എരുമപ്പെട്ടി: പ്രമുഖ ബിസിനസ് ഗ്രൂപ്പിെൻറ പേരിൽ വനിത മൈക്രോ ഫിനാൻസ് സംഘങ്ങൾ രൂപവത്കരിച്ച് വായ്പ നൽകാമെന്ന് പ്രലോഭിപ്പിച്ച് ലക്ഷങ്ങൾ തട്ടിയതായി പരാതി. തൃശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ ഇരുന്നൂറോളം സ്ത്രീകളാണ് തട്ടിപ്പ് സംഘത്തിനെതിരെ എരുമപ്പെട്ടി പൊലീസിൽ പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്യാൺ ശ്രേയസ് ഗ്രൂപ് എന്ന പേരിൽ മൈക്രോ ഫിനാൻസ് സംഘങ്ങൾ രൂപവത്കരിച്ച് അംഗങ്ങൾക്ക് ഒന്നര ലക്ഷം രൂപ വീതം വായ്പ നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിെൻറ ഫീൽഡ് മാനേജർമാരാണെന്ന് പരിചയപ്പെടുത്തിയ വേലൂർ സ്വദേശിനി സുജ (സുജിത), പേരാമംഗലം സ്വദേശി പ്രശാന്ത് എന്നിവർ രേഖകൾ തയാറാക്കാനാണെന്ന് പറഞ്ഞ് ഓരോ അംഗങ്ങളിൽ നിന്നും 5000 രൂപ വീതം തട്ടിയെന്നും പുറമെ സ്റ്റാമ്പ് പേപ്പർ, വസ്തുവിെൻറ നികുതി അടച്ച രസീത്, ചെക്ക് ലീഫ് എന്നിവയും വാങ്ങിയതായി നിക്ഷേപത്തട്ടിപ്പിനിരയായവർ നൽകിയ പരാതിയിൽ പറയുന്നു. ഇത്തരത്തിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ സംഘങ്ങൾ രൂപവത്കരിച്ച് ഇരുന്നൂറിൽ പരം സ്ത്രീകളിൽ നിന്നും പണം തട്ടിയതായാണ് പരാതി. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഘാംഗങ്ങളിൽ നിന്നും പണം പിരിച്ചത്. രേഖകൾ തയാറാക്കി 45 ദിവസത്തിനുള്ളിൽ പണം നൽകുമെന്നാണ് ഇവർ അറിയിച്ചിരുന്നത്. കാലാവധി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും വായ്പ തുക ആർക്കും ലഭിച്ചില്ല. തട്ടിപ്പിനെതിരെ സംഘാംഗങ്ങൾ പരാതി നൽകുമെന്നറിയിച്ചപ്പോൾ ഞായറാഴ്ച സുജയുടെ വേലൂരിലെ വീട്ടിലെത്തിയാൽ പണം നൽകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ നിക്ഷേപകർ വീട്ടിലെത്തുംമുമ്പ് വീട്പൂട്ടി സുജ മുങ്ങിയതായി പരാതിയിൽ പറയുന്നു. സുജയുടെയും പ്രശാന്തിെൻറയും മൊബൈൽ ഫോണുകളും സ്വിച്ച് ഓഫാണ്. ഇേതത്തുടർന്നാണ് തട്ടിപ്പിനിരയായ വനിതകൾ എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. വേലൂർ, കിരാലൂർ, വടക്കാഞ്ചേരി, ഓട്ടുപാറ, ചിറ്റണ്ട , പഴുന്നാന, മാറ്റാമ്പുറം എന്നിവിടങ്ങളിലെ സ്ത്രീകളാണ് ഇപ്പോൾ പരാതി നൽകിയത്. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും കൂടുതൽ പരാതികൾ വരും ദിവസങ്ങളിൽ ലഭിക്കുമെന്നും നിക്ഷേപകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.