തൃശൂർ: മാലിന്യ സംസ്കരണത്തിൽ ഗുജറാത്ത് മോഡൽ പദ്ധതി നടപ്പാക്കാൻ തൃശൂർ കോർപറേഷൻ ഒരുങ്ങുന്നു. മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് ഗുജറാത്തിലെ സൂറത്ത് മാലിന്യ സംസ്കരണ പ്ലാൻറിെൻറ മാതൃകയിൽ തൃശൂരിലും സ്ഥാപിക്കാനാണ് ആലോചന. സൂറത്ത് ആസ്ഥാനമായുള്ള മഹാവീർ എക്കോ പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടേതാണ് പ്ലാൻറ്. സൂറത്തിലെ പ്ലാൻറിൽ മാലിന്യം സിന്തറ്റിക് വാതകമാക്കി അതിൽ നിന്ന് നീരാവിയും വൈദ്യുതിയും ഉൽപാദിപ്പിക്കുന്നുണ്ട്. തൃശൂരിൽ മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാനാണ് പദ്ധതി. കുറഞ്ഞ സ്ഥല സൗകര്യം മതിയാകും. മാലിന്യ സംസ്കരണ പദ്ധതിയിൽ താൽപര്യപത്രം ക്ഷണിച്ചിരുന്നതിൽ നാല് കമ്പനികളാണ് കോർപറേഷനുമായുള്ള ചർച്ചയിൽ പങ്കെടുത്തത്. ഇതിൽ പ്രയോജനകരവും ചെലവ് കുറഞ്ഞതുമായി കണ്ടെത്തിയത് മഹാവീർ എക്കോ പ്രോജക്ടിെൻറ പദ്ധതിയാണ്. ഇവരുടെ ക്ഷണമനുസരിച്ച് സൂറത്തിലെ പ്ലാൻറ് കോർപറേഷൻ ഡെപ്യൂട്ടി മേയർ ബീന മുരളി, മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി എന്നിവരുടെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘവും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സന്ദർശിച്ചു. ലാലൂരിലേക്കുള്ള മാലിന്യ നീക്കം അവസാനിപ്പിച്ചതോടെ ഗുരുതരമായ നഗരത്തിലെ മാലിന്യ പ്രശ്നം ഇപ്പോഴും ഭരണസമിതികളുടെ തലവേദനയാണ്. ഇടത് ഭരണസമിതിയുടെ പ്രകടനപത്രികയിൽ മാലിന്യ സംസ്കരണത്തിന് ആധുനിക പദ്ധതിയൊരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വിവിധ മേഖലകളിലുള്ളവരുമായി പദ്ധതികൾ ചർച്ച ചെയ്തിരുന്നുവെങ്കിലും വൻ മുതൽ മുടക്കും സ്ഥലസൗകര്യവും വേണമെന്നതായിരുന്നു തടസ്സങ്ങളായിരുന്നത്. ഇതിനിടയിലാണ് സൂറത്ത് കമ്പനിയുടെ പദ്ധതിയെത്തുന്നത്. 10 കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന െചലവ്. പ്രതിവർഷം മാലിന്യ നീക്കത്തിന് ചെലവഴിക്കുന്നത് തുക ഏകദേശം ഇത്രയും വരും. മാലിന്യ സംസ്കരണത്തിനൊപ്പം വൈദ്യുതി ഉൽപാദനത്തിലൂടെ അധിക വരുമാനം കോർപറേഷന് ലഭിക്കും. വൈദ്യുതിയാക്കി മാറ്റിയതിന് ശേഷം അവശേഷിക്കുന്നത് നേരിയ മൺതരിയാണ്. ഇത് നിലം നികത്താനോ, ഇഷ്ടികക്കോ മറ്റ് ആവശ്യങ്ങൾക്കായും ഉപയോഗിക്കാമത്രെ. കമ്പനി സ്വകാര്യ മേഖലയിലേതായതിനാൽ ഇതിെൻറ സർക്കാർ അനുമതിയും സാങ്കേതികാനുമതിയുൾപ്പെടെയുള്ളവ ലഭിക്കേണ്ടതുണ്ട്. എങ്കിലേ പദ്ധതി നടപ്പാക്കാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.