തൃശൂർ: മിസോറാം ഗവർണർ കുമ്മനം രാജശേഖരന് നൽകിയ സ്വീകരണത്തിൽ ബി.ജെ.പി നേതാക്കൾക്ക് അവഗണന. ഇരിപ്പിടം അനുവദിക്കാത്തതിലും അവഗണിച്ചതിലും നേതാക്കൾ പരസ്യമായി എതിർപ്പുയർത്തി. സംസ്ഥാന നേതാക്കൾ അടക്കമുള്ളവരെ വേദിയിലേക്ക് അടുപ്പിച്ചില്ല. തൃശൂർ പൗരാവലിയുെട പേരിലുള്ള പരിപാടിയിൽ ബി.ജെ.പി നേതാക്കൾ കയറിയിരിക്കേണ്ടെന്ന് ആർ.എസ്.എസ് നേതാക്കളുടെ ശാസന കൂടിയെത്തിയതോടെ നേതാക്കൾ പത്തിമടക്കി. ഇതോടെ ചിലർ സദസ്സിലേക്കും വേദിക്ക് പിറകിലേക്കും മടങ്ങിയപ്പോൾ ചിലർ പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങി. ഗവർണറായി ചുമതലയേറ്റ ശേഷം തൃശൂരിലെത്തിയ കുമ്മനം രാജശേഖരന് ആർ.എസ്.എസിെൻറ നേതൃത്വത്തിലായിരുന്നു സ്വീകരണം സംഘടിപ്പിച്ചത്. മേയറെ അടക്കമുള്ളവരെ ക്ഷണിക്കാത്തതിൽ മുറുമുറുപ്പുയർന്നെങ്കിലും രാഷ്ട്രീയമാണെന്നുയർത്തി ഒഴിവാക്കി. എന്നാൽ, സംഘാടക സമിതിയിലും പരിപാടിയുടെ ആലോചനയിലുമൊക്കെയുണ്ടായിരുന്ന ബി.ജെ.പി ജില്ല പ്രസിഡൻറ് നാഗേഷ്, സംസ്ഥാന സെക്രട്ടറി ഗോപാലകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡൻറ് എം.എസ്. സമ്പൂർണയടക്കമുള്ള കൗൺസിലർമാർക്ക് സ്വാഗതസംഘത്തിൽ ഇടം നൽകാതിരുന്നതും എതിർപ്പിനിടയാക്കി. ഇതിന് പിന്നാലെയാണ് സ്വീകരണ പരിപാടിയിൽ വേദിയിൽ ഇടം നൽകാതെയും അവഗണിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡൻറ് പി.എം. വേലായുധൻ തുടങ്ങിയ നേതാക്കളുൾപ്പെടെ എത്തിയിരുന്നുവെങ്കിലും ആർക്കും വേദിയിലേക്ക് ഇടം നൽകിയില്ല. നേതാക്കൾ വേദിയിൽ വെച്ച് തന്നെ കലഹിക്കുകയും ചെയ്തു. ഇതോടെയാണ് ആർ.എസ്.എസ് നേതൃത്വം ഇടപെട്ടത്. പരിപാടി പൗരാവലിയുടേതാണെന്നും ബി.ജെ.പിക്കാർക്ക് ഇരിക്കാനുള്ളതല്ലെന്നും അറിയിക്കുകയായിരുന്നു. ശാസന വന്നതോടെ നേതാക്കൾ മടങ്ങി. അവഗണിക്കുകയും, അപമാനിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് ബി.ജെ.പി നേതൃത്വം. പി.എം. വേലായുധൻ വേദിക്ക് പിറകിൽ കസേരയിട്ടിരുന്നായിരുന്നു പ്രതിഷേധിച്ചത്. സ്വീകരണവുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളിലും നാഗേഷും ബി.ജെ.പി നേതൃത്വവും സഹകരിച്ചിരുന്നില്ല. കുമ്മനം രാജശേഖരെൻറ ജില്ലയിലേക്കുള്ള വരവ് ആർ.എസ്.എസ് നേരത്തെ അറിഞ്ഞിരുന്നില്ല. പിന്നീട് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ ആർ.എസ്.എസ് പൗരാവലിയുടെ പേരിൽ സ്വീകരണമൊരുക്കുകയായിരുന്നു. മാർ അപ്രേം മെത്രാപ്പൊലീത്ത ചെയർമാനായ സ്വാഗത സംഘത്തിെൻറ കൺവീനർ തൃശൂർ നഗരവുമായി ബന്ധമില്ലാത്ത ആർ.എസ്.എസ് പ്രവർത്തകനായ അധ്യാപകനാണെന്നും ബി.ജെ.പി നേതൃത്വം കുറ്റപ്പെടുത്തുന്നു. മത സാമുദായിക നേതാക്കളെയും വ്യാപാരി-വ്യവസായ പ്രമുഖരെയെല്ലാം സ്വാഗതസംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു. ജനറൽ ആശുപത്രിയിൽ സേവാഭാരതിയുടെ പേരിൽ നടപ്പിലാക്കുന്ന സൗജന്യ ഡയാലിസിസ് പദ്ധതിയായ സുധാരയുടെ ഉദ്ഘാടനത്തിലും നേതാക്കളെയും കൗൺസിലർമാരെയും അവഗണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.