ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി മോർച്ചറി അടഞ്ഞിട്ട് മൂന്നുമാസം പണി തന്നത് എലിയും ഉറുമ്പും: പണിയെടുക്കാതെ അധികൃതർ

ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയുടെ പ്രവര്‍ത്തനം നിര്‍ത്തിയിട്ട് മൂന്നുമാസം. ഫ്രീസർ അറ്റകുറ്റപ്പണി നടത്താനുള്ള നടപടി ഇതുവരെ അധികൃതർ സ്വീകരിച്ചിട്ടില്ല. ഏപ്രില്‍ 15 നാണ് മോര്‍ച്ചറിയുടെ പ്രവര്‍ത്തനം നിര്‍ത്തി സൂപ്രണ്ട് ഉത്തരവിട്ടത്. മോര്‍ച്ചറിയില്‍ വെക്കുന്ന മൃതദേഹങ്ങള്‍ എലി കടിക്കുന്നതായും ഉറുമ്പരിക്കുന്നതായും പൊലീസ് തന്നെ പരാതി ഉയർത്തിയ സാഹചര്യത്തിലാണ് മോര്‍ച്ചറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. മൂന്നുമാസം കഴിഞ്ഞിട്ടും മോർച്ചറി തുറക്കാത്തതിനെതിരെ കഴിഞ്ഞ ദിവസം ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നു. മോര്‍ച്ചറി നവീകരണം എന്ന പേരില്‍ ഇത്രനാളും അടച്ചിട്ട് സ്വീകരിച്ച നടപടിയെന്തെന്ന് ജനപ്രതിനിധികൾ ചോദിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാജി നക്കരയാണ് ഇക്കാര്യത്തില്‍ താലൂക്കാശുപത്രി സൂപ്രണ്ട് മിനിമോളോട് വിശദീകരണം ആവശ്യപ്പെട്ടത്. മോര്‍ച്ചറിക്കെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ആശുപത്രി മാനേജ്മ​െൻറ് കമ്മിറ്റിയുമായി കൂടി ആലോചിച്ചാണ് മോര്‍ച്ചറി അടച്ചിടാന്‍ തീരുമാനിച്ചതെന്നും നഗരസഭ ഓണ്‍ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ പാസായിട്ടുണ്ടെന്നും എത്രയും വേഗം നവീകരണം പൂര്‍ത്തിയാക്കി മോര്‍ച്ചറി തുറന്ന് നല്‍കുമെന്നും സൂപ്രണ്ട് അറിയിച്ചു. പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ എത്തുമ്പോള്‍ ഉറുമ്പുകള്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹങ്ങളാണ് ലഭിക്കുന്നതെന്നായിരുന്നു പൊലീസ് പരാതി. താലൂക്ക് വികസനസമിതി യോഗത്തില്‍ ട്രാഫിക് പൊലീസ് എസ്.ഐ തോമസ് വടക്കനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അപകടമരണങ്ങളില്‍ മൃതദേഹങ്ങളില്‍ ഉണ്ടാകുന്ന മുറിവുകള്‍ കേസുകളെ ബാധിക്കുന്നുണ്ടെന്നും ഇതിനു പരിഹാരമായി മോര്‍ച്ചറിയില്‍ ഫ്രീസര്‍ സ്ഥാപിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. ജനറല്‍ ആശുപത്രിയില്‍ വരുന്ന മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകേണ്ട ഗതികേടിലാണിപ്പോള്‍. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് മൃതദേഹം കിട്ടാന്‍ സമയം വൈകുന്നതായും പൊലീസ് ഇന്‍ക്വസ്റ്റുകള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അധികൃതര്‍ ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.