എൻജിനീയറിങ്​ കോളജുകളിലെ സായാഹ്ന കോഴ്​സ്​ നിർത്തിയതെന്തിന്​? -മനുഷ്യാവകാശ കമീഷൻ

തൃശൂർ: കോഴിക്കോട്, തൃശൂർ, കണ്ണൂർ ഗവ. എൻജിനീയറിങ് കോളജുകളിൽ ഉദ്യോഗസ്ഥർക്കായി നടത്തിയിരുന്ന സായാഹ്ന കോഴ്സുകൾ മൂന്ന് വർഷമായി നിർത്തിയത് എന്തിനാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും വിഷയം പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. ഫെലിക്സ് ലിജോ, ഇ.കെ. രഘു, എം.വി. സുമേഷ്, അനൂപ്, റിജിൻ എന്നിവർ സമർപ്പിച്ച പരാതിയിലാണ് നടപടി. കണ്ണൂർ, കോഴിക്കോട്, തൃശൂർ എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽമാർ പ്രത്യേക വിശദീകരണം സമർപ്പിക്കണം. കേസ് ആഗസ്റ്റിൽ തൃശൂരിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും. പരാതി ശരിയാണെങ്കിൽ നടപടി ഉന്നത പഠനം ആഗ്രഹിക്കുന്നവരുടെ ഭരണഘടന അവകാശങ്ങൾ കവരുന്നതാണെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. സായാഹ്ന കോഴ്സ് നടത്താൻ പ്രിൻസിപ്പൽമാരും ഫാക്കൽറ്റിയും താൽപര്യം കാണിക്കുന്നില്ലെന്നാണ് ആരോപണം. എന്നാൽ, തിരുവനന്തപുരം ഉൾപ്പെടെ ഗവ. എൻജിനീയറിങ് കോളജുകളിൽ സായാഹ്ന കോഴ്സുകൾ നടക്കുന്നുണ്ട്. പരാതി പരിഹരിക്കാൻ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. എൻജിനീയറിങ് വിഷയങ്ങളിൽ ഡിപ്ലോമ പൂർത്തിയാക്കിയവരാണ് സായാഹ്ന കോഴ്സുകളിൽ ചേർന്ന് ഡിഗ്രിക്ക് പഠിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.