സ്ത്രീ സർഗാത്മകതയുടെ ആവിഷ്ക്കാരത്തിന് അരങ്ങൊരുങ്ങുന്നു

തൃശൂർ: സ്ത്രീ സർഗാത്മകതയുടെ വിവിധ രൂപങ്ങൾ സമന്വയിക്കുന്ന ക്യാമ്പിന് കേരള സംഗീത നാടക അക്കാദമി വേദിയാകുന്നു. സർഗാത്മക രംഗത്ത് ഇടപെടുന്ന സ്ത്രീകളുടെ ഒത്തുചേരലിന് 'വിമൻസ് എക്സ്പ്രഷൻസ്' എന്നാണ് പേരിട്ടിരിക്കുന്നത്. കഥകളി , നാടോടി രൂപങ്ങൾ, നാടകം, സാഹിത്യം, രാഷ്ട്രീയം, പ്രഭാഷണം, സംഗീതം, നൃത്തം തുടങ്ങി വിവിധ മേഖലകളെ ഉൾപ്പെടുത്തി സർഗാത്മക കൂട്ടായ്മ നവംബറിൽ നടത്താനാണ് കേരള സംഗീത നാടക അക്കാദമിയുടെ പദ്ധതി. ഏഴു ദിവസത്തെ പരിപാടിയിൽ രാവിലെ മുതൽ സോദാഹരണ പ്രഭാഷണങ്ങളും ക്ലാസുകളും ചർച്ചകളും വൈകീട്ട് കലാപരിപാടികളും നടത്താനാണ് തീരുമാനം. ഇതിനായി ഫണ്ട് വകയിരുത്തുകയും ജനറൽ കൗൺസിൽ അംഗമായ വനിതയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഒരു ദിവസം രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന വനിതകൾക്കായി നീക്കിവെക്കുന്നു എന്നതാണ് പരിപാടിയുടെ പ്രത്യേകത. കേരളത്തിലെ വനിത എം.എൽ.എമാരെ മുഴുവൻ പങ്കെടുപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. സ്ത്രീകളുടെ ആവിഷ്ക്കാര മേഖല തുറക്കുന്ന ഒരു സംരംഭം കേരളത്തിൽ ആദ്യമായാണ് സംഘടിപ്പിക്കപ്പെടുന്നത്. 1998ൽ നടന്ന 'സ്ത്രീ നാടക പണിപ്പുര'ക്ക് ശേഷം സ്ത്രീകൾക്ക് മാത്രമായി പരിപാടി സംഘടിപ്പിക്കണമെന്ന ഭരണസമിതിയിലെ അംഗങ്ങളുടെ നിർദേശം പരിഗണിച്ചാണ് വിമൻസ് എക്സ്പ്രഷൻസ് നടത്താൻ തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.