തദ്ദേശീയർക്ക്​ പാരയായി പാലിയേക്കരയിൽ ഇലക്ട്രോണിക് ടോള്‍ പിരിവ്

ആമ്പല്ലൂര്‍: തദ്ദേശീയരായ വാഹനഉടമകൾക്ക് കനത്ത ആഘാതമാവുന്ന തരത്തിൽ പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇലക്ട്രോണിക് ടോള്‍ പിരിവ് ഏര്‍പ്പെടുത്തുന്നു. രാജ്യത്തെ ദേശീയപാതകളില്‍ വാഹനയാത്രയും ടോള്‍പിരിവും സുഗമമാക്കുന്നതിന് ടോള്‍പ്ലാസ സ​െൻററുകളില്‍ 'ഇൻറര്‍ ഓപ്പറബിള്‍ ഹൈബ്രിഡ് ഇലക്ട്രോണിക് ടോള്‍ കലക്ഷന്‍ എന്ന പുതിയ സമ്പ്രദായം വരുന്നതോടെ ഇപ്പോൾ പ്രാദേശിക വാഹനങ്ങള്‍ ഉപയോഗിക്കുന്ന സൗജന്യ പാസും പ്രതിമാസ പാസും ഫാസ്റ്റാഗ് സംവിധാനത്തിലേക്ക് മാറ്റാനാണ് നിർദേശം. ഫാസ്റ്റാഗ് വഴിയുള്ള ഇലക്ട്രോണിക് ടോള്‍പിരിവ് നടപ്പായാല്‍ നിലവില്‍ പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള സൗജന്യ യാത്രാപാസുള്ളവരും ടോള്‍പ്ലാസ കടക്കാന്‍ പണം നല്‍കേണ്ടിവരും. ഈ കാര്യം ദേശീയപാത അതോറിറ്റിയും ടോള്‍പിരിക്കുന്ന കരാര്‍ കമ്പനിയും ഒന്നരമാസം മുമ്പ് സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. പത്ത് കിലോമീറ്റര്‍ ചുറ്റളവിലെ പ്രാദേശിക വാഹനങ്ങള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനമാണ് വൈകുന്നത്. ദേശീയപാത അതോറിറ്റിയുടെ നിർദേശത്തിന് സംസ്ഥാന സര്‍ക്കാറി​െൻറ ഭാഗത്തുനിന്ന് ഇതുവരെ അനുകൂല പ്രതികരണമുണ്ടായിട്ടില്ല. നിലവില്‍ പ്രാദേശിക വാഹനങ്ങളുടെ ടോള്‍ നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. 2012ലെ തീരുമാനപ്രകാരം 43,000 സൗജന്യ പാസുകളാണ് ഇവിടെ അനുവദിച്ചത്. ഈയിനത്തില്‍ 2017 നവംബര്‍ വരെ 72.3 കോടി രൂപ സര്‍ക്കാര്‍ കരാര്‍ കമ്പനിക്ക് നല്‍കാനുണ്ട്. ഇതില്‍ 2014 ആഗസ്റ്റ് വരെയുള്ള 3.59 കോടി നല്‍കിയിട്ടുണ്ട്. ദേശീയപാത നിർമാണവും ടോള്‍പിരിവും ബി.ഒ.ടി കമ്പനിയെ ഏല്‍പിച്ചത് മുതല്‍ ശക്തമായ എതിര്‍പ്പും പ്രതിഷേധവും നാനാഭാഗത്തു നിന്നുമുണ്ടായിരുന്നു. ഇലക്ട്രോണിക് ടോള്‍പിരിവോ ഫാസ്റ്റാഗോ ഏര്‍പ്പെടുത്തിയാലും പ്രാദേശിക വാഹനങ്ങളുടെ സൗജന്യയാത്ര സര്‍ക്കാര്‍ ഉറപ്പാക്കണമെന്നാണ് പരിസരവാസികളുടെ ആവശ്യം. പാലിയേക്കര വീണ്ടും സമരഭൂമിയാകുന്നു ആമ്പല്ലൂര്‍: ടോള്‍പ്ലാസയില്‍ സൗജന്യ പാസ് നിര്‍ത്തലാക്കി ടോള്‍ കമ്പനിയെ സഹായിക്കുന്ന പരിഷ്കാരങ്ങൾക്കെതിരെ പാലിയേക്കര വീണ്ടും സമരഭൂമിയാകുന്നു. ഇലക്ട്രോണിക് ടോള്‍ പിരിവ് ഏര്‍പ്പെടുത്തി തദ്ദേശീയ വാഹന ഉടമകളെയും ചുങ്കച്ചട്ടിയിൽ കൊണ്ടുവരാനുള്ള നീക്കമാണ് കുറേ നാളായി ഉറങ്ങിക്കിടക്കുകയായിരുന്ന പാലിയേക്കരയെ വീണ്ടും രണഭൂമിയാക്കുന്നത്. ബഹുജനസംഘടനകൾ ഇൗ കൊള്ളക്കെതിരെ സമരകാഹളം മുഴക്കിക്കഴിഞ്ഞു. സൗജന്യ പാസ് നിര്‍ത്തലാക്കാനുള്ള നീക്കം എന്ത് വില കൊടുത്തും ചെറുക്കുമെന്ന് എ.ഐ.വൈ.എഫ് പ്രഖ്യാപിച്ചു. ബഹുജന സമരങ്ങളിലൂടെ നേടിയെടുത്ത അവകാശം ടോള്‍ കമ്പനി അട്ടിമറിക്കുന്നതിനെതിരെ എ.െഎ.വൈ.എഫ് ഞായറാഴ്ച ടോള്‍പ്ലാസയിലേക്ക് മാര്‍ച്ച് നടത്തും. അഞ്ച് വാഹനങ്ങളില്‍ കൂടുതല്‍ ടോള്‍പ്ലാസയില്‍ എത്തിയാല്‍ ടോള്‍ ബൂത്ത് തുറന്ന് വാഹനങ്ങള്‍ വിടണമെന്ന കരാര്‍ വ്യവസ്ഥ അട്ടിമറിച്ചതിനും ദേശീയപാത അതോറിറ്റിയുടെ പുതിയ നടപടിക്കുമെതിരെ കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ജനങ്ങളുടെ അവകാശം നിലനിര്‍ത്തണമെന്നും ജില്ല സെക്രട്ടറി രാഗേഷ് കണിയാംപറമ്പിലും പ്രസിഡൻറ് കെ.പി. സന്ദീപും ആവശ്യപ്പെട്ടു. ഫാസ്റ്റാഗ് സംവിധാനം നിര്‍ബന്ധമാക്കുന്നതിലൂടെ തദ്ദേശീയരുടെ സൗജന്യയാത്രാവകാശം ഇല്ലാതാക്കലാണ് ദേശീയപാത അതോറിറ്റിയും നിർമാണക്കമ്പനിയുമെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. സൗജന്യയാത്ര നാട്ടുകാരുടെ അവകാശമാെണന്നും അത് സംരക്ഷിക്കേണ്ടത് സര്‍ക്കാറി​െൻറ ബാധ്യതയാണെന്നും ഡി.സി.സി വൈസ് പ്രസിഡൻറ് ജോസഫ് ടാജറ്റ് പറഞ്ഞു. സര്‍വകക്ഷി യോഗം വിളിച്ച് പ്രശ്‌ന പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം നിയമ നടപടികളും സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ടാജറ്റ് പറഞ്ഞു. ടോള്‍പ്ലാസയുടെ പത്തു കിലോമീറ്റര്‍ പരിധിയിലുള്ള വാഹനങ്ങള്‍ക്ക് അനുവദിക്കുന്ന സൗജന്യപാസ് നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹാരം കാണണമെന്ന് യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പൊതുമരാമത്ത് മന്ത്രിയും മന്ത്രി സി. രവീന്ദ്രനാഥും പ്രശ്‌നത്തില്‍ ഇടപെടണമെന്ന് പ്രസിഡൻറ് ആല്‍വിന്‍ കെ. വർഗീസ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.