വിദ്യാർഥികളുടെ നിരക്ക് വർധന ആവശ്യവുമായി ബസുടമകൾ വീണ്ടും

തൃശൂർ: ഡീസൽ വില വർധനയുടെ പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വീണ്ടും ബസുടമകൾ. തൃശൂരിൽ ചേർന്ന സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സെൻട്രൽ കമ്മിറ്റി യോഗത്തിലാണ് ആവശ്യം. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർവിസ് നിർത്തുന്നതടക്കം സമരപരിപാടികൾക്കും യോഗം തീരുമാനിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള കെ.എസ്.ആർ.ടി.സിയിൽ മുൻകൂർ കാശ് നൽകി കാർഡ് വാങ്ങുന്ന ചുരുക്കം ചില വിദ്യാർഥികൾക്കേ കൺെസഷൻ അനുവദിക്കുന്നുള്ളൂ. ഇക്കാരണത്താൽ 95 ശതമാനം വിദ്യാർഥികളും ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. കെ.എസ്.ആർ.ടി.സി ബസുകളിലും വിദ്യാർഥികൾക്ക് യാത്രാ സമയത്ത് അതത് യാത്രകൾക്കുള്ള ടിക്കറ്റ് സമ്പ്രദായം ഏർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. 15 വർഷം മാത്രം സർവിസ് നടത്താൻ അനുവാദമുള്ള സ്റ്റേജ് ക്യാരേജ് ബസുകൾക്ക് 20 വർഷം കാലാവധി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. 15 വർഷം കാലാവധി നിശ്ചയിച്ചിരുന്ന കാലഘട്ടത്തിൽ ഒരു പുതിയ ബസ് നിരത്തിലിറക്കാൻ ഒമ്പത് ലക്ഷം മതിയായിരുന്നു. ഇപ്പോൾ ഒരു ബസ് നിരത്തിലിറക്കണമെങ്കിൽ 32 ലക്ഷം മുതൽ മുടക്കണം. കാലാവധി തീരാറായ ബസുകൾക്ക് പകരം, പുതിയ ബസുകൾ നിരത്തിലിറക്കാൻ കഴിയാതെ വർഷങ്ങളായി സർവിസ് നടത്തുന്ന പെർമിറ്റുകൾ സറണ്ടർ ചെയ്യേണ്ട ഗതികേടിലാണെന്നും യോഗം വ്യക്തമാക്കി. പ്രസിഡൻറ് എം.ബി.സത്യൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ലോറൻസ് ബാബു, ട്രഷറർ ഹംസ ഏരിക്കുന്നൻ, ആേൻറാ ഫ്രാൻസിസ്, രാജ്കുമാർ കരുവാരത്തിൽ, വേലായുധൻ, സത്യൻ പാലക്കാട്, ചന്ദ്രബാബു, ജയരാജ്, ജില്ല ഭാരവാഹികളായ എം.എസ്.പ്രേംകുമാർ, എം.തുളസീദാസ്, രാജശേഖരൻ, സുധീർ, ചാക്കോ, സുരേഷ് കോട്ടയം, രവി പാലക്കാട് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.