പുത്തൻ ഭാവത്തിൽ 'കടമറ്റത്തു കത്തനാർ'ക്ക്​ മൂന്നാം ജന്മം

തൃശൂർ: കലാനിലയത്തി​െൻറ 'കടമറ്റത്തു കത്തനാർ'ക്ക് മൂന്നാം ജന്മം. ഇത്തവണ പുത്തൻ ഭാവത്തിലാണ് ഇൗ മാന്ത്രിക നാടകം എത്തുന്നത്. കത്തനാരുടെ വ്യക്തിജീവിതത്തിന് ദൃശ്യഭാഷ പകർന്നും മാന്ത്രിക ജീവിതം അവസാനിപ്പിച്ച് വിശ്വാസ ലോകത്ത് സഭയുടെ കാനോൻ നിയമങ്ങളിലേക്ക് കത്തനാർ മടങ്ങുന്നതടക്കമുള്ള ഒേട്ടറെ മാറ്റങ്ങളോടെയുമാണ് നാടകം വീണ്ടും അരങ്ങിലെത്തുന്നതെന്ന് കലാനിലയം കൃഷ്ണൻ നായരുടെ മകൻ കൂടിയായ കലാനിലയം അനന്തപത്മനാഭൻ പറഞ്ഞു. കാലിക മാറ്റങ്ങൾക്കനുസരിച്ച് ആധുനിക സജ്ജീകരണങ്ങളോടെയാണിതെന്നും അദ്ദേഹം പറഞ്ഞു. 150ല്‍പരം കലാകാരന്മാരെ അണിനിരത്തിയാണ് വീണ്ടും നാടകമെത്തുന്നത്. കടമറ്റം പള്ളി, പനയന്നാര്‍ക്കാവ്, കുഞ്ചമണ്‍ മഠം, ഘോരവനം, വെള്ളച്ചാട്ടങ്ങൾ തുടങ്ങിയ കാഴ്ചകൾ നാടകത്തിലുണ്ടാവും -അനന്തൻ പറഞ്ഞു. തൃശൂർ പൂരപ്പറമ്പിൽ അധികം താമസിയാതെ കലാനിലയത്തി​െൻറ സ്ഥിരം നാടകവേദി ഉയരും. 1965ല്‍ പൂരപ്പറമ്പിൽ തന്നെയായിരുന്നു നാടകം ആദ്യമായി അവതരിപ്പിച്ചത്. സി.ഐ. പോളാണ് കത്തനാർക്ക് ജീവൻ പകർന്നത്. 47 വര്‍ഷം തുടര്‍ച്ചയായി ഇൗ നാടകം കലാനിലയം അവതരിപ്പിച്ചു. കൃഷ്ണന്‍ നായരായിരുന്നു സംവിധാനം. പിന്നീട് കലാനിലയത്തി​െൻറ പ്രവർത്തനം നിലച്ചു. 2003ൽ ജഗതി ശ്രീകുമാറി​െൻറ പങ്കാളിത്തത്തോടെ കലാനിലയം പുനർജീവിച്ചു. എന്നാൽ ഇത് അധികനാൾ നീണ്ടു നിന്നില്ല. കലാനിലയത്തി​െൻറ പല നാടകങ്ങളും രചിച്ചത് ജഗതി ശ്രീകുമാറി​െൻറ പിതാവായ ജഗതി എൻ.കെ ആചാരി ആണ്. പുതിയ അഭിനേതാക്കൾക്ക് വ്യാഴാഴ്ച സ്‌ക്രിപ്റ്റ് നൽകി. പ്രവേശന ഗോപുര മാതൃക അനാച്ഛാദനം സംവിധായകന്‍ കമലും സ്‌ക്രിപ്റ്റ് പ്രകാശനം തിരക്കഥാകൃത്ത് ജോണ്‍ പോളും നിര്‍വഹിച്ചു. മാര്‍ അപ്രേം, നാടകകൃത്ത് സി.എല്‍. ജോസ്, സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റർ, ടി.എ. സുന്ദര്‍മേനോന്‍, സംവിധായകരായ അമ്പിളി, പ്രജേഷ് സെൻ, ബാബു നാരായണൻ, എ.യു. രഘുരാമന്‍ പണിക്കര്‍, ബിന്നി ഇമ്മട്ടി, എൻ. മാധവൻകുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.