തൃശൂർ: മഴയോടനുബന്ധിച്ച് ഉപജില്ല തിരിച്ച് അവധി പ്രഖ്യാപിക്കുേമ്പാൾ പ്രശ്നബാധിതമല്ലാത്ത സ്കൂളുകളിലും അധ്യയനം മുടങ്ങുന്നു. ഉപജില്ല വിഭജനത്തിലെ അശാസ്ത്രീയത ഇനിയും പരിഹരിക്കാത്തതാണ് പല സ്കൂളുകളിലും അനാവശ്യമായി പ്രവൃത്തി ദിനങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കുന്നത്. ഇതുമൂലം പാഠഭാഗങ്ങൾ തീർക്കാൻ അധ്യാപകർക്ക് കഠിനാധ്വാനം ചെയ്യേണ്ടിവരുന്നു. വിദ്യാഭ്യാസ അവകാശ നിയമം പ്രകാരം ഒരു അധ്യയന വർഷത്തിൽ 220 പ്രവൃത്തി ദിവസം വേണം. എന്നാൽ, പല കാരണങ്ങളാൽ ഇത് 165 പോലും ലഭിക്കാറില്ല. വിവിധ ദിനാചരണങ്ങൾ, മേളകൾ, അധ്യയനത്തിനു പുറമെയുള്ള മറ്റു പ്രവർത്തനങ്ങൾ എന്നിവ മൂലമാണിത്. അതിന് പുറമെയാണ് മഴയും മറ്റു പ്രകൃതി ദുരന്തങ്ങളും മൂലമുണ്ടാകുന്ന അവധി. മഴ പ്രശ്നങ്ങൾ കണക്കിലെടുത്ത് തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ, മുകുന്ദപുരം താലൂക്കുകളിലെയും ചേർപ്പ്, തൃശൂർ വെസ്റ്റ് ഉപജില്ലകളിലെയും സ്കൂളുകൾക്ക് ബുധനാഴ്ച അവധിയായിരുന്നു. ഇതിൽ തൃശൂർ വെസ്റ്റ് ഉപജില്ലയിൽപെടുന്ന നഗരത്തിലെ സ്കൂളുകളിൽ മഴയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളില്ല. തൃശൂർ നഗരസഭയിൽപ്പെട്ട ഒല്ലൂർ, തൈക്കാട്ടുശ്ശേരി മേഖലയിലെ സ്കൂളുകൾ ചേർപ്പ് ഉപജില്ലയിലാണ്. ഇവിടെയും മഴ പ്രശ്നമില്ല. എന്നാൽ, ഇൗ സ്കൂളുകളിൽ മഴയുടെ പേരിൽ പ്രവൃത്തി ദിനങ്ങൾ നഷ്ടപ്പെടുകയാണ്. ഇത്തരത്തിൽ സംസ്ഥാനത്ത് പലഭാഗത്തും അനാവശ്യമായി സ്കൂളുകളുടെ പ്രവർത്തനം തടസ്സപ്പെടുന്നുണ്ട്. തൃശൂർ നഗരത്തിലെ സ്കൂളുകളെ പ്രേത്യക ഉപജില്ലയാക്കിയാൽ പ്രശ്നം തീരും. അതുപോലെ സംസ്ഥാനത്തെ വിദ്യാഭ്യാസ ഉപജില്ലകളെ ശാസ്ത്രീയമായി വിഭജിക്കലാണ് പരിഹാരമെന്ന് വിദ്യാഭ്യാസ പ്രവർത്തകർ അഭിപ്രായപ്പെടുന്നു. തദ്ദേശസ്ഥാപനങ്ങൾക്ക് ഇത്തരം അവധി പ്രഖ്യാപിക്കൽ അടക്കം ഉത്തരവാദിത്തം കൈമാറണമെന്നും വിദ്യാഭ്യാസ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. തദ്ദേശസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റികളും അനുബന്ധ ചുമതലകളുമുള്ളതിനാൽ ബന്ധപ്പെട്ട വിദ്യാലയങ്ങൾക്ക് മാത്രം അവധി നൽകാനാകും. നിലവിൽ അതത് ജില്ല കലക്ടർമാരാണ് ഇത്തരം അവധി പ്രഖ്യാപിക്കുന്നത്. ഭരണപരമായ സൗകര്യം നോക്കി ഉപജില്ലാടിസ്ഥാനത്തിലേ ഇത്തരം അവധികൾ പ്രഖ്യാപിക്കാനാവൂ എന്ന് തൃശൂർ കലക്ടർ ടി.വി. അനുപമ പറഞ്ഞു. നിരവധി കാര്യങ്ങൾ പരിഗണിച്ചാണ് ഇങ്ങനെ ചെയ്യുന്നത്. അല്ലെങ്കിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശയക്കുഴപ്പമുണ്ടാകും -ജില്ല കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.