെന്ന പ്രത്യേകത കൂടി ഇത്തവണത്തെ പരിസ്ഥിതിദിനത്തിനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.