ചാവക്കാട്: കലിയടങ്ങാതെ കടൽ. തീരമേഖയിലെങ്ങും അശാന്തിയുടെ കടലിരമ്പൽ. മുനക്കക്കടവ് മുതൽ അണ്ടത്തോട് കാപ്പിരിക്കാട് വരേയുള്ള തീരമേഖലയിൽ പല വീടുകളും വെള്ളത്തിലായി. കടല്‍ ഭിത്തി തകര്‍ന്നതാണ് പ്രശ്നത്തിന് കാരണം. ശനിയാഴ്ച രാവിലെ തുടങ്ങിയ വേലിയേറ്റം ഞായറാഴ്ചയും നിലച്ചില്ല. ബ്ലാങ്ങാട് മുതല്‍ മുനക്കക്കടവ് അഴിമുഖം വരേയുള്ള ഭാഗങ്ങളിലാണ് കടൽക്ഷോഭം രൂക്ഷമായത്. തിരകൾ കയറി തീരദേശ പാതയായ അഹമ്മദ് കുരിക്കൾ രോഡും കടന്ന് വെള്ളമൊഴുകി. വെളിച്ചെണ്ണപ്പടിയിൽ റോഡിനപ്പുറമുള്ള തോടും നിറഞ്ഞ് ഏറെ ദൂരം വരെ വെള്ളമെത്തി. ആനന്ദവാടി മുതല്‍ മരക്കമ്പനി വരേയുള്ള ഭാഗങ്ങളിൽ കടല്‍ഭിത്തി തകർന്നു. ആശുപത്രി വളവ്, അഞ്ചങ്ങാടി വളവ്, മൂസ റോഡ്, വെളിച്ചെണ്ണപ്പടി, മുനക്കക്കടവ് അഴിമുഖം ഭാഗങ്ങളിലും കടൽ അടങ്ങിയിട്ടില്ല. മുനക്കക്കടവ് മേഖലയിൽ കോവിലകത്ത് അലീമ, രായം മരക്കാർ വീട്ടിൽ മുഹമ്മദ്, അമ്പലത്ത് ഹുസൈൻ, ചാലിയത്ത് ബീര കാസിം, പാഴൂർ ഹമീദ്, വല്ലങ്കി ബുഷറ, അനേംകടവിൽ ബീപാത്തുമോൾ, പുത്തൻപുരയിൽ നഫീസ, പാഴൂർ ഇബ്രാഹിംമോൻ, പണ്ടാരി കുഞ്ഞുമാമി, കറുത്ത ബിയ്യ, അനേംകടവിൽ കുഞ്ഞുമാൾ, ചിന്നക്കൽ ബക്കർ എന്നിവരുടെ വീടുകൾ വെള്ളത്തിലായി. വെളിച്ചെണ്ണപ്പടിക്ക് വടക്ക് പൊറ്റയിൽ ബാബു, പൊന്തുവീട്ടിൽ കബീർ, പുളിക്കൽ അബു, മന്ദലാംകുന്ന് കലാം, പടമാട്ടുമ്മൽ സത്യൻ, തൊട്ടാപ്പിൽ റമളാൻ പാത്തു എന്നിവരുടെ വീടുകളിൽ വെള്ളം കയറി. അറക്കല്‍ മുഹമ്മദാലി, ചാലില്‍ മുഹമ്മദ് മോന്‍, ആനാംകടവില്‍ ഹുസൈന്‍, പൊന്നാക്കാരന്‍ റാഫി, ചിന്നക്കല്‍ ബക്കര്‍, ആനാംകടവില്‍ കുഞ്ഞിമോന്‍, രായം മരക്കാര്‍ വീട്ടില്‍ ഹമീദ് മോന്‍, ചേരിക്കല്‍ സഫിയ, ചിന്നക്കല്‍ റംല, പാറപ്പുറത്ത് മുഹമ്മദ് എന്നിവരുടെ വീടുകൾ ഏതുസമയവും കടലെടുക്കാവുന്ന ഭീഷണിയിലാണ്. ചാവക്കാട് നഗരസഭയിൽ തിരുവത്ര പുത്തൻകടപ്പുറത്താണ് കടലാക്രമണം ശക്തമായത്. ഇവിടെ തീരദേശ കോർപറേഷൻ ലക്ഷങ്ങൾ മുടക്കി നിർമിച്ച ഫിഷ് ലാൻഡിങ് സെൻറർ കെട്ടിടം തകർച്ച ഭീഷണിയിലാണ്. തീരത്തുനിന്ന് എഴുപത്തഞ്ചോളം മീറ്റർ വരെ കടലെടുത്തു. പുന്നയൂർ പഞ്ചായത്തിലെ അകലാട് ബീച്ചിൽ നിരവധി വീടുകൾ വെള്ളക്കെട്ടിലായി. അണ്ടത്തോട് തങ്ങൾപ്പടി മേഖലയിലും തീരത്തോട് അടുത്ത് വീടുകളില്ല. എന്നാൽ ഈ ഭാഗത്ത് കരയുടെ കുറേഭാഗം കടലെടുത്തു. ചാവക്കാട് സ്റ്റേഷനിലെ എസ്.ഐ എ.വി. രാധാകൃഷ്ണൻ, എ.എസ്.ഐ അനിൽ മാത്യു എന്നിവരുടെ നേതൃത്വത്തിലും മുനക്കക്കടവ് തീരദേശ പൊലീസ് സ്റ്റേഷനിൽനിന്ന് എസ്.ഐ പോൾസെൻറ നേതൃത്വത്തിലും ഉദ്യോഗസ്ഥർ മേഖലയിൽ തമ്പടിച്ചിട്ടുണ്ട്. കടപ്പുറം പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ബഷീർ, ജില്ല പഞ്ചായത്തംഗം ഹസീന താജുദ്ദീൻ, മുൻ പ്രസിഡൻറ് പി.എം. മുജീബ്, അംഗങ്ങളായ കെ.ഡി. വീരമണി, പി.എ. അഷ്ക്കറലി, ഷാലിമ സുബൈർ, ഷൈല മുഹമ്മദ്, റഫീഖ് ആരിഫ്, ഷരീഫ് കുന്നത്ത്, ബ്ലോക്ക് പഞ്ചായത്തംഗം ഷാജിത ഹംസ എന്നിവരും മേഖല സന്ദർശിച്ചു. തിരുവത്രയിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ.എച്ച്. സലാം, സി.പി.എം നേതാവ് ടി.എം. ഹനീഫ എന്നിവർ സന്ദർശിച്ചു. കാറ്റ് ശക്തമാകാൻ സാധ്യത ചാവക്കാട്: കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കി.മീറ്റർ വേഗതയിലും ചിലപ്പോൾ മണിക്കൂറിൽ 70 കി. മീറ്റർ വേഗതയിലും കാറ്റടിക്കാൻ സാധ്യതയെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിെൻറ മധ്യ ഭാഗത്തും തെക്കുപടിഞ്ഞാറു ഭാഗത്തും വടക്കു ഭാഗത്തും കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ അകാൻ സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്. മുന്നറിയിപ്പ് ഞായറാഴ്ച രണ്ടു മണി മുതൽ അടുത്ത 24 മണിക്കൂറിലേക്ക് ബാധകമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.