തൃശൂർ: അയ്യന്തോളിലെ പുതിയ കോടതി കെട്ടിടത്തിലെ ലിഫ്റ്റിൽ ഹൈകോടതി ജസ്റ്റിസ് ഉള്‍പ്പെടെ നാല് ജഡ്ജിമാർ കുടുങ്ങി. അരമണിക്കൂർ ലിഫ്റ്റിൽ കുടുങ്ങിയ ഇവരെ തൃശൂരിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. ഹൈകോടതിയിൽ തൃശൂർ ജില്ലയുടെ ചുമതലയുള്ള ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാർ, ജില്ല ജഡ്ജി എ. ബദറുദ്ദീൻ, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വി.ബി. സുജയമ്മ, എം.എ.സി.ടി ജഡ്ജി ആഷ് കെ. ബാൽ എന്നിവരാണ് ലിഫ്റ്റിൽ കുടുങ്ങിയത്. കേസുകളുടെ വിചാരണ പുരോഗതി, കേസുകൾ തീർപ്പാക്കൽ, അദാലത്ത് തുടങ്ങിയവ ഹൈകോടതി ജഡ്ജിയുടെ സാന്നിധ്യത്തിൽ അവലോകനം നടത്താറുണ്ട്. ജില്ല ജഡ്ജിയുടെ ചേംബറിലാണ് യോഗം ചേരുക. ജസ്റ്റിസ് വരുന്നതിനാൽ ജില്ല ജഡ്ജിയുടെ നേതൃത്വത്തിൽ ജഡ്ജിമാരും കോടതി ജീവനക്കാരും നേരത്തേ ലിഫ്റ്റ് തുറന്നുവെച്ച് കാത്ത് നിന്നിരുന്നു. ഇവർ കയറി ലിഫ്റ്റ് മുകളിലേക്ക് പോകവെ ഇടക്ക് വെച്ചു പ്രവർത്തനം നിലച്ചു. ഏറനേരം തുറന്നുവെച്ച ലിഫ്റ്റിെൻറ സെൻസർ തകരാറിലായതാണ് കാരണമെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനിടെ കോടതി ജീവനക്കാർ തന്നെ കമ്പിപ്പാര ഉപയോഗിച്ച് ലിഫ്റ്റ് തുറക്കാൻ ശ്രമിച്ചത് കാര്യങ്ങൾ കൂടുതൽ പ്രശ്നമാക്കി. ഇത് അഗ്നിരക്ഷാസേനയുടെ പ്രവർത്തനവും ദുഷ്ക്കരമാക്കി. അസി.കമീഷണർ വി.കെ. രാജുവിെൻറ നേതൃത്വത്തിൽ പൊലീസും സ്ഥലത്തുണ്ടായിരുന്നു. അഗ്നിശമന സേന സ്‌പെഷല്‍ ഓഫിസര്‍ എ.എല്‍. ലാസര്‍, അസി. സ്റ്റേഷന്‍ ഓഫിസര്‍ ബല്‍റാം ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.