ധനലക്ഷ്മി ബാങ്കിൽ ആദ്യ വനിത എം.ഡി ഇന്ന് ചുമതലയേൽക്കും

തൃശൂർ: ധനലക്ഷ്മി ബാങ്കിൽ മാനേജിങ് ഡയറക്ടറായി തമിഴ്നാട് സ്വദേശിയായ ടി. ലത തിങ്കളാഴ്ച ചുമതലയേൽക്കും. ബാങ്കി​െൻറ ആദ്യ വനിത എം.ഡി- സി.ഇ.ഒ ആണ് ലത. പഞ്ചാബ് നാഷനൽ ബാങ്കിൽ ജനറൽ മാനേജരായിരുന്ന ലത ശനിയാഴ്ചയാണ് വിരമിച്ചത്. മൂന്നര പതിറ്റാണ്ട് ബാങ്കിങ് മേഖലയിൽ അനുഭവ സമ്പത്തുണ്ട്. കേരളത്തിലെ ഒരു ബാങ്കിൽ എം.ഡിയാവുന്ന ആദ്യ വനിതയാണ് ലത. പഴയ തലമുറ സ്വകാര്യ ബാങ്കി​െൻറ പുതിയ എം.ഡിയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണ്. ബാങ്കി​െൻറ തൊഴിൽ അന്തരീക്ഷത്തിലും ബിസിനസിലും വലിയ ആഘാതം നേരിട്ട മൂന്നു വർഷത്തെ സേവന കാലാവധി കഴിഞ്ഞാണ് നിലവിലെ എം.ഡി, തിരുവനന്തപുരം സ്വദേശിയായ ജി. ശ്രീറാം തിങ്കളാഴ്ച സ്ഥാനമൊഴിയുന്നത്. ഈ മൂന്നു വർഷവും ബാങ്കി​െൻറ ബിസിനസ് താഴേക്കായിരുന്നു. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ഫെഡറൽ, സൗത്ത് ഇന്ത്യൻ ബാങ്കുകൾ ബിസിനസിൽ വലിയ കുതിപ്പ് നേടിയപ്പോഴാണ് ധനലക്ഷ്മി തുടർച്ചയായി പിറകോട്ടടിച്ചത്. ശ്രീറാം ചുമതലയേറ്റതിനു പിന്നാലെയാണ് ബാങ്കിലെ തട്ടിപ്പ് വിസിൽ ബ്ലോവർ ചെയ്ത ഓഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.വി. മോഹനനെ കാരണം കാണിക്കാതെയും വിശദീകരണം തേടാതെയും പിരിച്ചുവിട്ടത്. മികച്ച സേവനത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ച മോഹനൻ, ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാങ്കിനെതിരെ ഫയൽ ചെയ്ത ഹരജി കോടതിയുടെ പരിഗണനയിലാണ്. ഇക്കാലയളവിലാണ് ബാങ്കി​െൻറ സ്വതന്ത്ര ഡയറക്ടർമാരായിരുന്ന മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറും മാനേജ്മ​െൻറ് വിദഗ്ധൻ ജി. വി ജയരാഘവനും രാജിവെച്ചത്. ജയകുമാർ ഡയറക്ടർമാർക്ക് എഴുതിയ രാജിക്കത്തിൽ എം.ഡി ജി. ശ്രീറാമിനെയും ചീഫ് ജനറൽ മാനേജർ പി. മണികണ്ഠനെയും പേരെടുത്ത് വിമർശിച്ചിരുന്നു. എച്ച്.ആർ. വിഭാഗം ജനറൽ മാനേജരായിരുന്ന ആൻറണി രാജനെ കരാർ അവസാനിപ്പിച്ച് പിരിച്ചു വിട്ടതും വിവാദമായി. കഴിഞ്ഞ ഏപ്രിൽ ആദ്യം ശ്രീറാമി​െൻറ കാലാവധി അവസാനിച്ചിരുന്നു. എം.ഡി സ്ഥാനത്തേക്ക് ബാങ്ക് മറ്റു ചില പേരുകൾ റിസർവ് ബാങ്കിന് സമർപ്പിച്ച് കാത്തിരിക്കുമ്പോഴാണ് ഡയറക്ടർ ബോർഡിനെ ഞെട്ടിച്ച് ശ്രീറാമിനെ തുടരാൻ അനുവദിച്ചത്. മോഹന​െൻറ പിരിച്ചുവിടൽ ഉൾപ്പെടെ ചില കാര്യങ്ങളിൽ പിഴവു പറ്റിയെന്ന് ശ്രീറാം ചില സ്വകാര്യ വൃത്തങ്ങളിൽ സമ്മതിച്ചതായി പറയപ്പെടുന്നുണ്ടെങ്കിലും തിരുത്താതെയാണ് പടിയിറങ്ങുന്നത്. റിസർവ് ബാങ്കി​െൻറ തിരുത്തൽ നടപടി നേരിടുന്ന ബാങ്കുകൂടിയാണ് ധനലക്ഷ്മി. കെ. പരമേശ്വരൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.