തൃശൂർ: സാഹിത്യ അക്കാദമി ഹാളിൽ എഴുത്തുകാരികളുടെ ഛായാചിത്രങ്ങൾക്ക് ഇടം കണ്ടെത്തുമെന്ന് അക്കാദമി പ്രസിഡൻറ് വൈശാഖൻ. ഏറെ നാളായി എഴുത്തുകാരികളും സാംസ്കാരിക പ്രവർത്തകരും ഉയർത്തുന്ന ആവശ്യമാണ് യാഥാർഥ്യമാകുന്നത്. മലയാളത്തിലെ മൺമറഞ്ഞ പ്രധാന എഴുത്തുകാരുടെ ഛായാചിത്രങ്ങൾ സാഹിത്യ അക്കാദമി ഹാളിലും സ്മൃതി മണ്ഡപത്തിലുമായി തൂക്കുന്ന പതിവുണ്ട്. സാഹിത്യ അക്കാദമിയുടെ പ്രധാന ഹാളിൽ ഇതുവരെ സ്ഥാനം പിടിച്ചിരിക്കുന്നത് ഒരേയൊരു എഴുത്തുകാരിയുടെ ചിത്രം മാത്രമാണ്. ബാലാമണിയമ്മയൊഴിച്ച് മലയാളത്തിലെ എഴുത്തുകാരികളാരും പ്രധാന ഹാളിൽ ഇടം പിടിച്ചിട്ടില്ല. ലളിതാംബിക അന്തർജനത്തിെൻറ ചിത്രം സ്മൃതി മണ്ഡപത്തിൽ തൂക്കിയിട്ടുണ്ടെങ്കിലും സാഹിത്യ അക്കാദമി മാധവിക്കുട്ടി, കെ. സരസ്വതിയമ്മ, രാജലക്ഷ്മി, സിസ്റ്റര്‍ മേരി ബനീഞ്ഞ തുടങ്ങിയ പ്രമുഖ എഴുത്തുകാരികളെയെല്ലാം അവഗണിക്കുകയായിരുന്നു. ഇത് വലിയ അനീതിയാണെന്നും ഇതിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്നും സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ പറഞ്ഞു. വാസ്തവത്തിൽ നമ്മുടെ പുരുഷാധിപത്യ ബോധത്തിൽ നിന്നാണ് ഇത്തരം അവസ്ഥയുണ്ടായത്. സ്ഥലപരിമിതി മൂലം അക്കാദമി ഇപ്പോൾ പോർട്രെയ്റ്റുകൾ വരപ്പിക്കാറില്ല. ഇപ്പോഴുള്ള ചിത്രങ്ങൾ മാറ്റി പുതിയവക്ക് ഇടം കണ്ടെത്തിയാൽ അതുമായി ബന്ധപ്പെട്ടവർ വലിയ പ്രശ്നങ്ങളുണ്ടാക്കും. ഛായാചിത്രങ്ങൾക്കായി പുതിയ ഒരു വരി നിർമിച്ച് അതിൽ സ്ത്രീകളായ എഴുത്തുകാരികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. അടുത്ത എക്സിക്യുട്ടീവ് യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. ഈ ഭരണസമിതിയുടെ കാലയളവിൽ തന്നെ ലക്ഷ്യം പൂർത്തീകരിക്കുമെന്നും വൈശാഖൻ അറിയിച്ചു. അക്കാദമിയിൽ ഛായാചിത്രങ്ങൾ പ്രദർശിപ്പിക്കാനായി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സംവിധാനം ഏർപ്പെടുത്താനും ആലോചിക്കുന്നുണ്ട്. ചിത്രങ്ങൾ മാറി പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ സ്ക്രീനാണ് ഉദ്ദേശിക്കുന്നത്. കാലം ചെല്ലുന്തോറും ചിത്രങ്ങളുടെ എണ്ണം കൂടിവരികയാണ്. അതെല്ലാം ഉൾക്കൊള്ളിക്കാൻ മറ്റെന്തെങ്കിലും സംവിധാനം ഏർപ്പെടുത്തിയേ തീരൂവെന്നും വൈശാഖൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.