കൊടകര: ഈറ്റ കിട്ടാനില്ലാതായതോടെ കുട്ടയും മുറയും നെയ്ത് ഉപജീവനം നടത്തുന്ന പരമ്പരാഗത തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിൽ. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സാംബവ സമുദായക്കാരായ അഞ്ഞൂറോളം കുടുംബങ്ങളാണ് ബാംബൂ കോർപറേഷനില്‍നിന്ന് ഈറ്റ കിട്ടാത്തതിനാല്‍ ദുരിതമനുഭവിക്കുന്നത്. കൂടപ്പുഴയിലെ ബാംബൂ കോർപറേഷന്‍ വക ഉപ സംഭരണകേന്ദ്രത്തില്‍നിന്നാണ് ജില്ലയിലെ സാംബവ സമുദായക്കാര്‍ക്ക് ഈറ്റ വിതരണം ചെയ്യാറുള്ളത്. എന്നാല്‍ മഴക്കാലം തുടങ്ങിയതോടെ ഗോഡൗണില്‍ ഈറ്റ എത്താതായി. അങ്കമാലിയിലെ ബാംബൂ കോർപറേഷന്‍ ആസ്ഥാനത്തുനിന്ന് ഈറ്റ എത്തിക്കാത്തതാണ് ഇതിന് കാരണമെന്നു പറയുന്നു. പോട്ട, ഉറുമ്പുകുന്ന്, താണിപ്പാറ, വി.ആര്‍.പുരം, നന്തിക്കര, നെല്ലായി എന്നിവിടങ്ങളില്‍ മാത്രം നിരവധി കുടുംബങ്ങൾക്കാണ് ഈറ്റക്ഷാമം മൂലം വരുമാനം നിലച്ചിട്ടുള്ളത്. ചാലക്കുടി, ഇരിങ്ങാലക്കുട, മൂന്നുപീടിക എന്നിവിടങ്ങളിലെ മാര്‍ക്കറ്റുകളിലാണ് ഇവര്‍ നെയ്തുണ്ടാക്കുന്ന കുട്ടയും മുറവും വിറ്റഴിക്കാറുള്ളത്. ഉല്‍പന്നങ്ങള്‍ക്ക് ആവശ്യത്തിന് വില ലഭിക്കുന്നുണ്ട് എന്നതും ഇവര്‍ക്ക് ആശ്വാസമേകുന്നു. ബാംബൂ കോർപറേഷെൻറ കീഴില്‍ ചാലക്കുടിയിലുള്ള സബ് സെൻററില്‍ നിന്നാണ് സബ്സിഡി പ്രകാരം കുടുംബങ്ങള്‍ ഈറ്റ വാങ്ങിയിരുന്നത്. ഒരു കുടുംബത്തിന് ആഴ്ചയില്‍ രണ്ട് കെട്ട് ഈറ്റയെങ്കിലും വിവിധ ഉല്‍പന്നങ്ങള്‍ നിർമിക്കാന്‍ ആവശ്യമുണ്ട്. എന്നാല്‍ ഈറ്റ വാങ്ങാന്‍ ചെല്ലുമ്പോള്‍ സ്റ്റോക്കില്ലെന്നാണ് അധികൃതര്‍ പറയുന്നതെന്ന് വര്‍ഷങ്ങളായി കുട്ടയും മുറവും നെയ്ത് ഉപജീവനം നടത്തുന്ന ഉറുമ്പന്‍കുന്ന് സ്വദേശി പേരാമ്പ്രത്ത് സുബ്രഹ്മണ്യന്‍ പറഞ്ഞു. മഴക്കാലമായതോടെ കാട്ടില്‍ ഈറ്റ വെട്ട് സജീവമല്ലാത്തതാണ് ക്ഷാമത്തിന് കാരണമായി പറയുന്നത്. എന്നാല്‍ സ്വകാര്യ സംരംഭകര്‍ക്ക് കൂടുതല്‍ വിലയ്ക്ക് ഈറ്റ വില്‍പന നടത്തുന്ന അധികൃതര്‍ പരമ്പരാഗത തൊഴിലാളികളെ അവഗണിക്കുകയാണെന്ന് ഇവര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.