തൃശൂർ: ആങ്കിലോസിങ് സ്േപാണ്ടിലൈറ്റിസ് എന്ന ഗുരുതര വാത രോഗത്തിന് ജില്ല ആശുപത്രികളിലും തിരഞ്ഞെടുത്ത സ്പെഷ്യാലിറ്റി ആശുപത്രികളിലും ചികിത്സ സൗകര്യവും ഔഷധവും ലഭ്യമാക്കാൻ നടപടി വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. രോഗത്തിനുള്ള ഔഷധങ്ങൾ സർക്കാർ നേരിട്ട് ഉൽപാദിപ്പിച്ച് വിതരണം ചെയ്യാനുള്ള സാധ്യത പരിഗണിക്കണമെന്നും അതിന് കേന്ദ്ര ഏജൻസികളുടെ സഹായം തേടണമെന്നും കമീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു. ഗുരുതര രോഗമായ ആങ്കിലോസിങ് സ്േപാണ്ടിലൈറ്റിസ് കാരുണ്യ സ്കീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സർക്കാർ പരിശോധിക്കണം. രോഗത്തിന് കൃത്യമായ ചികിത്സ കണ്ടുപിടിച്ചിട്ടില്ലെന്നും രോഗ കാഠിന്യം കുറക്കാനുള്ള ആൻറി ടി.എൻ.എഫ് വിഭാഗത്തിലുള്ള വിലയേറിയ മരുന്നുകൾ സർക്കാർ ആശുപത്രികളിൽ ലഭ്യമല്ലെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി കമീഷന് നൽകിയ മറുപടിയിൽ പറയുന്നു. സംസ്ഥാനത്തെ 22 പി.എം.ആർ യൂനിറ്റുകളിൽ രോഗികൾക്കായി ഫിസിയോ തെറപ്പി ഉൾപ്പെടെയുള്ള ചികിത്സ നൽകുന്നുണ്ടെന്നും സെക്രട്ടറി നൽകിയ റിപ്പോർട്ടിലുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ആശുപത്രികളിൽ രോഗം ബാധിച്ചവർക്ക് സൗജന്യ ചികിത്സ ലഭ്യമാണ്. ഭാരിച്ച സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ചികിത്സ ജീവിതകാലം മുഴുവൻ തുടരുന്നത് രോഗികൾക്ക് ദുരിതമാകുമെന്ന് സർക്കാറിന് ബോധ്യമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എല്ലാ രോഗങ്ങൾക്കും എല്ലാ സർക്കാർ ആശുപത്രികളിലും ചികിത്സയും മരുന്നും ലഭിക്കുന്ന വിധം ശ്രമം നടക്കുന്നുണ്ട്. എന്നാൽ, വില കുറഞ്ഞ വേദനസംഹാരികളും വ്യായാമ മുറകളും മാത്രമാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ ലഭിക്കുന്നതെന്ന് ആങ്കിലോസിങ് സ്േപാണ്ടിലൈറ്റിസ് ഇന്ത്യൻ ഫെഡറേഷൻ പ്രസിഡൻറ് സൈജോ കണ്ണനായ്ക്കൽ കമീഷന് നൽകിയ പരാതിയിൽ പറയുന്നു. ആൻറി ടി.എൻ.എഫ് ഔഷധങ്ങൾ സൗജന്യ വിലയ്ക്കോ നിയന്ത്രിത വിലയ്ക്കോ അർഹരായ രോഗികൾക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ച സർക്കാർ നിലപാട് കഴിയുന്നത്ര വേഗം യാഥാർഥ്യമാക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. ഉത്തരവ് ചീഫ് സെക്രട്ടറിക്കും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.