പ്ലാസ്​റ്റിക്​ മാലിന്യത്തിനെതിരെ ജനങ്ങളുമായി കൈകോര്‍ത്ത് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്

മണ്ണുത്തി: പ്ലാസ്റ്റിക് മാലിന്യത്തെ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന് ഭയമില്ല. ക്ലീന്‍ ആര്‍മിയെ രൂപവത്കരിച്ച് പ്ലാസ്റ്റിക്കിനെ തുരത്തുന്നതിൽ വിജയക്കൊടി പാറിച്ചിരിക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത്. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പ്പെടുന്ന നാല് പഞ്ചായത്തുകളിലെ ഓരോ വാര്‍ഡില്‍നിന്നും ഒരാൾ എന്ന നിലയില്‍ വളൻറിയർമാരെ തിരഞ്ഞെടുത്തു. പുറമെ കുടുംബശ്രീ, അയൽക്കൂട്ടം എന്നിവയുടെ സഹായവും ഉണ്ടായി. ഇത്തരത്തില്‍ തിരഞ്ഞെടുത്തവരെ ഉള്‍ക്കൊള്ളിച്ച് ബ്ലോക്ക് തലത്തില്‍ അപെക്‌സ് ബോഡി രൂപവത്കരിച്ചു. കലാകാരന്മാരെയും നാടകപ്രവർത്തകരെയും ഉൾപ്പെടുത്തി പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവത്കരണമായിരുന്നു അടുത്തഘട്ടം. മാസാവസാനത്തെ ഞായറാഴ്ചകളില്‍ അയൽക്കൂട്ടത്തിന് എത്തുമ്പോള്‍ വീട്ടിൽ അതുവരെയുള്ള പ്ലസ്റ്റിക് മാലിന്യം വൃത്തിയാക്കിക്കൊണ്ട് വരുന്നരീതി പ്രാവർത്തികമാക്കി. ഇത് വാർഡുതല ക്ലീന്‍ ആര്‍മി ശേഖരിച്ച് ബ്ലോക്ക് ശേഖരണകേന്ദ്രത്തിലേക്ക് മാറ്റുകയാണ് രീതി. ഇങ്ങനെ ശേഖരിച്ച പ്ലാസ്റ്റിക്പൊടി ഉപയോഗിച്ചാണ് ബ്ലോക്കിലെ 400 മീറ്റര്‍ റോഡ് ടാര്‍ചെയ്തത്. പദ്ധതി വിജയിച്ചതോടെ കഴിഞ്ഞ വര്‍ഷം 26 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. ആറ് ടണ്‍ പ്ലാസ്റ്റിക് സമീപത്തെ പഞ്ചായത്തുകളിലെ റോഡ് പണിക്ക് ഉപയോഗപ്പെടുത്തി. ഇതില്‍ നിന്നും 1,25,000 രൂപയുടെ വരുമാനം ഉണ്ടായി. കൂടാതെ യൂസര്‍ ഫീ ഇനത്തിലും 89,000 രൂപ ലഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.