തൃശൂര്‍: പച്ചക്കറി കൃഷി, മൂന്ന് ജെ.എല്‍.ജി യൂനിറ്റുകള്‍, ശിങ്കാരിമേളം, ആട് വളര്‍ത്തല്‍, ആട്ടിറച്ചി സംസ്‌കരണ കേന്ദ്രം... കയ്പമംഗലം ഗ്രമപഞ്ചായത്തിലെ ഗ്രാമലക്ഷ്മി അയല്ക്കൂട്ടത്തിെൻറ വൈവിധ്യമാർന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ അംഗീകാരം. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന അയല്‍ക്കൂട്ടങ്ങളെ കണ്ടെത്താന്‍ നടത്തിയ തിരഞ്ഞെടുപ്പിൽ തൃശൂര്‍ ജില്ല മിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമലക്ഷ്മി അയല്‍ക്കൂട്ടം കേന്ദ്രഗ്രാമ വികസന മന്ത്രാലയത്തിെൻറ മികച്ച അയൽക്കൂട്ടത്തിനുള്ള പുരസ്കാരത്തിന് അർഹമായി. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ദേശീയ തലത്തിൽ തിരഞ്ഞെടുത്ത 34 അയല്‍ക്കൂട്ടങ്ങളിൽ രണ്ടെണ്ണമാണ് കേരളത്തിൽ നിന്നുള്ളത്. തിരുവനന്തപുരം കോട്ടുകാല്‍ ശ്രീകൃഷ്ണ അയല്‍ക്കൂട്ടമാണ് രണ്ടാമത്തേത്. 1999ലാണ് പത്തൊമ്പതംഗങ്ങളുമായി ഗ്രാമലക്ഷ്മി അയല്‍ക്കൂട്ടം ആരംഭിച്ചത്. 2003ല്‍ ലിങ്കേജ് ലോണ്‍വഴി ഒരു ലക്ഷം രൂപ വായ്പയെടുത്തു. സ്വന്തമായി നാല് സെൻറ് ഭൂമി വാങ്ങി. ഒരു മുറി പണിത് പലചരക്ക് കച്ചവടം തുടങ്ങി. പിന്നീട് മാസവാടകയ്ക്ക് കൊടുത്തു. അഞ്ച് ലക്ഷം രൂപ ലോണെടുത്ത് ഹാള്‍ പണിത് വാടകയ്ക്ക് കൊടുത്തു തുടങ്ങി. അടുക്കളയുടെ കുറവ് നികത്താന്‍ കുടുംബശ്രീ സമ്പാദ്യമായ രണ്ടര ലക്ഷവും പത്ത് ലക്ഷം ലോണുമെടുത്ത് അടുക്കള, ബാത്ത് റൂം എന്നിവ പണിതു. നിലവില്‍ വെള്ളം, വെളിച്ചം എല്ലാമുണ്ട്. മറ്റ് കൃഷികളില്‍ വ്യാപൃതരായ ഗ്രാമലക്ഷ്മി ഗ്രൂപ് ഈയിടെയാണ് ആട്ടിറച്ചി വില്‍പനയിലേക്ക് കാലെടുത്തുവെച്ചത്. ആരുടേയും സഹായമില്ലാതെ വരുമാനമാർഗം കണ്ടെത്തിയതിലും സ്വന്തം സമ്പാദ്യത്തില്‍ നിന്ന് സ്വന്തമായി സ്ഥലവും കെട്ടിടവും വാങ്ങിയ അയല്‍ക്കൂട്ടം എന്ന നിലയിലും കയ്പമംഗലം ഗ്രാമത്തിെൻറ ലക്ഷ്മി എന്ന ആത്മാഭിമാനം ഉയർത്തിപ്പിടിച്ച് നിൽക്കുകയാണ് ഇൗ പെൺകൂട്ടായ്മ. ഇതിനെല്ലാം ആത്മധൈര്യം ലഭിച്ചത് കുടുംബശ്രീ എന്ന മഹാപ്രസ്ഥാനത്തില്‍നിന്നാണെന്ന് ഗ്രാമലക്ഷ്മി സ്ഥാപകാംഗങ്ങളിൽ ഒരാളായ ഓമനഗോപി പറഞ്ഞു. 11ന് ഡല്‍ഹിയിൽ നടക്കുന്ന ചടങ്ങില്‍ ഇവരെ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.