മേത്തല: ചേരമാൻ ജുമാമസ്ജിദ് വളപ്പിൽ അറബികളുടെ ഇഷ്ട സുഗന്ധദ്രവ്യമായ ഊദിെൻറ വാസന പരക്കാൻ കളമൊരുങ്ങുന്നു. തങ്കത്തെക്കാൾ വിലയുള്ള ഊദ് മരം ഈ മണ്ണിൽ വേരൂന്നിക്കഴിഞ്ഞു. ഇതോടൊപ്പം ഒലീവ് മരവും, ചന്ദനവും ഇവിടെ വളരുന്നുണ്ട്. പള്ളിയുടെ കുളക്കരയിലാണ് വിലകൂടിയ ഊദ് മരം വളരുന്നത്. അഞ്ച് വർഷം മുമ്പ് നട്ട ഊദ് തൈ ഇന്ന് രണ്ടാൾ പൊക്കത്തിലേറെ വളർന്നു. ഒലീവിന് രണ്ട് വർഷമാണ് പ്രായം. 40 മീറ്ററോളം ഉയരത്തിൽ വളരുന്ന വന വൃക്ഷമാണ് ഊദ്. 16 ഇനങ്ങളുള്ളതിൽ ഏറ്റവും മികച്ച ഊദ് തൈലം ലഭിക്കുന്നത് അക്വിലേറിയ അഗലോയ്യ എന്ന ശാസ്ത്ര നാമമുള്ള ഇനത്തിൽ നിന്നാണ്. മരത്തിൽ നിന്നും ലഭിക്കുന്ന പ്രത്യേകതരം പശയാണ് സുഗന്ധദ്രവ്യമായി ഉപയോഗികുന്നത്. വടക്ക് - കിഴക്കൻ സംസ്ഥാനങ്ങൾ, ബംഗ്ലാദേശ്, കമ്പോഡിയ, മ്യാൻമർ, മലേഷ്യ, വിയറ്റ്നാം, ലാവോസ്, ഭൂട്ടാൻ, തായ്ലൻറ് എന്നീ രാജ്യങ്ങളിലാണ് സ്വാഭാവിക ആവാസവ്യവസ്ഥയിൽ ഊദ് മരങ്ങൾ കാണപ്പെടുന്നത്. പരിസ്ഥിതി സംരക്ഷണത്തിെൻറ ഭാഗമായാണ് മസ്ജിദ് കാമ്പസിൽ ജൈവ വൈവിധ്യങ്ങളുടെ ഉദ്യാനം തീർക്കുന്നതെന്ന് മഹല്ല് പ്രസിഡൻറ് ഡോ. പി.എ. മുഹമ്മദ് സഈദ് 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.