കരച്ചിലൊക്കെ പഴയ സ്​റ്റൈലല്ലേ; ഇ​പ്പോൾ ആട്ടം, പാട്ട്​...

തൃശൂർ: മഴ പെയ്തിരുന്നില്ലെങ്കിലും അവരെല്ലാം പുത്തൻ കുട ചൂടി തന്നെയാണ് വന്നത്. വെയിലേറ്റ് വാടാൻമാത്രം ചൂടില്ലെങ്കിലും വാട്ടർ ബോട്ടിൽ കൈയിലുണ്ടായിരുന്നു. ചിലർ അമ്മമാരുടെ കൈവിരലിൽ തൂങ്ങിയെത്തി. മറ്റ് ചിലർ സ്വാതന്ത്ര്യം ആഘോഷിച്ചും. അലങ്കരിച്ച സ്കൂളും പുതിയ കൂട്ടുകാരെയും കണ്ട് അവർ പാറി നടന്നു. അമ്മയെ അരികത്തുനിന്ന് മാറാൻ വിടാതെ കരഞ്ഞു തളരുന്ന പഴയ ബാല്യമല്ല ഇപ്പോൾ സ്കൂളുകളിൽ. ആട്ടവും പാട്ടുമാ‍യി ബലൂൺ പറത്തലും മിഠായി മധുരം നുണഞ്ഞും സ്കൂൾ പ്രവേശനം ശരിക്കും അവർ ഉത്സവമാക്കി. പുതിയ കൂട്ടുകാരെ സ്കൂളുകളിലേക്ക് വരവേൽക്കാൻ പി.ടി.എ കമ്മിറ്റികളും അധ്യാപകരും പൂർവ വിദ്യാർഥികളും സംഘടനകളുമെല്ലാം എത്തിയിരുന്നു. പ്രവേശനോത്സവങ്ങൾക്ക് ജില്ലയുടെ രണ്ട് മന്ത്രിമാരുടെ സാന്നിധ്യം സ്പെഷൽ. വരവൂർ ഗവ. എൽ.പി സ്കൂളിലായിരുന്നു ജില്ലതല പ്രവേശനോത്സവം. മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങളുടെ സംരക്ഷണം എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും സഹകരിക്കണമെന്നും ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. യു.ആര്‍. പ്രദീപ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, ജില്ല പഞ്ചായത്തംഗം മഞ്ജുള അരുണന്‍, എന്‍.ആര്‍. മല്ലിക, ബിന്ദു പരമേശ്വരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൂർവവിദ്യാർഥികളും നാട്ടുകാരും അധ്യാപകരും ചേര്‍ന്ന് വര്‍ണാഭമായ ഘോഷയാത്രയോടെയായിരുന്നു പ്രവേശനോത്സവം. പത്തോളം കുരുന്നുകള്‍ ചേര്‍ന്ന് ദീപം തെളിയിച്ച് പുതിയ കുട്ടികള്‍ക്ക് അവ പകര്‍ന്നു നല്‍കി. പത്ത് ദിവസം നീളുന്ന കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. കോർപറേഷന്‍ തല സ്‌കൂള്‍ പ്രവേശനോത്സവം പൂങ്കുന്നം ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സിലര്‍ ഐ. ലളിതാംബിക അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ ബീന മുരളി, കൗണ്‍സിലര്‍മാരായ വി. രാവുണ്ണി, ജോണ്‍ ഡാനിയേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. പഠനോപകരണങ്ങളും യൂനിഫോമുകളും പുസ്തകങ്ങളും വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തി​െൻറ ഭാഗമായി ഒരുക്കിയ വിദ്യാഭ്യാസ പ്രദര്‍ശനം മേയര്‍ ഉദ്ഘാടനം ചെയ്തു. ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ പ്രമോ റിലീസിങ്ങും അധ്യയന വര്‍ഷത്തിലെ ലോഗോ കൈമാറ്റവും ചടങ്ങില്‍ നടന്നു. സേക്രഡ് ഹാർട്ട് സ്കൂളിലായിരുന്നു മന്ത്രി വി.എസ്. സുനിൽകുമാർ പങ്കെടുത്തത്. ഐ.ജി എം.ആർ. അജിത്കുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സി. മരിയജോസ്, കൗൺസിലർ കെ. മഹേഷ്, മാനേജർ സി. ജസ്ലിൻ, പി.ടി.എ പ്രസിഡൻറ് എ.ജെ. ഫ്രാൻസി എന്നിവർ പങ്കെടുത്തു. തൃശൂര്‍ വിവേകോദയം ഹയര്‍സെക്കൻഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പ്രവേശനോത്സവം വര്‍ണാഭമായി. സ്‌കൂള്‍ മാനേജര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പരിസ്ഥിതി സന്ദേശം നല്‍കിക്കൊണ്ടുള്ള വിത്തുപേനയും സമ്മാനങ്ങളും നവാഗതര്‍ക്ക് നല്‍കി. കുട്ടികളുടെ മനം കവരുന്ന സംഗീതവിരുന്നും ഒരുക്കിയിരുന്നു. ഹെഡ്മാസ്റ്റര്‍ കെ. രാജേഷ്, ഹയര്‍സെക്കൻഡറി പ്രിന്‍സിപ്പൽ വേണുഗോപാല്‍, എല്‍.പി വിഭാഗം ഹെഡ്മിസ്ട്രസ് സി. സുസ്മിത, കെ.പി. അനൂപ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.