പുലിയും ആനയും കാടിറങ്ങുന്നു; ഉറക്കമില്ലാതെ മലയോരഗ്രാമങ്ങൾ

കൊടകര: കാടിറങ്ങുന്ന വന്യജീവികള്‍ മലയോര പഞ്ചായത്തുകളിലെ കര്‍ഷക ഗ്രാമങ്ങളുടെ ഉറക്കം കെടുത്തുന്നു. മറ്റത്തൂര്‍, കോടശേരി, വരന്തരപ്പിള്ളി പഞ്ചായത്തുകളിലെ വനാതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ താമസിക്കുന്നവരാണ് ഭീതിയില്‍ കഴിയുന്നത്. കാട്ടാന, പുലി, കാട്ടുപന്നി തുടങ്ങിയവയുടെ വിഹാരമാണ് മേഖലയിൽ മലയോര കര്‍ഷകര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും പേടിസ്വപ്‌നമാകുന്നത്. ആറുമാസത്തിനിടെ മലയോരത്തെ നിരവധി പ്രദേശങ്ങളില്‍ കാട്ടാന കൃഷി നശിപ്പിച്ചു. മറ്റത്തൂര്‍ പഞ്ചായത്തിലെ ചൊക്കന, കാരിക്കടവ്, അമ്പനോളി, പോത്തന്‍ചിറ, പത്തുകുളങ്ങര, മുപ്ലി, താളൂപ്പാടം, കോടശേരി പഞ്ചായത്തിലെ രണ്ടുകൈ, ചായ്പന്‍കുഴി പ്രദേശങ്ങളിലാണ് പതിവായി കാട്ടാനയിറങ്ങുന്നത്. മിക്ക രാത്രികളിലും ഈ പ്രദേശങ്ങളില്‍ കാട്ടാനകളെത്തുന്നുണ്ട്. ചൊക്കനയിലെ കാരിക്കടവ് പുഴയോരത്തെ പള്ളം പ്രദേശത്ത് പകല്‍ പോലും ആനയെ കാണാനാകും. കഴിഞ്ഞ ദിവസം ചൊക്കന റബര്‍ എസ്‌റ്റേറ്റിലെ ക്വാര്‍ട്ടേഴ്‌സുകള്‍ക്കു സമീപം കാട്ടാന വാഴകൃഷി നശിപ്പിച്ചിരുന്നു. തൊട്ടടുത്ത ദിവസം അമ്പനോളിയിലെ പറമ്പിലിറങ്ങിയ ആന തെങ്ങ്, കവുങ്ങ് എന്നിവ നശിപ്പിച്ചു. തിങ്കളാഴ്ച രാത്രി പത്തുകുളങ്ങരയിലും മുപ്ലിയിലും കാട്ടാനക്കൂട്ടം നാശമുണ്ടാക്കി. മലയോര ഗ്രാമങ്ങളില്‍ ധാരാളമുള്ള പ്ലാവുകളില്‍ പഴുത്ത ചക്കകള്‍ വ്യാപകമായതാണ് ഈ സീസണില്‍ കാട്ടാനകളെ ജനവാസമേഖലയിലേക്ക് ആകര്‍ഷിക്കാൻ പ്രധാന കാരണം. വനാതിര്‍ത്തിയിലെ പറമ്പുകളിലെ പ്ലാവുകളിലുള്ള പഴുത്ത ചക്കയുടെ ഗന്ധം പിന്തുടര്‍ന്നാണ് ഇവ എത്തുന്നത്. ഒരാഴ്ച മുമ്പ് പത്തുകുളങ്ങര ഗ്രാമത്തോടു ചേര്‍ന്ന വനാതിര്‍ത്തിയില്‍ മേഞ്ഞ പോത്തിനെ പുലിപിടിച്ചത് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്. പുലിയെ പിടികൂടുന്നതിനായി വനപാലകര്‍ ബുധനാഴ്ച ഇവിടെ കൂട് സ്ഥാപിച്ചു. പുലിയെ ആകര്‍ഷിക്കുന്നതിനായി കൂട്ടില്‍ നായയെ കെട്ടിയിട്ടിരിക്കുകയാണ്. ചൊക്കന, പത്തരക്കുണ്ട്്, നായാട്ടുകുണ്ട് പ്രദേശങ്ങളിലും ജനം പുലിഭീതിയിലാണ്. ജനവാസ മേഖലയോട് ചേർന്ന കാട്ടിൽ വിഹരിക്കുന്ന ആനകളെ വനംവകുപ്പ് മുന്‍കൈയെടുത്ത് ഉള്‍ക്കാട്ടിൽ തുരത്തിയാല്‍ കാട്ടാനശല്യം കുറക്കാനാകും. വനാതിര്‍ത്തിയില്‍ കാര്യക്ഷമമായി സൗരോര്‍ജവൈദ്യുതി വേലി സ്ഥാപിച്ചാൽ വന്യജീവി ശല്യം ഒരുപരിധിവരെ തടയാനാകും. നായാട്ടുകുണ്ട്, പത്തരക്കുണ്ട് പ്രദേശങ്ങളില്‍ സൗരോര്‍ജ വേലി കെട്ടിയിട്ടുണ്ടെങ്കിലും വന്യജീവി ശല്യം അനുഭവപ്പെടുന്ന മറ്റ് പ്രദേശങ്ങളില്‍ കൂടി ഇത്തരം വേലികള്‍ സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.