തൃശൂർ: സംസ്ഥാനത്ത് വിപണിയിലുള്ള കറിമസാലപ്പൊടികളുടെ സാമ്പിൾ ശേഖരിക്കുന്നതിലും പരിശോധന റിപ്പോർട്ട് പുറത്തു വിടുന്നതിലും ഒളിച്ചുകളി. കഴിഞ്ഞ ദിവസം മന്ത്രി വി.എസ്. സുനിൽകുമാറിെൻറ വെളിപ്പെടുത്തലിലും ഇത് സംബന്ധിച്ച് വ്യക്തത നൽകിയില്ല. 284 കറിമസാലപ്പൊടി സാമ്പിൾ ശേഖരിച്ചതിൽ 69 എണ്ണത്തിൽ വിഷാംശമുണ്ടെന്നായിരുന്നു മന്ത്രി പറഞ്ഞത്. കേരളത്തിലേക്ക് വരുന്ന ചില പച്ചക്കറികളിലും പഴങ്ങളിലും പുത്തൻ തലമുറ കീടനാശിനികൾ കണ്ടെത്തിയത് അറിയിച്ച കൂട്ടത്തിലാണ് ഇക്കാര്യം പറഞ്ഞത്. 100 കോടിയിൽ ഒരംശം വിഷാംശം പോലും കണ്ടെത്താൻ കഴിയുന്ന അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മൂന്ന് മാസത്തോളമെടുത്താണ് സാമ്പിൾ പരിശോധിച്ചതെന്ന് മന്ത്രി പറഞ്ഞിരുന്നു. കേരളത്തിൽ കൃഷിചെയ്യുന്ന പച്ചക്കറികളിൽ 90 ശതമാനത്തിലധികം വിഷരഹിതമാണെന്ന് കണ്ടെത്തിയപ്പോഴാണ് ഇതര സംസ്ഥാനങ്ങളിൽനിന്നും കൊണ്ടുവരുന്ന പച്ചക്കറിയിലും പഴങ്ങളിലും 40 ശതമാനത്തിലും കീടനാശിനി അംശമുണ്ടെന്ന് കണ്ടെത്തിയത്. മസാലപ്പൊടി ഇനങ്ങളിൽ ഏതിലെല്ലാമാണ് വിഷാംശം കണ്ടെത്തിയതെന്ന് ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇത് ഒളിച്ചുകളിയാണെന്ന് വിവരാവകാശ നിയമപ്രകാരം അന്വേഷണം നടത്തിയ കണ്ണൂർ പയ്യാമ്പലം സ്വദേശി ലിയോനാർഡ് ജോൺ ആരോപിച്ചു. ഇത് കറി മസാല നിർമാതാക്കളെ സഹായിക്കാനാണ്. ലോകത്തിൽ ഏറ്റവുമധികം മസാലപ്പൊടി ഉൽപാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന കേരളത്തിൽ ഇതുവരെ മായം ചേർത്ത കേസിൽ ഒരു മസാലപ്പൊടി നിർമാതാവിനെയും ശിക്ഷിച്ചിട്ടില്ല. മസാലകളിൽ കണ്ടെത്തിയ മായം എന്താണെന്നും ബ്രാൻഡുകൾ ഏതാണെന്നും നിയമപരമായി പരസ്യപ്പെടുത്തണമെന്നും ലിയോനാർഡ് ആവശ്യപ്പെട്ടു. കറുവപ്പട്ടക്ക് പകരം കാസിയ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും ലിയോനാർഡിന് നൽകിയ മറുപടിയിൽ ഭക്ഷ്യവകുപ്പ് പറയുന്നുണ്ട്. വിഷാംശം കണ്ടുപിടിക്കാനുള്ള സൗകര്യം ഇല്ലെന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പ് ഇതിന് നൽകുന്ന വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.