സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം തടയാൻ ലഹരി മാഫിയയുടെ വേരറുക്കണം -എക്​സൈസ്​ മന്ത്രി

തൃശൂർ: ലഹരി വസ്തുക്കളുടെ ഉപയോഗം കൂടുന്നത് സാമൂഹിക പ്രശ്‌നമായി മാറുകയാെണന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. തൃശൂര്‍ എക്‌സൈസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 131 സിവില്‍ എക്‌സൈസ് ഓഫിസര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് കുറ്റവാളികളുടെ എണ്ണം കൂടാൻ ഇടയാക്കുന്നുണ്ട്. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം തടയാൻ ലഹരി മാഫിയയുടെ വേരറുക്കണം. ഗുണ്ട-ബ്ലേഡ്, പെണ്‍വാണിഭ സംഘങ്ങള്‍ ലഹരി മാഫിയയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇവരെ തടയുന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ലഹരി മാഫിയക്കെതിരെ കര്‍ശന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രണ്ട് വര്‍ഷത്തിനിടെ 11,000ൽ അധികം മയക്ക് മരുന്ന് കേസുകള്‍ രജിസ്റ്റർ ചെയ്തു. 42,000ലധികം അബ്കാരി കേസുകളും ഒന്നര ലക്ഷത്തിലേറെ കോപ്ട കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അതീവ ജാഗ്രത വേണമെന്നതാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എക്സൈസ് വകുപ്പിൽ അഴിമതിയും കൃത്യവിലോപവും െവച്ചുപൊറുപ്പിക്കില്ല. അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. എക്‌സൈസ് വകുപ്പ് ശക്തിപ്പെടുത്താനുള്ള നടപടി പുരോഗമിക്കുകയാണ്. പുതിയ താലൂക്കുകളില്‍ ആറിടത്ത് സര്‍ക്കിള്‍ ഓഫിസുകള്‍ അനുവദിച്ചു. 138 വനിത സിവില്‍ ഓഫിസര്‍മാരുടെ പുതിയ തസ്തിക സൃഷ്ടിച്ചു. കൂടുതല്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കി എക്‌സൈസ് സേനയുടെ അംഗബലം വര്‍ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. എക്‌സൈസ് കമീഷണര്‍ ഋഷി രാജ്‌സിങ്, അഡീഷനല്‍ എക്‌സൈസ് കമീഷണര്‍ പി. വിജയന്‍, എക്‌സൈസ് അക്കാദമി പ്രിന്‍സിപ്പല്‍ കെ. മോഹനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിരമിക്കുന്ന അക്കാദമി പ്രിന്‍സിപ്പല്‍ കെ. മോഹനനെ മന്ത്രി ആദരിച്ചു. പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എം. മനു, എന്‍. ബിജു, വി. അന്‍സാര്‍, പി.ഐ. പത്മഗിരീശന്‍, കെ.വി. ഷൈജു, സി. പ്രദീപ് എന്നിവര്‍ക്കും മന്ത്രി ഉപഹാരങ്ങള്‍ നല്‍കി. വിമുക്തി പദ്ധതിയുടെ ഭാഗമായി ആഗസ്റ്റ് 12ന് കൊച്ചിയില്‍ നടക്കുന്ന മണ്‍സൂണ്‍ മാരത്തണ്‍ പരിപാടിയുടെ പ്രചാരണ വാഹനത്തി​െൻറ ഫ്ലാഗ് ഓഫും മന്ത്രി നിര്‍വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.