ആനത്താവളത്തിൽ സുഖചികിത്സക്ക് തുടക്കമായി

ഗുരുവായൂര്‍: ആനത്താവളത്തിലെ ആനകൾ ഇനി ഒരുമാസം സുഖചികിത്സയുടെ സ്നേഹച്ചൂടിൽ. ഔഷധക്കൂട്ടുകളടങ്ങിയ ചോറുരുള പി.കെ. ബിജു എം.പി കൊമ്പൻ ജൂനിയർ വിഷ്ണുവി​െൻറ വായിലേക്ക് വെച്ചുകൊടുത്തതോടെ സുഖചികിത്സക്ക് തുടക്കമായി. കെ.വി. അബ്ദുൽഖാദർ എം.എൽ.എ, ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് എന്നിവരും ആനകൾക്ക് ചോറുരുള നൽകി. ജൂനിയർ വിഷ്ണു, ഗോപീകൃഷ്ണൻ, ലക്ഷ്മി കൃഷ്ണ എന്നിവർക്കാണ് വി.ഐ.പികൾ ഉരുള നൽകിയത്. സുഖചികിത്സയുടെ ഉദ്ഘാടനത്തിനായി ഉച്ചക്ക് 2.30ഓടെ ആനകളെല്ലാം ആനത്താവളത്തി​െൻറ വടക്കുഭാഗത്തെ മുറ്റത്ത് അണിനിരന്നു. മദപ്പാടിലല്ലാത്ത 28 ആനകൾക്കാണ് ഞായറാഴ്ച സുഖചികിത്സ ആരംഭിച്ചത്. ഗുരുവായൂർ പത്മനാഭൻ, നന്ദൻ, ഇന്ദ്രസെൻ തുടങ്ങിയ പ്രശസ്ത കൊമ്പന്മാർ അടക്കമുള്ളവക്ക് മദപ്പാട് കാലത്തിന് ശേഷം ചികിത്സ നൽകും. 49 ആനകളാണ് ആനത്താവളത്തിലുള്ളത്. കൗൺസിലറും മുൻ നഗരസഭാധ്യക്ഷനുമായ ടി.ടി. ശിവദാസൻ, വടക്കാഞ്ചേരി നഗരസഭ ഉപാധ്യക്ഷൻ അനൂപ് കിഷോർ, ദേവസ്വം ഭരണസമിതി അംഗങ്ങളായ എം. വിജയൻ, പി. ഗോപിനാഥൻ, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ സി. ശങ്കർ, മാനേജർ ടി.വി. കൃഷ്ണദാസ്, ആനചികിത്സ വിദഗ്ധരായ ആവണപറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട്, ഡോ. കെ. വിവേക്, ഡോ. കെ.കെ. മുരളീധരൻ, ഡോ. ടി.എസ്. രാജീവ് എന്നിവർ പങ്കെടുത്തു. മൂന്ന് കിലോ അരിയുടെ ചോറ്, ഓരോ കിലോവീതം വേവിച്ച ചെറുപയറും മുതിരയും, 200 ഗ്രാം ച്യവനപ്രാശം, 100 ഗ്രാം അഷ്ടചൂർണം, 25 ഗ്രാം മിനറൽ മിക്സ്ചർ, 50 ഗ്രാം മഞ്ഞൾപൊടി തുടങ്ങിയവയും വൈറ്റമിൻ ടോണിക്കുകളുമാണ് ഓരോ ദിവസവും സുഖചികിത്സാക്കാലത്ത് ആനകളുടെ മെനു. ഇതിന് പുറമെ പതിവുള്ള പനമ്പട്ടയും പുല്ലുമുണ്ട്. 'അഞ്ച് സുന്ദരികളും'ഹാജർ ഗുരുവായൂർ: സുഖചികിത്സക്ക് ആനത്താവളത്തിലെ 'അഞ്ച് സുന്ദരികളും'ഹാജർ. മദപ്പാടും ദേഹാസ്വാസ്ഥ്യവും മൂലം കൊമ്പന്മാരിൽ ചിലർക്ക് ഞായറാഴ്ച ചികിത്സ തുടങ്ങാനായില്ലെങ്കിലും എല്ലാ പിടിയാനകൾക്കും ചികിത്സ തുടങ്ങി. അഞ്ച് പിടിയാനകളാണ് ആനത്താവളത്തിലുള്ളത്. ആകെയുള്ള 49 ആനകളിൽ 42 എണ്ണം കൊമ്പന്മാരാണ്. രണ്ടെണ്ണം കൊമ്പില്ലാത്ത മോഴയാനകളും. നന്ദിനി, താര, ലക്ഷ്മികൃഷ്ണ, ദേവി, രശ്മി എന്നിവയാണ് പിടിയാനകൾ. ഇവ അഞ്ചും സുഖചികിത്സയുടെ ഉദ്ഘാടനത്തിന് അണിനിരന്നിരുന്നു. 'ബുള്ളറ്റ് റാണി'എന്ന ഇരട്ടപ്പേരുള്ള ലക്ഷ്മി കൃഷ്ണയുടെ വായിൽ എം.പിയും എം.എൽ.എയും അടക്കമുള്ളവർ ചോറുരുള നൽകുകയും ചെയ്തു. ബുള്ളറ്റ് മോട്ടോർ സൈക്കിളി​െൻറ ശബ്ദം കേട്ടാൽ വിരണ്ടോടുന്ന പ്രകൃതമുള്ളതിനാലാണ് ബുള്ളറ്റ് റാണിയെന്ന പേര് വീണത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.