തൃശൂർ : മണ്ണുത്തി-വടക്കഞ്ചേരി ആറുവരി ദേശീയപാതയുടെ പ്രവൃത്തി എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരിക്ക് സി.എൻ. ജയദേവൻ എം.പി കത്ത് നൽകി. ദേശീയപാത അതോറിറ്റിയുടെയും കരാറുകാരുടെയും അനാസ്ഥയാണ് പണി പൂർത്തിയാവാത്തതിന് കാരണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ദേശീയപാതയിൽ അപകടം പതിവാകുകയാണ്. യാത്രാദുരിതം അങ്ങേയറ്റമാണ്. കുതിരാനിൽ നിർമാണം പൂർത്തിയായ തുരങ്കത്തിലൂടെ ഗതാഗതത്തിന് പാരിസ്ഥിതിക അനുമതി ലഭ്യമാക്കാൻ പോലും ദേശീയപാത അതോറിറ്റി നടപടി എടുത്തിട്ടില്ല. മുടിക്കോട്, മുല്ലക്കര, മുളയം ജങ്ഷനുകളിൽ അടിപ്പാത നിർമാണത്തിന് അടിയന്തരമായി അനുമതി നൽകണം. കലക്ടറേറ്റിൽ ചേർന്ന ജനപ്രതിനിധികൾ, ദേശീയപാത അതോറിറ്റി, കരാർ കമ്പനി പ്രതിനിധികൾ എന്നിവരുടെ യോഗത്തിൽ അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതു നടപ്പാക്കുന്നതിൽ അതോറിറ്റിയും കരാർ കമ്പനിയും വീഴ്ച വരുത്തി. മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത നിർമാണം ഉടൻ പൂർത്തിയാക്കി ജനങ്ങളും യാത്രക്കാരും നേരിടുന്ന കഷ്ടതകൾ പരിഹരിക്കണമെന്ന് എം.പി കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.