ചുമട്ടു തൊഴിലാളി കൂലിത്തർക്കം

തൃശൂർ: ചുമട്ടുതൊഴിലാളികളുടെ പുതുക്കിയ കൂലി നിരക്കിനെതിരെ വ്യാപാരികളുടെ കടയടപ്പുസമരത്തിൽ വ്യാപാരമേഖല സ്തംഭിച്ചു. ഹോട്ടലുകളും മെഡിക്കൽ സ്റ്റോറുകളും മാത്രമാണ് തുറന്നു പ്രവർത്തിച്ചത്. ചുമട്ടുതൊഴിലാളി കൂലി ഏകപക്ഷീയമായി വര്‍ധിപ്പിച്ച ജില്ല ലേബര്‍ ഓഫിസറുടെ നടപടിയില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി, ചേംബർ ഓഫ് കോമേഴ്സ്, മർച്ചൻറ്സ് അസോസിയേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സമരം. വ്യാപാരികള്‍ നഗരത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന ധര്‍ണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് കെ.വി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. നോട്ട് നിരോധനവും ജി.എസ്.ടിയും വ്യാപാര മേഖലയിൽ പ്രതിസന്ധിയുണ്ടാക്കിയിരിക്കെ വ്യാപാരികളുടെ ബുദ്ധിമുട്ടുകൾ പരിഗണിക്കാതെ ഏകപക്ഷീയമായി കൂലിവർധിപ്പിച്ച ലേബർ ഓഫിസറുടെ നടപടി പ്രതിഷേധാർഹമാണെന്ന് അദ്ദേഹം ആരോപിച്ചു. വ്യാപാരി വ്യവസായി സമിതി ജില്ല സെക്രട്ടറി കെ.എം. ലെനിന്‍ അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി എന്‍.ആര്‍. വിനോദ്കുമാര്‍, മര്‍ച്ചൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് ഡോ. എം. ജയപ്രകാശ്, ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡൻറ് സി.എ. സലിം, യൂത്ത് വിങ് പ്രസിഡൻറ് അബി, വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡൻറ് ജോയ് പ്ലാശേരി, എൻ.ഐ. വർഗീസ്, സേവ്യർ ചിറയത്ത്, ജോർജ് കുറ്റിച്ചാക്കു, ജോയ് മൂത്തേടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതുക്കിയ കൂലി നൽകും; അപ്പീലിന് പോകും തൃശൂർ: ജില്ല ലേബർ ഓഫിസർ പുറപ്പെടുവിച്ച 20 ശതമാനം കൂലി നഗരത്തിലെ ചുമട്ടു തൊഴിലാളികൾക്ക് നൽകാൻ വ്യാപാരികളിൽ ധാരണ. പുതുക്കിയ കൂലിയെ ചൊല്ലി വ്യാപാരികളിലും ചുമട്ടുതൊഴിലാളികളിലും പ്രതിഷേധമുണ്ട്. കൂലി പട്ടിക പുതുക്കേണ്ട കാലാവധി അതിക്രമിക്കുകയും ഏഴ് ചർച്ചകൾ പൂർത്തിയാക്കിയിട്ടും സംഘടനകൾ ധാരണയിലെത്താത്ത സാഹചര്യത്തിലായിരുന്നു ഇക്കഴിഞ്ഞ 30ന് ലേബർ ഓഫിസർ കൂലി 20 ശതമാനമാക്കി ഉത്തരവിറക്കിയത്. കൂലി കുറച്ചുവെന്ന ആരോപണമുയർത്തി തൊഴിലാളികളും വർധിപ്പിച്ചുവെന്ന ആരോപണവുമായി വ്യാപാരികളും രംഗത്തിറങ്ങി. കടയടപ്പ് സമരം നടത്തിയെങ്കിലും ഡി.എൽ.ഒ പുറപ്പെടുവിച്ച കൂലി നൽകാൻ വ്യാപാരികൾ നിർബന്ധിതരാണ്. ഡി.എൽ.ഒ പുറപ്പെടുവിച്ച ഉത്തരവ് മരവിപ്പിക്കുന്നതിനും തുടർ ചർച്ചകൾക്കുമായി കലക്ടറെയും, ലേബർ കമീഷണറെയും വ്യാപാരികൾ സമീപിച്ചുവെങ്കിലും തങ്ങൾക്ക് ഇടപെടാനാവില്ലെന്ന് അറിയിച്ചു. ഉത്തരവിനെതിരെ അപ്പീൽ നൽകാമെന്നുമായിരുന്നു അറിയിച്ചത്. എന്നാൽ കൂലി നൽകാതിരിക്കുന്നത് വ്യാപാര മേഖലയിൽ സംഘർഷത്തിനിടയാക്കും. ഇത് ഏറെ പ്രതികൂലമായി ബാധിക്കുമെന്നാണ് വ്യാപാരികൾക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഈ സാഹചര്യത്തിലാണ് 20 ശതമാനമെന്ന പരിഷ്കരിച്ച കൂലി നൽകാനുള്ള വ്യാപാരികളുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.