തൃശൂർ: കർക്കടകം പുലർന്നു. രാമായണ മാസാരംഭത്തിന് തുടക്കം. ശ്രീവടക്കുന്നാഥനിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും ചൊവ്വാഴ്ച നടക്കും. ആനയൂട്ടിന് കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പങ്കെടുക്കുന്നതാണ് ഇത്തവണത്തെ പ്രത്യേകത. ആദ്യമായാണ് ആനയൂട്ടിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രെൻറ സാന്നിധ്യം. രാവിലെ അഞ്ചിന് ക്ഷേത്രത്തിന് കിഴക്കുള്ള പ്രത്യേക ഹോമകുണ്ഠത്തില്‍ ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തില്‍ മഹാഗണപതി ഹോമം നടക്കും. പതിനായിരം നാളികേരം, 3500 കിലോ ശര്‍ക്കര, 1500 കിലോ അവില്‍, 500 കിലോ മലര്‍, 300 കിലോ നെയ്യ്, കരിമ്പ്, എള്ള്, 50 കിലോ തേന്‍, നാരങ്ങ എന്നിവ ഉപയോഗിച്ചാണ് ഗണപതി ഹോമത്തിനുള്ള പ്രസാദം തയ്യാറാക്കുന്നത്. രാവിലെ 9.30ന് ഗജവീരന്‍മാര്‍ പ്രത്യേകം സജ്ജമാക്കിയ ബാരിക്കേഡിനകത്തേക്ക് പ്രവേശിക്കും. ആനകൾ അണിനിരക്കുന്നതോടെ ഉൗട്ട് ആരംഭിക്കും. ക്ഷേത്രത്തിലെത്തുന്ന ഇളമുറക്കാരനായ കൊമ്പന് ആദ്യ ഉരുള നല്‍കിയാണ് തുടക്കം. പിന്നീട് മറ്റ് ആനകള്‍ക്കും ഭക്തര്‍ ഉരുളകളും മറ്റും നല്‍കും. ഉണക്കല്ലരി, മഞ്ഞള്‍പൊടി, ഗണപതി ഹോമ പ്രസാദം, ശര്‍ക്കര, നെയ്യ് എന്നിവ ചേര്‍ത്താണ് ആനക്ക് നല്‍കാനുള്ള ചോറ് തയാറാക്കുന്നത്. കൂടാതെ കരിമ്പ്, വെള്ളരിക്ക, പഴം, ഉണ്ടശര്‍ക്കര, കൈതച്ചക്ക എന്നിവയും കരിവീരന്‍മാരെ ഊട്ടാന്‍ നല്‍കും. ആനയൂട്ടിന് എല്ലാവിധ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയതായും ആനയൂട്ട് ഒരു കോടി രൂപക്ക് ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടെന്നും വടക്കുന്നാഥ ക്ഷേത്രം ക്ഷേമസമിതി കണ്‍വീനര്‍ ടി.ആര്‍. ഹരിഹരന്‍ അറിയിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ശിവകുമാര്‍, പാറമേക്കാവ് പത്മനാഭന്‍, പുതുപ്പള്ളി കേശവന്‍ തുടങ്ങി എഴുപതോളം ആനകള്‍ ഊട്ടിനെത്തും. ക്ഷേത്രത്തിനകത്തേക്കുള്ള തിരക്ക് ഒഴിവാക്കാന്‍ പടിഞ്ഞാറേ ഗോപുരത്തോട് ചേര്‍ന്ന് മതിലിന് മുകളിലൂടെ താൽക്കാലിക വഴി ഒരുക്കിയിട്ടുണ്ട്. കനത്ത പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.