കമ്യൂണിസ്​റ്റ്​ പാർട്ടികളും സ്ത്രീകളെ അംഗീകരിക്കുന്നില്ല -എം. ലീലാവതി

തൃശൂർ: സ്ത്രീകളെ അംഗീകരിക്കാൻ രാഷ്ട്രീയക്കാർക്ക് താൽപര്യമില്ലെന്ന് ഡോ. എം. ലീലാവതി. സ്ത്രീകളുടെ സ്വാതന്ത്ര്യം ഉദ്ഘോഷിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികൾ പോലും ഇക്കാര്യത്തിൽ വ്യത്യസ്തരെല്ലന്നും അവർ പറഞ്ഞു. കേരള സാഹിത്യ അക്കാദമി 'സ്ത്രീ, സമൂഹം, സാഹിത്യം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശിൽപശാലയും എഴുത്തുകാരികളുടെ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ലീലാവതി. സി.പി.എം പോളിറ്റ് ബ്യൂറോയിൽ സ്ത്രീ പ്രാതിനിധ്യം അഞ്ച് ശതമാനം പോലുമില്ല. സ്വന്തം പാർട്ടിയിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകാൻ ബില്ലി‍​െൻറ ആവശ്യമില്ല, ഇച്ഛാശക്തി മതി. സ്ത്രീകൾ ഇപ്പോഴും പൂച്ചകളെ പോലെ വിധേയരാവുന്നതുകൊണ്ടാണ് അവഗണിക്കാൻ കഴിയുന്നത്. നായകൾ കുരക്കുകയെങ്കിലും ചെയ്യും. എന്നാൽ പൂച്ചകൾ അതിന്പോലും തയാറല്ല -അവർ അഭിപ്രായപ്പെട്ടു. എൻ. സതീദേവി അധ്യക്ഷത വഹിച്ചു. ടി.എൻ. സീമ ആമുഖ പ്രഭാഷണവും സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ് ഡോ. ഖദീജ മുംതാസ് മുഖ്യ പ്രഭാഷണവും നടത്തി. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, പ്രഫ. ലളിത ലെനിൻ, കെ.പി. സുധീര, വിജയരാജ മല്ലിക, സൂസൻ കോടി എന്നിവർ സംബന്ധിച്ചു. 'വനിത പ്രസിദ്ധീകരണങ്ങളുടെ സമകാലിക ദൗത്യം' എന്ന സെമിനാറിൽ ഡോ. ടി. ആനന്ദി മോഡറേറ്ററായി. എൻ. സുകന്യ, ടി. ദേവി, പ്രഫ. ടി. ഉഷാകുമാരി, എ. കൃഷ്ണകുമാരി, കെ.ആർ. വിജയ എന്നിവർ സംസാരിച്ചു. 'സ്ത്രീ, സ്വാതന്ത്ര്യം, സർഗാവിഷ്ക്കാരം' സംവാദത്തിൽ ഡോ. മ്യൂസ് മേരി ജോർജ് വിഷയം അവതരിപ്പിച്ചു. സർഗാത്മകത തന്ത്രപരമായി ആവിഷ്ക്കരിക്കുന്ന മാധവിക്കുട്ടിയും പറയാനുള്ള കാര്യങ്ങൾ ഫാൻറസിയിൽ അവതരിപ്പിക്കുന്ന സാറാ ജോസഫും വേറിട്ട രീതി സ്വീകരിച്ചതുകൊണ്ടാണ് സ്വീകാര്യത ലഭിച്ചതെന്നും അവർ പറഞ്ഞു. സ്ത്രീ സ്വാതന്ത്ര്യം എന്നാൽ ലിംഗവ്യത്യാസത്തി‍​െൻറ പ്രശ്നമല്ലെന്നും പൗരാവകാശത്തി‍​െൻറ പ്രശ്നമാണെന്നും കവിത ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. പുറത്ത് സംഘ്പരിവാറിനെ എതിർക്കുമ്പോഴും അകത്തുള്ള സംഘപരിവാരമെന്ന കുടുംബത്തെ എതിർക്കാൻ നാം തയാറല്ലെന്ന് ബിലു പത്മിനി നാരായണൻ പറഞ്ഞു. ചൂഷണമാണ് മനുഷ്യ​െൻറ ആത്യന്തികമായ സാംസ്ക്കാരിക നിലപാടെന്ന് എച്ച്മുക്കുട്ടി പറഞ്ഞു. അക്കാദമിക രംഗം അടക്കമുള്ള ഏതു വ്യവഹാരത്തിലായാലും സ്ത്രീ എന്നാൽ ശരീരമായി മാത്രം കാണുന്ന പ്രവണതയാണ് നിലനിൽക്കുന്നതെന്നായിരുന്നു ഡോ. കലമോളുടെ അഭിപ്രായം. ലിസി, ഡോ. ഇ. സന്ധ്യ, വിജില ചിറപ്പാട്, ജാനമ്മ കുഞ്ഞുണ്ണി, ഡോ.എൻ. ദിവ്യ, ജിഷ അഭിനയ എന്നിവരും സംവാദത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.