തൃശൂർ: കേരള കാർഷിക സർവകലാശാലയിൽ ജീവനക്കാരുെട സംഘടനകളുടെ പരിപാടികൾക്ക് വിലക്ക്. സർവകലാശാലക്കകത്ത് പ്രവൃത്തി സമയത്തും അതുകഴിഞ്ഞും പ്രതിഷേധ ധർണയും ജാഥയും നടത്തുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് കാണിച്ച് ൈവസ് ചാൻസലറുടെ നിർദേശപ്രകാരം രജിസ്ട്രാർ സർക്കുലർ ഇറക്കി. വെള്ളാനിക്കരയിലെ ആസ്ഥാനത്ത് വെള്ളിയാഴ്ച ചേരുന്ന ജനറൽ കൗൺസിൽ യോഗ സ്ഥലത്തേക്ക് സി.പി.എം, കോൺഗ്രസ് സംഘടനകൾ സമര പരിപാടികൾ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്. 48 വർഷം മുമ്പുള്ള, കാലഹരണപ്പെട്ട സർക്കാർ ചട്ടം ഉദ്ധരിച്ച് സർക്കാർ നയങ്ങൾക്കെതിരെ സംസാരിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുന്നവർക്കെതിരെ അച്ചട നടപടിയെടുക്കുമെന്ന് സർവകലാശാല നേരത്തെ ഉത്തരവിറക്കിയിരുന്നുെവന്ന് സി.പി.എം അനുകൂല സംഘടനയായ കെ.എ.യു എംപ്ലോയീസ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. സർവകലാശാലയുെട അമ്പലവയൽ ഗവേഷണ കേന്ദ്രത്തിലെ അഴിമതികൾ അന്വേഷിക്കണമെന്നും ചട്ടം ലംഘിച്ച് ജീവനക്കാരെ സ്ഥലംമാറ്റിയ നടപടി പിൻവലിക്കണമെന്നും പട്ടാമ്പി ഗവേഷണ കേന്ദ്രത്തിലെ തസ്തികകൾ ഷിഫ്റ്റ് ചെയ്തത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് അസോസിയേഷൻ സമര നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് പുതിയ സർക്കുലർ. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ മറികടന്ന് ഏകാധിപത്യം അടിച്ചേൽപ്പിക്കാൻ നടത്തുന്ന ശ്രമത്തിെൻറ ഭാഗമാണ് ഇതെന്ന് അസോസിയേഷൻ ആരോപിച്ചു. ജനാധിപത്യപരമായും സമാധാനപരമായും നടത്തുന്ന പ്രതിഷേധ സമരങ്ങളെ അച്ചടക്ക നടപടികൊണ്ട് നേരിടാനാണ് തയാറെടുക്കുന്നതെങ്കിൽ ഇടതു പുരോഗമന പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ ശക്തമായ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.വി. ഡെന്നി മുന്നറിയിപ്പ് നൽകി. അസോസിയേഷൻ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നടത്തുന്ന മാർച്ച് കോൺഫെഡറേഷൻ ഒാഫ് യൂനിവേഴ്സിറ്റി എംപ്ലോയീസ് ഒാർഗനൈസേഷൻസ് ജനറൽ സെക്രട്ടറി ഹരിലാൽ ഉദ്ഘാടനം ചെയ്യും. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന കരിനിയമങ്ങളും സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന ഉത്തരവും പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് അനുകൂല സംഘടനകൾ ഉച്ചക്ക് ഒന്നിനാണ് മാർച്ച് നടത്തുന്നത്. കെ.എ.യു എംപ്ലോയീസ് യൂനിയൻ, ടീച്ചേഴ്സ് ഫോറം, വർക്കേഴ്സ് ഫെഡറേഷൻ, പെൻഷനേഴ്സ് യൂനിയൻ, കെ.എസ്.യു എന്നീ സംഘടനകളാണ് മാർച്ചിൽ പെങ്കടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.