നെൽ കർഷകർക്ക്​ കുടിശ്ശിക 10.45 കോടി; ഉടൻ നൽകണമെന്ന്​ എം.പി

തൃശൂർ: നെല്ല് സംഭരിച്ച വകയില്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് കിട്ടാനുള്ള 10.45 കോടി രൂപ ഉടന്‍ ലഭ്യമാക്കാൻ നടപടി വേണമെന്ന് പി.കെ. ബിജു എം.പി ജില്ല വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ തരണം ചെയ്ത കര്‍ഷകര്‍ക്ക് യഥാസമയം സംഭരണ വില നല്‍കേണ്ടത് അനിവാര്യമാണെന്ന് എം.പി പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. മഴക്കാല പകര്‍ച്ചവ്യാധി വ്യാപകമായ സാഹചര്യത്തില്‍ ജില്ലയിലെ പട്ടികജാതി-വര്‍ഗ കോളനികളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചും പനി ക്ലിനിക്ക് ആരംഭിച്ചും ബോധവത്ക്കരണം നടത്തണം. ജില്ലയിലെ പട്ടയ വിതരണം കാര്യക്ഷമമാക്കാൻ നടപടി വേണം. ജില്ലയിലെ താലൂക്ക് ഓഫിസുകളില്‍ ഇപ്പോഴും പട്ടയത്തിന് അപേക്ഷ കെട്ടിക്കിടക്കുകയാണ്. പട്ടയം ലഭിക്കാത്തതി​െൻറ പേരില്‍ പല സര്‍ക്കാര്‍ ആനുകൂല്യങ്ങളും സാധാരണക്കാര്‍ക്ക് ലഭിക്കുന്നിെല്ലന്ന് എം.പി ചൂണ്ടിക്കാട്ടി. പഴയന്നൂര്‍ വെജിറ്റബിള്‍ സോണ്‍ പരിധി പ്രദേശത്ത് വരുന്ന പച്ചക്കറി കര്‍ഷകര്‍ക്ക് കൃഷി അഭിവൃദ്ധിപ്പെടുത്തി ഉൽപാദനം വര്‍ധിപ്പിക്കാൻ സാമ്പത്തിക സഹായം ഉറപ്പുവരുത്താനും മുള്ളൂര്‍ക്കര, വരവൂര്‍ കൃഷിഭവന്‍ പരിധിയിലെ പൈതൃക ഇനമായ ചെങ്ങാലിക്കോടന്‍ വാഴ കൃഷി ചെയ്യുന്നവർക്ക് സാങ്കേതിക, സാമ്പത്തിക സഹായം ലഭ്യമാക്കാനും ജില്ല കൃഷി ഓഫിസറോട് യു.ആര്‍. പ്രദീപ് എം.എല്‍.എ ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തി​െൻറ ഭാഗമായി സ്‌കൂളുകളുടെ നിലാവരം ഉയര്‍ത്താന്‍ എം.എല്‍.എ, എം.പി ഫണ്ടുകള്‍ യഥാസമയം വിനിയോഗിക്കാന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും വിദ്യാലയ പരിസരത്ത് സജീവമാകുന്ന ലഹരി വസ്തുക്കളുടെ വിൽപന തടയണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ഗ്രീന്‍ പ്രോട്ടോകോള്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ഉടന്‍ നടപ്പാക്കണം. ആര്‍ദ്രം പദ്ധതി പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. ജില്ലയില്‍ സമ്പൂര്‍ണ കുടിവെള്ള പദ്ധതി യഥാസമയം നടപ്പാക്കണമെന്നും നിര്‍മാണത്തിലുള്ള പൊതുമരാമത്ത് വിഭാഗം റോഡുകളുടെ പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. മലയോര പ്രദേശത്തെ ഹൈവേകളുടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന ആവശ്യവും ഉയർന്നു. ഗുരുവായൂര്‍-ചാവക്കാട് ഭാഗത്ത് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സ്റ്റേ ഓര്‍ഡര്‍ മാറ്റാന്‍ പ്രത്യേക അനുമതി വാങ്ങാന്‍ പൊതുമരാമത്ത് റോഡ്‌സ് വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കി. ജില്ലയില്‍ 'വിമുക്തി' പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും ധാരണയായി. സി.എന്‍. ജയദേവന്‍ എം.പി, എം.എല്‍.എമാരായ ബി.ഡി. ദേവസി, കെ.വി. അബ്ദുൽ ഖാദര്‍, ഇ.ടി. ടൈസണ്‍, പ്രഫ. കെ.യു. അരുണന്‍, കലക്ടര്‍ ടി.വി. അനുപമ, എ.ഡി.എം സി. ലതിക, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഡോ. എം. സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.