തൃശൂർ: തൃശൂർ-വാടാനപ്പള്ളി സംസ്ഥാനപാതയിൽ പടിഞ്ഞാറെകോട്ട മുതൽ എറവ് വരെ ഒമ്പതര കി.മീറ്റർ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (കെ.എസ്.ടി.പി) മാതൃകയിൽ യുദ്ധകാലാടിസ്ഥാനത്തിൽ നിർമിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. റോഡ് നിർമാണം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസം മനക്കൊടിയിൽ തകർന്ന റോഡിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചതിനെ തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് യോഗം ചേർന്നത്. റോഡിെൻറ ഒരു ഭാഗത്ത് കുഴിയടക്കൽ നടപടികൾക്കായി സർക്കാർ പണമനുവദിച്ചതായി മന്ത്രി അറിയിച്ചു. മഴയുള്ളതിനാൽ പണി മന്ദഗതിയിലാണ്. എങ്കിലും കഴിയും വേഗം കുഴിയടക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. റോഡ് നിർമാണം വേണമെന്ന് പറയുന്നവർ തന്നെയാണ് സമരവും നിവേദനവും തടസ്സപ്പെടുത്തലുമായി പ്രതിഷേധമുയർത്തുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. പാതയുടെ വീതി കൂട്ടിയ ശേഷം നിർമാണം മതിയെന്ന ആവശ്യമാണ് ജനകീയസമിതി ഉയർത്തിയത്. മരം മുറിക്കുമ്പോഴും പാലം നിർമിക്കുമ്പോഴും വൈദ്യുതിക്കാലുകൾ മാറ്റി സ്ഥാപിക്കുമ്പോഴും തടസ്സമുണ്ടായി. ഒളരി സെൻററിൽ ആദ്യം വിട്ടുകിട്ടിയ സ്ഥലത്ത് വീണ്ടും കൈയേറ്റമുണ്ടായി. കൈയേറിയ സ്ഥലം പൊളിച്ചുനീക്കാൻ ചെല്ലുമ്പോഴാണ് നിവേദനവും സമരവുമെല്ലാം ഉണ്ടാവുന്നത്. ചേറ്റുപുഴയിൽ ഉണങ്ങിയ മരങ്ങൾ മുറിക്കുന്നതിനും നിയമതടസ്സങ്ങളുണ്ട്. ഒളരി കഴിഞ്ഞുള്ള റോഡിലെ കുപ്പിക്കഴുത്തിലെ പൈപ്പ് മാറ്റാനാവില്ലെന്ന് വാട്ടർ അതോറിറ്റി അറിയിച്ചെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.