ഉടമാവകാശമില്ലാതെ സൂക്ഷിച്ച ആനയെ വനംവകുപ്പ് പിടിച്ചെടുത്തു

തൃശൂർ: അനധികൃതമായി കേരളത്തിലേക്ക് കടത്തിയ ആനയെ വനംവകുപ്പ് പിടിച്ചെടുത്തു. തിരുവമ്പാടി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ആനന്ദ് എന്നയാൾ കൈവശം വെച്ച തിരുവമ്പാടി ചന്ദ്രനാഥിനെയാണ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്. 2015ൽ ഝാർഖണ്ഡിൽനിന്നും കടത്തി കോയമ്പത്തൂർ വഴി കേരളത്തിൽ എത്തിച്ച ആനയാണിതെന്ന് വനംവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ആനയുടെ രേഖകളൊന്നും ആനന്ദി​െൻറ കൈവശം ഉണ്ടായിരുന്നില്ല. നാട്ടാനകളെ സംബന്ധിച്ച് വ്യക്തമായ കണക്കുകളില്ലാതിരിക്കെ, ഉടമാവകാശമില്ലാത്ത ആനകളെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതിൽ 48 ആനകളെ കാണാനില്ലെന്ന് കഴിഞ്ഞ 13ന് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. ആനകളെ അന്വേഷിക്കുകയാണെന്നായിരുന്നു വനംവകുപ്പി​െൻറ മറുപടി. അന്വേഷണത്തിലാണ് തൃശൂരിൽ തിരുവമ്പാടി ചന്ദ്രനാഥിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. മുളങ്കുന്നത്തുകാവിലാണ് ആനയെ പാർപ്പിച്ചിരുന്നത്. അവിടെനിന്നും കസ്റ്റഡിയിലെടുത്ത് കോടനാട്ടെ ആന കേന്ദ്രത്തിലെത്തിച്ചു. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ആനകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് ഹൈകോടതി നിരോധിച്ചിരുന്നു. ഇതിനിെട, സംസ്ഥാനത്തേക്ക് കടത്താൻ ആനകളെ അതിർത്തിയിൽ എത്തിച്ചെങ്കിലും നടന്നില്ല. വനംവകുപ്പിലെ ചിലരുമായുള്ള ഉടമകളുടെ ബന്ധത്തി​െൻറ മറവിൽ ചില ആനകളെ കടത്തിയെന്ന് അന്നുതന്നെ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ കടത്തിയ ആനകൾക്ക് ഉടമാവകാശ രേഖ നൽകരുതെന്ന സുപ്രീംകോടതി വിലക്ക് ഉടമകൾക്ക് തിരിച്ചടിയായി. ആനക്കടത്ത് നിരോധനം പിന്നീട് സുപ്രീംകോടതിയും അംഗീകരിച്ചു. രണ്ടാഴ്ച മുമ്പ്, തിരുവനന്തപുരത്തുനിന്നും മോട്ടയിൽ ഹരികൃഷ്ണൻ എന്ന ആനയെ വനംവകുപ്പ് പിടിച്ചെടുത്തിരുന്നു. ഇതിനകം 14 ആനകളെ പിടിച്ചെടുക്കുകയും പുനരധിവാസ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തുവെന്ന് വനംവകുപ്പ് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.