ഇക്കുറി വ്യത്യസ്​തനാം മൺസൂൺ; ശരാശരി പെയ്​തിറങ്ങി

തൃശൂർ: സംസ്ഥാനത്തിന് പിന്നാലെ ദേശീയതലത്തിൽ മൺസൂൺ നേരത്തെ എത്തിയ വർഷം; ഒപ്പം ജൂണിൽ കേരളത്തിൽ വർഷങ്ങൾക്കിപ്പുറം ശരാശരി മഴ ലഭിച്ചതും ഇക്കുറിയാണ്. കാലാവസ്ഥ വ്യതിയാന നാളുകളിൽ സ്ഥിരതയുള്ള പ്രകടനമാണ് 2018ൽ കാലവർഷം പ്രകടിപ്പിക്കുന്നത്. പ്രവചനത്തിനപ്പുറം ദേശീയതലത്തിൽ 16 ദിവസങ്ങൾക്ക് മുമ്പ് കാലവർഷം എത്തിയ അപൂർവ്വ വർഷമാണിത്. രാജ്യത്തി​െൻറ വടക്കു-പടിഞ്ഞാറൻ ഭാഗമായ രാജസ്ഥാനിലെ ഗംഗാനഗറിലാണ് അവസാനം മൺസൂൺ പെയ്തൊഴിയുന്നത്. സാധാരണ ജൂലൈ 15ന് ഗംഗാനഗറിൽ എത്തേണ്ട മൺസൂൺ ഇക്കുറി ജൂൺ 29ന് തന്നെ ലക്ഷ്യസ്ഥാനത്തെത്തി. ഇതുവരെ 163.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 155.3 മഴയാണ് രാജ്യത്താകമാനം ലഭിച്ചിരിക്കുന്നത്. ശരാശരി മഴ. ജൂണിൽ മഴ കുറയുന്നുെവന്ന ദീർഘകാല പ്രവണതയെ തിരുത്തി 15 ശതമാനം കൂടുതൽ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. എന്നാലിത് ശരാശരി മഴയാണ്. അധിക മഴക്ക് 19 ശതമാനത്തിൽ കൂടുതൽ ലഭിക്കണം. 650 മി.മീ ലഭിക്കേണ്ടിടത്ത് 751.2 മി.മീ ആണ് കൂടുതലായി ലഭിച്ചത്. രണ്ടായിരം പിറന്നതിന് ശേഷം ജൂണിൽ കൂടുതൽ മഴ ലഭിച്ചത് മൂന്നു വർഷങ്ങളിൽ മാത്രമാണ്. 2011ന് സമാനമാണ് ഇക്കുറി ജൂണിൽ ലഭിച്ച മഴ. 14 ശതമാനമാണ് 2014 ജൂണിൽ അധികം ലഭിച്ചത്. അതിമഴ ലഭിച്ച 2013ൽ ജൂണിൽ 53 ശതമാനം കൂടുതൽ ലഭിച്ചിരുന്നു. 2007ൽ രണ്ടര ശതമാനവും ലഭിച്ചിരുന്നു. ബാക്കി സമീപവർഷങ്ങളിലൊന്നും ശരാശരിയുടെ അടുത്തുപോലും മഴ ലഭിച്ചിട്ടില്ല. 1981 ജൂണിൽ ലഭിച്ച 64 ശതമാനം പതിറ്റാണ്ടുകൾക്ക് അപ്പുറം ഏറെ കൂടുതലുള്ളത്. 91 ജൂണിൽ 57 ശതമാനം കൂടുതൽ ലഭിച്ചപ്പോൾ 92ൽ 18 ശതമാനമാണ് അധികം ലഭിച്ചത്. ഏറെ നാശനഷ്ടങ്ങൾ ഉണ്ടാക്കിയെങ്കിലും അഞ്ചു ജില്ലകളിൽ അധിക മഴ ലഭിച്ചിട്ടുമുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ പിശുക്കിയ പാലക്കാടിന് ഇക്കുറി കനിഞ്ഞനുഗ്രഹിച്ചു. 46.5 ശതമാനം അധികം ലഭിച്ചു. സമീപ ജില്ലയായ മലപ്പുറത്തിനാണ് രണ്ടാം സ്ഥാനം (30.3) ശതമാനം. ഉരുൾപൊട്ടൽ അടക്കം ഭീതിപരത്തിയ കോഴിക്കോട് ജില്ലയിൽ 21 ശതമാനമാണ് അധികം കിട്ടിയത്. കോട്ടയം (25), ഇടുക്കി (24), എറണാകുളം (20) ജില്ലകളിലും അധിക മഴ ലഭിച്ചു. കുറവുമഴയിൽ മുമ്പിലുള്ളത് തൃശൂരാണ് (12). ആലപ്പുഴ (അഞ്ച്), കാസർകോട് (മൂന്ന്) എന്നീ ജില്ലകളിലും ശരാശരി കുറവാണ്. കണ്ണൂർ(17), വയനാട് (17), പത്തനംതിട്ട (എട്ട്), തിരുവനന്തപുരം (അഞ്ച്), കൊല്ലം (മൂന്ന്) എന്നീ ജില്ലകളിൽ ശരാശരി മഴയും ലഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.