തൃശൂർ: കലക്ടറേറ്റിലെയും സിറ്റി പൊലീസ് കമീഷണറുടെയും അടക്കം നിരവധി സർക്കാർ സ്ഥാപനങ്ങളുടെ ഫ്യൂസ് ഊരാനൊരുങ്ങി നഗരസഭ. കുടിശ്ശിക അടക്കാത്ത സർക്കാർ സ്ഥാപനങ്ങളുടെ വൈദ്യുതി കണക്ഷനാണ് ഇനിയൊരു അറിയിപ്പില്ലാതെ വിച്ഛേദിക്കുന്നത്. തൃശൂർ നഗരത്തിലെ 25 പ്രധാനപ്പെട്ട സർക്കാർ സ്ഥാപനങ്ങളാണ് കുടിശ്ശിക അടക്കാത്ത സ്ഥാപനങ്ങളുടെ പട്ടികയിലുള്ളത്. കോർപറേഷൻ വൈദ്യുതി വിഭാഗം ജൂൺ 22ന് മേയറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. ഒരാഴ്ചക്കകം കുടിശ്ശിക അടക്കണമെന്ന് സ്ഥാപനങ്ങളോട് നഗരസഭയുടെ വൈദ്യുതി വിഭാഗം നിർദേശിച്ചിരുന്നു. നിർദേശം അവഗണിച്ചതിനെ തുടർന്നാണ് നടപടി. പാട്ടുരായ്ക്കൽ ടൗൺ പ്ലാനിങ് നോഡൽ ഓഫിസ്, പഴയ ട്രഷറിയിലെ തഹസിൽദാറിെൻറ ഓഫിസ്, സെൻറ് തോമസ് കോളജ് റോഡിലെ ഹെഡ് നഴ്സിങ് സൂപ്രണ്ട് ഓഫിസ്, മ്യൂസിയം, മൃഗശാല, മ്യൂസിയം പമ്പ്, ചെമ്പൂക്കാവിലെ ഇറിഗേഷൻ പി.ഡബ്ല്യു.ഡി സ്റ്റോർ അസി.എൻജിനീയറുടെ ഓഫിസ്, താലൂക്ക് ഓഫിസിലെ വില്ലേജ് ഓഫിസ്, തഹസിൽദാറുടെ ഓഫിസ്, താലൂക്ക് ഓഫിസിലെ ജില്ല കലക്ടറുടെ ഓഫിസ്, മിനി സിവിൽ സ്റ്റേഷൻ, ചെമ്പൂക്കാവിലെ പി.ഡബ്ല്യു.ഡി എക്സി. എൻജിനീയറുടെ ഓഫിസ്, ഗവ. ഗേൾസ് വി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ, ചെമ്പൂക്കാവ് വാട്ടർ അതോറിറ്റി എക്സി.എൻജിനീയർ, ഗവ. മോഡൽ ബോയ്സ് ഹെഡ് മിസ്ട്രസ്, ചെമ്പുക്കാവ് എൻജിനീയറിങ് ഡിവിഷൻ, സിറ്റി പൊലീസ് കമീഷണർ-കാമറ, പാറമേക്കാവ് സബ് വേ-കാമറ, പി.ഡബ്ല്യു.ഡി എക്സി.എൻജിനീയർ, ടൗൺഹാൾ എന്നിവിടങ്ങളിലെ വൈദ്യുതിയാണ് ഇനി ഒരു ഉത്തരവ് കൂടാതെ വിച്ഛേദിക്കുകയെന്ന് നഗരസഭ വൈദ്യുതി വിഭാഗം അസി.സെക്രട്ടറിയുടെ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.