തൃശൂർ: മുൻവർഷം പകർച്ചവ്യാധി പിടിപെട്ട് നിരവധി ജീവൻ നഷ്ടപ്പെട്ടതിെൻറ പശ്ചാത്തലത്തിൽ ഇത്തവണ സർക്കാർ ജാഗ്രതയിലാണ്. മഴക്കാലമെത്തിയതോടെ നാട് വൃത്തിയാക്കാൻ കർശന നിർദേശമാണ് സർക്കാർ നൽകിയിരിക്കുന്നത്. എല്ലാ വർഷത്തേയും പോലെ പേരിനൊരു ശുചീകരണം നടത്തി മുങ്ങാൻ ഇത്തവണ അവസരം ലഭിക്കില്ല. നിപ വൈറസ് കൂടി സ്ഥിരീകരിച്ച സാഹചര്യത്തിൽ മറ്റ് പകർച്ചവ്യാധികളുടെ വ്യാപനം തടയിടാൻ കർശന മാർഗനിർദേശങ്ങളാണ് നഗരസഭകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നൽകിയിരിക്കുന്നത്. നഗരങ്ങളിലെ റോഡരികിൽ മാലിന്യക്കൂമ്പാരം പ്രത്യക്ഷപ്പെട്ടാൽ ഉത്തരവാദി ഇനിമുതൽ നഗരസഭ സെക്രട്ടറി ആയിരിക്കും. നഗരസഭകളിലെ ഓരോ വാർഡും സന്ദർശിച്ച് മാലിന്യക്കൂമ്പാരം ഇല്ലെന്ന് ഉറപ്പാക്കാനുള്ള ചുമതല സെക്രട്ടറിമാർക്കാണ്. പുലർച്ചെ 5.30 മുതൽ വൈകീട്ട് 7.30 വരെ ഓരോ വാർഡിലും മുന്നറിയിപ്പില്ലാതെ സെക്രട്ടറി സന്ദർശനം നടത്തണം. രോഗപ്രതിരോധ പ്രവർത്തനങ്ങളിലും മാലിന്യ ശുചീകരണ പ്രവർത്തനങ്ങളിലും വീഴ്ച വരുത്തുന്ന നഗരസഭ സെക്രട്ടറിമാർക്കെതിരെ കർശന നടപടി വരും. മൂന്നു മാസത്തേക്ക് നഗരസഭ പരിധിയിൽ തന്നെ സെക്രട്ടറിമാർ താമസിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ മാലിന്യ നിർമാർജനം കാര്യക്ഷമമാക്കാൻ കർശന നടപടികളാണ് നിർദേശിച്ചിട്ടുള്ളത്. ശുചീകരണ പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥന്മാരെയും തൊഴിലാളികളെയും മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ല. നഗരസഭകളിലെ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ ഡ്യൂട്ടി സമയങ്ങളിൽ നിർബന്ധമായും യൂനിഫോം ധരിക്കണം. പേരും തസ്തികയും വ്യക്തമായി രേഖപ്പെടുത്തിയ നെയിം ബാഡ്ജും ഉണ്ടാകണം. നിബന്ധന പാലിക്കാത്ത ആരോഗ്യവിഭാഗം ജീവനക്കാർക്കെതിരെ കർശനമായ അച്ചടക്ക നടപടിയെടുക്കും. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും നിയോഗിച്ചുള്ള ശുചിത്വ സ്ക്വാഡുകൾ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് കൊതുക് മുട്ടയിട്ട് പെരുകുവാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന എല്ലാ വസ്തുക്കളും നീക്കം ചെയ്യണം. ആൾതാമസമില്ലാത്തതും പരിസരം വൃത്തിഹീനമായി കാടുകയറി കിടക്കുന്ന പറമ്പുകൾ വൃത്തിയാക്കാൻ ഉടമകൾക്ക് വിവരം നൽകും. ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സ്ഥാപനങ്ങളുടെയും വീടുകളുടെയും വിവരങ്ങൾ പൊതുജനമധ്യത്തിൽ പ്രദർശിപ്പിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനായി മതമേലധ്യക്ഷന്മാർ, അമ്പല കമ്മിറ്റി അംഗങ്ങൾ, കരയോഗം, റോട്ടറി സംഘടന, വ്യാപാര വ്യവസായ സംഘടന, സ്വകാര്യ സ്ഥാപനങ്ങൾ, റസിഡൻറ്സ് അസോസിയേഷൻ എന്നിവയുടെ പ്രതിനിധികൾ അടങ്ങുന്ന യോഗം വിളിച്ച് ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങളിൽ പങ്കാളിത്തം ഉറപ്പു വരുത്തേണ്ട ചുമതല തദ്ദേശ സ്ഥാപന മേധാവികൾക്കാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ കൃത്യമായി പരിശോധിക്കണം. നഗരസഭകളിലെ ശുചീകരണ പ്രവർത്തനങ്ങളുടെ പുരോഗതി അതത് ദിവസം വെബ് പോർട്ടലിൽ അപ്ലോഡ് ചെയ്ത് വിവരം ഇ-മെയിൽ വഴി നഗരകാര്യ ഡയറക്ടർ, സെക്രട്ടറി, എക്സിക്യൂട്ടിവ് ഡയറക്ടർ എന്നിവരെ അറിയിക്കണം. മാലിന്യ നിർമാർജന യജ്ഞത്തിെൻറ ഭാഗമായി നഗരകാര്യ ഡയറക്ടറേറ്റിൽ മൂന്നു മാസത്തേക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഏർപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്. എല്ലാ വർഷത്തെയും പോലെ ശുചീകരണം ചടങ്ങിൽ ഒതുക്കാതിരിക്കാൻ കർശന മാർഗനിർദേശങ്ങളാണ് ഇത്തവണ നൽകിയിരിക്കുന്നത്. മഴക്കാലം ശക്തിപ്പെടും മുമ്പ് ശുചീകരണപ്രവർത്തനങ്ങൾ കാര്യക്ഷമമായാൽ പകർച്ചവ്യാധി ഭീഷണി ഒരു പരിധി വരെ തടഞ്ഞു നിർത്താൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.