ഗുരുവായൂർ: രാമായണ മാസം തുടങ്ങിയ കർക്കടകം ഒന്നിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂർ ക്ഷേത്രത്തിലെത്തി. ക്ഷേത്ര കൊടിമരച്ചുവട്ടിൽ നടന്ന ചടങ്ങിൽ ദേവസ്വം പ്രസിദ്ധീകരിച്ച പഞ്ചാംഗം പ്രകാശനം ചെയ്താണ് മന്ത്രി മടങ്ങിയത്. പഞ്ചാംഗം പ്രകാശനത്തിന് മന്ത്രിയെത്തുമെന്ന് അറിയിപ്പൊന്നും ഉണ്ടായിരുന്നില്ല. മന്ത്രി പങ്കെടുക്കാൻ സൗകര്യമുണ്ടെന്നറിഞ്ഞപ്പോൾ ക്ഷണിച്ചതാണെന്നാണ് ദേവസ്വം അധികൃതർ വിശദീകരിക്കുന്നത്. ദേവസ്വം ഓഫിസിലും ക്ഷേത്രത്തിന് പുറത്ത് ദീപസ്തംഭത്തിന് സമീപവുമെല്ലാമാണ് നേരത്തെ പഞ്ചാംഗം പ്രകാശനം നടക്കാറുള്ളത്. തോട്ടത്തിൽ രവീന്ദ്രൻ ചെയർമാനായ മുൻ എൽ.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് നടന്ന പഞ്ചാംഗം പ്രകാശനങ്ങളെല്ലാം ദേവസ്വം ഓഫിസിലായിരുന്നു. ചടങ്ങുകളിൽ മന്ത്രിമാർ പങ്കെടുക്കാറുമില്ല. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിെൻറ കാലത്ത് നാല് വർഷം ദേവസ്വം വകുപ്പ് കൈകാര്യം ചെയ്ത സി.പി.എമ്മുകാരനായ മന്ത്രി ജി. സുധാകരൻ ഒരിക്കൽ പോലും പഞ്ചാംഗം പ്രകാശനം ചെയ്യാനെത്തിയിട്ടില്ല. സി.പി.എം രാമായണ മാസാചരണം സംഘടിപ്പിക്കുന്നുവെന്ന വിവാദം നിറഞ്ഞു നിൽക്കുന്ന സമയത്ത് കർക്കടകം ഒന്നിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ക്ഷേത്രത്തിലെത്തിയത് ശ്രദ്ധേയമായി. ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസിന് ആദ്യ പ്രതി നൽകിയായിരുന്നു പ്രകാശനം. ഭരണസമിതിയംഗങ്ങളായ കെ.കെ. രാമചന്ദ്രന്‍, പി. ഗോപിനാഥ്, എം. വിജയന്‍, എ.വി. പ്രശാന്ത്, ഉഴമലക്കല്‍ വേണുഗോപാലന്‍, അഡ്മിനിസ്‌ട്രേറ്റര്‍ സി.സി.ശശിധരന്‍, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പി. ശങ്കുണ്ണിരാജ, സി. ശങ്കരനുണ്ണി, അസി. മാനേജർമാരായ പ്രവീൺ ടി. കുമാർ, പ്രമോദ് കളരിക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.