തൃശൂർ: സെർച് കമ്മിറ്റി രൂപവത്കരണം മുതൽ വി.സി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുെട പാനൽ രൂപവത്കരണം വരെയുള്ള കാര്യങ്ങളിൽ യു.ജി.സി മാനദണ്ഡം ലംഘിക്കപ്പെട്ട സാഹചര്യത്തിൽ കലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസലർ നിയമന നടപടികൾ നിർത്തിവെക്കണമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ. ഇക്കാര്യം അദ്ദേഹം ബന്ധപ്പെട്ട സർക്കാർ കേന്ദ്രങ്ങളിലും ചാൻസലറായ ഗവർണറെയും അറിയിച്ചതായാണ് വിവരം. െസർച് കമ്മിറ്റി രൂപവത്കരണത്തിലും വി.സി പാനൽ തയാറാക്കുന്നതിലും രാഷ്ട്രീയ താൽപര്യം കടന്നു കൂടിയെന്ന ആക്ഷേപം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഡോ. രാജൻ ഗുരുക്കൾ ഇൗ ആവശ്യവുമായി രംഗത്തെത്തിയത്. ഫലത്തിൽ, സർക്കാറും സി.പി.എമ്മും സ്വീകരിച്ച നിലപാടിനോടുള്ള വിയോജിപ്പായി അദ്ദേഹത്തിെൻറ അഭിപ്രായ പ്രകടനം. കഴിഞ്ഞ സർക്കാറിെൻറ കാലാവധി പൂർത്തിയാവുന്നതിനു മുമ്പ് വി.സിയുടെ ചുമതല ഒഴിഞ്ഞ പി.എൻ. സുരേഷിന് ഇതുവരെ പകരക്കാരൻ എത്തിയിട്ടില്ല. സമീപ കാലത്താണ് സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജിന് ചുമതല നൽകിയത്. എന്നാൽ, അവരും കലാമണ്ഡലം ഭരണസമിതിയും തമ്മിൽ നല്ല ബന്ധമല്ല. സാംസ്കാരിക സെക്രട്ടറിയുടെ കസേരയിൽ യു.ഡി.എഫ്, എൽ.ഡി.എഫ് മന്ത്രിസഭകളുടെ കാലത്ത് തുടരുന്ന റാണി ജോർജ് അപൂർവമായി മാത്രമേ കലാമണ്ഡലം സന്ദർശിച്ചിട്ടുള്ളൂവെന്നും സ്ഥാപനത്തിന് കാര്യമായ പരിഗണന കൽപിച്ചിട്ടില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു. സ്ഥിരം വി.സിയെ നിയമിക്കാനുള്ള കടമ്പ ഒരുവിധം അവസാനിപ്പിച്ചാണ് സർക്കാർ സെർച് കമ്മിറ്റി രൂപവത്കരിച്ചത്. കലാമണ്ഡലം നിർവാഹക സമിതിയംഗവും സി.പി.എമ്മിെൻറ പോഷക സംഘടനയായ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂനിയൻ തൃശൂർ ജില്ല സെക്രട്ടറിയുമായ ടി.കെ. വാസു, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കാർത്തികേയൻ നായർ, സാംസ്കാരിക സെക്രട്ടറി റാണി ജോർജ് എന്നിവരാണ് സെർച് കമ്മിറ്റി അംഗങ്ങൾ. വി.സിയെ തെരഞ്ഞെടുക്കാൻ ഇത്തരമൊരു കമ്മിറ്റി േപാരെന്ന് ഡോ. രാജൻ ഗുരുക്കൾക്ക് അഭിപ്രായമുണ്ടത്രെ. ഇൗ സമിതി വി.സി സ്ഥാനത്തേക്ക് മൂന്ന് പേരുകൾ നിർദേശിച്ചിട്ടുണ്ട്. എം.ജി സർവകലാശാല സ്കൂൾ ഒാഫ് ലെറ്റേഴ്സ് ഡയറക്ടറായിരുന്ന ഡോ. പി.പി. രവീന്ദ്രൻ, കലിക്കറ്റ് സർവകലാശാല മുൻ രജിസ്ട്രാർ ഡോ. ടി.കെ. നാരായണൻ, പട്ടാമ്പി ഗവ. കോളജ് പ്രിൻസിപ്പലായി വിരമിച്ച ഡോ. എൻ.കെ. ഗീത എന്നിവരാണത്. ഇതിലും അർഹതയില്ലാത്തവർ കടന്നു കൂടിയെന്നും ഒരു മന്ത്രിയുടെ താൽപര്യപ്രകാരമാണ് ഒരാൾ ഇടം പിടിച്ചതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. കൽപിത സർവകലാശാലകൾക്ക് വി.സിയെ നിയമിക്കാൻ യു.ജി.സി മാനദണ്ഡം ബാധകമല്ലെന്ന് തോന്നുന്ന വിധത്തിലാണ് കലാമണ്ഡലത്തിെൻറ കാര്യത്തിൽ നടക്കുന്നതെന്നാണ് ഡോ. രാജൻ ഗുരുക്കൾ പറയുന്നത്. അത് തെറ്റാണെന്ന് അദ്ദേഹം ഒാർമിപ്പിക്കുന്നു. കലാമണ്ഡലം പോലൊരു സ്ഥാപനത്തിെൻറ സവിശേഷതയും യു.ജി.സി വ്യവസ്ഥകളും സെർച് കമ്മിറ്റി കണക്കിലെടുത്തിട്ടില്ല. ലോക ക്ലാസിക്കൽ തിയറ്റർ മേഖലയെക്കുറിച്ച് വ്യക്തമായ ഗ്രാഹ്യമുള്ള ആളാവണം കലാമണ്ഡലം വി.സിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലപാട് വ്യക്തമാക്കി രാജൻ ഗുരുക്കൾ പ്രസ്താവനയിറക്കി. യു.ജി.സി വ്യവസ്ഥയെക്കുറിച്ച് മാത്രം പ്രസ്താവനയിൽ ഒാർമിപ്പിക്കുന്ന അദ്ദേഹം, തെൻറ പ്രസ്താവനതന്നെ കാര്യങ്ങൾ സംസാരിക്കുന്നുണ്ടെന്ന് 'മാധ്യമ'ത്തോട് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ കൗൺസിലിെൻറ ൈവസ് ചെയർമാനെന്ന നിലക്ക് ഇത്തരം തെറ്റുകൾ ചൂണ്ടിക്കാട്ടാനുള്ള ഉത്തരവാദിത്തമാണ് നിർവഹിച്ചതെന്ന് ഡോ. രാജൻ ഗുരുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.