തൃശൂർ: ചൊവ്വാഴ്ച രാവിലെ 11. കലക്ടറേറ്റ് കെട്ടിടത്തിൽനിന്ന് ഉയർന്ന് പൊങ്ങുന്ന പുകച്ചുരുളുകൾ. കണ്ടവർ വേഗം പൊലീസിനെയും കലക്ടറേറ്റിലെ സുരക്ഷ ജീവനക്കാരനെയും അറിയിച്ചു. വാർത്ത കാട്ടുതീ പോലെ പടർന്നു. കലക്ടറേറ്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോടതികളിലും ഓഫിസുകളിലുമുള്ള ജീവനക്കാരും വിവിധ ആവശ്യങ്ങൾക്ക് എത്തിയവരും ഭയന്ന് പുറത്തേക്കോടി. ഇതിനിെട, കെട്ടിടത്തിന് മുകളിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടെന്ന് ചിലർ പറഞ്ഞു. നിമിഷങ്ങൾക്കകം അലാറം മുഴക്കി അഗ്നിശമനസേനയുടെ വാഹനങ്ങളെത്തി. സെക്കൻഡുകൾ പാഴാക്കാതെ രക്ഷാപ്രവർത്തനം. എല്ലാം തീർന്നപ്പോൾ ഫയർ ഓഫിസർ അറിയിച്ചു, ഇത് ഞങ്ങളുടെ മോക്ഡ്രിൽ ആയിരുന്നു. സർക്കാർ നിർദേശപ്രകാരമുള്ള മോക്ഡ്രില്ലിെൻറ ഭാഗമായാണ് അഗ്നിശമന സേനയുടെ കലക്ടറേറ്റ് ഒാപറേഷൻ. അതീവ രഹസ്യമായിട്ടായിരുന്നു നീക്കങ്ങൾ. ഓഫിസുകളുടെ പ്രവർത്തനം തുടങ്ങിയതിന് പിന്നാലെയാണ് കലക്ടറേറ്റ് കെട്ടിടത്തിന് തീപിടിെച്ചന്നെ വാർത്ത പരന്നത്. റോഡിലൂടെ കടന്ന് പോയവർ വിവരം കേട്ട് കലക്ടറേറ്റ് വളപ്പിലേക്ക് കയറി. വെസ്റ്റ് പൊലീസും സുരക്ഷ ജീവനക്കാരും ആളുകളെ നിയന്ത്രിക്കാൻ പാടുപെട്ടു. സൈറൺ മുഴക്കി ചീറിപ്പാഞ്ഞ് അഗ്നിശമനസേനയുടെ വാഹനങ്ങളും മറ്റ് വാഹനങ്ങളും ജനറൽ ആശുപത്രിയിൽ നിന്നുള്ള ആംബുലൻസും മെഡിക്കൽ സംഘവും എത്തിയപ്പോൾ എല്ലാവരും അത്യാഹിതം കേൾക്കാൻ വലിഞ്ഞു മുറുകിയ മുഖവുമായി നിന്നു. രക്ഷാപ്രവർത്തനത്തിന് സഹായിക്കാൻ പൊലീസും കലക്ടറേറ്റിലെ സുരക്ഷ ജീവനക്കാരും ചേർന്നു. ഒരു സംഘം തീ അണയ്ക്കാനുള്ള ശ്രമത്തിലേക്ക് കടന്നപ്പോൾ, മറ്റൊരു സംഘം മുകളിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കാനുള്ള ശ്രമത്തിലുമായി. ആദ്യ നിലയിൽ നിന്നുള്ളയാളെ സേനാംഗം തോളിലെടുത്ത് ഗോവണിയിലൂടെ താഴേക്കെത്തിച്ച് ആംബുലൻസിൽ ആശുപത്രിയിലേക്ക് വിട്ടു. മുകളിൽ കുടുങ്ങിയവരെ കയറിൽ കെട്ടി താഴേക്കെത്തിച്ചു. നിമിഷങ്ങൾക്കകം രക്ഷപ്രവർത്തനം പൂർത്തിയാക്കിയതോടെ കൂടി നിന്നവർക്ക് ആശ്വാസമായി. ഇതിനൊടുവിലാണ് ഫയർ ഓഫിസർ ലാസർ സംഭവം മോക്ഡ്രിൽ ആയിരുെന്നന്ന് മൈക്കിലൂടെ വിളിച്ചറിയിച്ചത്. ശ്വാസമടക്കി കണ്ടു നിന്നവർ ജാള്യതയോടെ സ്ഥലം വിടാനൊരുങ്ങി. കെട്ടിടങ്ങൾക്ക് സുരക്ഷ സൗകര്യം ഒരുക്കേണ്ടതിനെക്കുറിച്ചും സേനയുടെ പ്രവർത്തനവും ലാസർ വിശദീകരിച്ചു. പൊലീസ്, ആരോഗ്യം, റവന്യു വകുപ്പുകളുടെ സഹകരണത്തോടെയായിരുന്നു മോക്ഡ്രിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.