പാർക്കും മരങ്ങളും കടലെടുത്തു

അണ്ടത്തോട്: പെരിയമ്പലം ബീച്ച് സൗന്ദര്യവത്കരണ ഭാഗമായി ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച വിശ്രമ കേന്ദ്രവും അനുബന്ധ ഉപകരണങ്ങളും കടൽക്ഷോഭത്തിൽ തകർന്നു. രണ്ട് ദിവസമായുള്ള കുഴിപ്പന്‍ തിരമാലകൾ കയറി മണ്ണൊലിച്ചുപോയതാണ് പാർക്ക് തകരാന്‍ കാരണം. ജില്ല പഞ്ചായത്തുമായി സഹകരിച്ചാണ് പുന്നയൂർക്കുളം പഞ്ചായത്ത് ബീച്ച് സൗന്ദര്യവത്കരണം നടത്തിയിരുന്നത്. കഴിഞ്ഞ വർഷം നിർമിച്ച വയോജന വിശ്രമകേന്ദ്രം, ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് ഇരിക്കാന്‍ സ്ഥാപിച്ച നാല് കോണ്‍ക്രീറ്റ് ഇരിപ്പിടങ്ങൾ എന്നിവയാണ് തകർന്നത്. ബീച്ചിലെ അലങ്കാരക്കുടകള്‍ ദിവസങ്ങള്‍ക്കു മുേമ്പ നശിച്ചിരുന്നു. കടപ്പുറത്ത് നിർമിച്ച പാതയും തകർന്നിട്ടുണ്ട്. മേഖലയിൽ നിന്ന് ഇതിനകം നൂറിലധികം തെങ്ങുകളാണ് കടലെടുത്തത്. പ്രദേശത്ത് അവശേഷിക്കുന്ന കൂറ്റന്‍ കാറ്റാടികളും തെങ്ങുകളും വീഴ്ചയുടെ വക്കിലാണ്. അണ്ടത്തോട് പെരിയമ്പലം, തങ്ങള്‍പ്പടി, കാപ്പിരിക്കാട് തീരങ്ങളിലാണ് കടൽക്ഷോഭം ശക്തമായിട്ടുള്ളത്. നാല് വർഷത്തിനിടെ പെരിയമ്പലം ബീച്ചില്‍ 500 മീറ്ററോളം കര കടലെടുത്തു. ഇത്രയും ദുരിതമുണ്ടായിട്ടും ഉത്തരവാദപ്പെട്ടവരാരും തീരത്ത് എത്തിയിട്ടില്ല. ജില്ലയുടെ അതിർത്തിയായ കാപ്പിരിക്കാട് വരെ മാത്രമാണ് കടൽഭിത്തിയുള്ളത്. കാപ്പിരിക്കാട് ബീച്ചില്‍ ഹിളര്‍ പള്ളി റോഡ് പൂര്‍ണമായി കടലെടുത്തു. ഹിളര്‍ പള്ളിയുടെ നിൽപ്പും അപകടാവസ്ഥയിലാണ്. തീരത്തെ 13 കുടുംബങ്ങള്‍ വീട്ടില്‍ നിന്നും താമസം മാറ്റി. വേലിയേറ്റ സമയത്ത് കടല്‍ ഇരമ്പിയെത്തുന്നത് തീരവാസികളെ ഭീതിയിലാഴ്ത്തുന്നുണ്ട്. കാപ്പിരിക്കാട് മുതൽ മുനക്കക്കടവ് വരേയുള്ള ചാവക്കാട് മേഖലയിൽ ഇടക്കിടെ പുലിമുട്ടുകൾ അടിയന്തരമായി നിർമിച്ചാൽ മാത്രമേ ശാശ്വത പരിഹാരമുണ്ടാകൂവെന്ന് കടപ്പുറം മുനക്കക്കടവ് അഴിമുഖത്ത് പുലിമുട്ട് സമരത്തിന് നേതൃത്വം നൽകിയ നേതാക്കളിലൊരാളും പൗരസമിതി പ്രസിഡൻറുമായ ഷറഫുദ്ധീൻ മുനക്കക്കടവ്, അണ്ടത്തോട്ടെ പൊതുപ്രവർത്തകരായ വി. മായിൻകുട്ടി, ഹുസൈൻ വലിയകത്ത് എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.